കുമ്മനം ക്രിസ്തുമത വിരുദ്ധന്‍, ഗവര്‍ണറായി വേണ്ട: എത്രയും വേഗം പുറത്താക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം

ഗുവാഹത്തി: മിസോറാമിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ട കുമ്മനം രാജശേഖരനെതിരെ വ്യാപക പ്രതിഷേധം. മിസോറാമിന് കുമ്മനത്തെ വേണ്ടെന്നും ഉടനെ പറഞ്ഞയക്കണമെന്നുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പീപ്പിള്‍സ് റെപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) പാര്‍ട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

കേരളത്തില്‍ മതേതരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് കുമ്മനമെന്നാണ് പ്രിസത്തിന്റെ ആരോപണം.

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ കുമ്മനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മിസോറാമിലെ 13 പ്രധാന ചര്‍ച്ചുകള്‍ ഉള്‍ക്കൊള്ളുന്ന എം.കെ.എച്ച്.സി എന്ന സംഘടനയ്ക്ക് പിന്തുണ ആവശ്യപ്പെട്ട് കത്തു നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ പ്രിസം. ഗവര്‍ണറെ എത്രയും വേഗം പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

1983 നിലയ്ക്കല്‍ ഹിന്ദു- ക്രിസ്ത്യന്‍ സംഘര്‍ഷ സമയത്ത് ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ കുമ്മനം ആയിരുന്നു. സംഘര്‍ഷത്തില്‍ കുമ്മനം നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു. അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറി ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയാണ്. 2003 ല്‍ മിഷണറി പ്രവര്‍ത്തനത്തിനെത്തിയ 50 പേരെ ആട്ടിയോടിക്കാന്‍ ശ്രമിച്ചുവെന്നും കത്തില്‍ പറയുന്നു.

2015 ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 200-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സുവിശേഷ പ്രസംഗം നടത്തിയതിന് ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണുകയും ചെയ്തു. ഇതെല്ലാം അദ്ദേഹത്തിന്റെ ക്രിസ്ത്യന്‍ വിരുദ്ധ- തീവ്ര ഹിന്ദുത്വ നിലപാട് വ്യക്തമാക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.