ന്യൂഡല്‍ഹി: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ അനിശ്ചിതകാല നിസ്സഹകരണ സമരത്തിലേക്ക്. പൈലറ്റുമാരുടെ സംഘടനയായ ഐസിപിഎ ആണ് സമരം പ്രഖ്യാപിച്ചത്.
ശമ്പളം കൃത്യമായി കിട്ടുന്നതു വരെ സമരം തുടരാനാണ് തീരുമാനം. ശമ്പളം ലഭിക്കാത്തതുമൂലം പൈലറ്റുമാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. ഇതു മാനസികമായും തളര്‍ത്തുന്നു. ഫ്‌ളൈറ്റിന്റെ സുരക്ഷയ്ക്കു തന്നെ ഇതു ഭീഷണിയാണെന്നും സംഘടന അവരുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കയച്ച കത്തില്‍ പറയുന്നു.
ജീവനക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ കമ്പനി യാതൊരു തരത്തിലും ഇടപെടുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി എയര്‍ ഇന്ത്യ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.











































