ന്യൂയോര്‍ക്ക്: നരേന്ദ്ര മോദിക്കുംകേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. മോദിക്കു കീഴില്‍ ന്യൂനപക്ഷങ്ങള്‍ ചവിട്ടിയരക്കപ്പെടുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബി.ബി.സിയുടെ ന്യൂസ് നൈറ്റില്‍ ‘ദ മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്’ എന്ന തന്റെ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ന്നെന്നും പരമോന്നത സംവിധാനങ്ങളെല്ലാം ബി.ജെ.പിയുടെ നിയന്ത്രണത്തിലാണെന്നും അവര്‍ ആരോപിച്ചു. ‘മോദിയുടെ ആരാധികയല്ലെന്ന് താങ്കള്‍ പുസ്തകത്തില്‍ പറയുന്നുണ്ടല്ലോ, നിങ്ങള്‍ ഭയപ്പെടുന്നതു പോലെ മോദി അത്ര മോശക്കാരനാണോ’ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു അരുന്ധതിയുടെ മറുപടി.
ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ ആട്ടിയോടിക്കപ്പെടുകയാണ്. ആളുകളെ തെരുവിലിട്ട് തല്ലിക്കൊല്ലുന്നു. മാംസ വില്‍പന, ലെതര്‍ ജോലി, ഹാന്‍ഡി ക്രാഫ്റ്റ് ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ആ ജോലി ചെയ്യാനാവുന്നില്ല. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന അതിക്രമങ്ങള്‍ അത്രമേല്‍ ഭയപ്പെടുത്തുന്നതാണ്- അവര്‍ ചൂണ്ടിക്കാട്ടി.
‘കശ്മീരില്‍ ചെറിയ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത നമ്മള്‍ കേട്ടതാണ്. എന്നാല്‍ അവിടെ പ്രതിക്ക് പിന്തുണയുമായി സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് മാര്‍ച്ച് നടത്തിയത്. ബലാത്സംഗത്തേക്കാളേറെ ഈ പിന്തുണയാണ് ഭീതിയുളവാക്കുന്നത്’- അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപ് മോദിയേക്കാള്‍ മെച്ചമാണെന്നും അവര്‍ സൂചിപ്പിച്ചു. ട്രംപ് ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു വ്യക്തിയാണ്. എന്നാല്‍ എല്ലാ ഇന്‍സ്റ്റിറ്റിയൂഷനുകളും അതില്‍ അസ്വസ്ഥരാണ്. മാധ്യമങ്ങളും ജുഡീഷ്യറിയും സൈന്യവുമെല്ലാം ആശങ്കയിലാണ്. ആളുകള്‍ അദ്ദേഹത്തെ സഹിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. എന്നാല്‍ ഇന്ത്യയിലെ അവസ്ഥ അതല്ല. ഇന്ത്യയിലെ പരമോന്നത സ്ഥാപനങ്ങളെല്ലാം ഇവര്‍ക്ക് കീഴിലാണ്. അരുന്ധതി പറഞ്ഞു.
ലോകത്തിലെ മികച്ച നേതാക്കളെ കുറിച്ച് ഇന്ത്യയില്‍ തയാറാക്കിയ പുസ്തകത്തിന് കവര്‍ ചിത്രമായി നല്‍കിയത് ഹിറ്റ്‌ലറുടെ ചിത്രമായിരുന്നു. ഇന്ത്യയില്‍ മുമ്പെങ്ങും നടന്നിട്ടില്ലാത്ത വിധം ചീഫ് ജസ്റ്റിസിന് കീഴിലുള്ള നാല് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിക്ക് മുമ്പില്‍ പത്രസമ്മേളനം നടത്തി. ജനാധിപത്യം അപകടത്തിലാണെന്നായിരുന്നു അവര്‍ പറയാനുണ്ടായത്. അസാധാരണമായ കാര്യങ്ങളാണ് നടക്കുന്നതെന്നും കോടതിയെ വരെ വിലക്കെടുത്തു കഴിഞ്ഞെന്നും അവര്‍ക്ക് പറയേണ്ടി വന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
 
            


























 
				
















