ജസ്‌നയുടെ തിരോധാനം: രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

ജസ്‌നയുടെ തിരോധാനം: നേതാക്കളുടെ പ്രസ്താവനക്കെതിരെ ഹൈക്കോടതി. രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണം.ആവശ്യമില്ലാത്ത അഭിപ്രായപ്രകടനം ഒഴിവാക്കണം .  പി.സി.ജോര്‍ജ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന ജസ്നയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. അതേസമയം ജസ്‌നയ്ക്കായി അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പി.സി.ജോര്‍ജ് ജസ്‌നയുടെ കുടുംബത്തിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. ജസ്‌നയുടെ പിതാവിന്റെ ദുര്‍നടപ്പുമായി തിരോധാനത്തിന് ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നുമാണ് ജോര്‍ജ് പറഞ്ഞത്. ഇതിനെതിരെയാണ് ജസ്‌നയുടെ പിതാവ് ഹര്‍ജി നല്‍കിയത്.

അതേസമയം ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിന് നുണപരിശോധന നടത്താന്‍ പൊലീസ് നീക്കം നടത്തുകയാണ്. സുഹൃത്തിന്റെ ഫോണിലേക്ക് ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ ജസ്ന വിളിച്ചിരുന്നതായി കണ്ടെത്തി. കേസില്‍ എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. ചോദ്യം ചെയ്യലില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ദുരൂഹസാഹചര്യത്തില്‍ മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചനയുണ്ട്. കാണാതായി മൂന്നാംദിവസം അയനാപുരത്ത് ജസ്നയെ കണ്ടതായി  പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. അയനാപുരം  വെള്ളല സ്ട്രീറ്റിലെ കടയിൽ നിന്നു ജസ്ന ഫോൺ ചെയ്തെന്ന് കടയുടമയും സമീപവാസിയായ മലയാളിയുമാണ് സാക്ഷ്യപ്പെടുത്തുന്നത്.

മാര്ച്ച് 26ന് കടയിലെത്തി വഴിചോദിച്ച് ഫോൺ ചെയ്യുകയായിരുന്നു പെൺകുട്ടിയെന്നാണ് സമീപവാസിയായി മലയാളി അലക്സി പറയുന്നത്. വൈകുന്നേരം 7.45നും 8നും ഇടയിലാണ് പെൺകുട്ടിയെ കണ്ടത്. ഞാനിവിടെ എത്തുമ്പോൾ ഫോൺ ചെയ്ത് റിസീവർ താഴെ വെക്കുകയായിരുന്നു. ശേഷം സാധനങ്ങൾ വാങ്ങി ഞാൻ തിരിച്ചുപോയി. കമ്മൽ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാൽ പെൺകുട്ടിയുടെ ചിത്രം മനസിലുണ്ട്. പിറ്റേന്ന് രാവിലെ വാർത്ത നോക്കുമ്പോഴാണ് ജസ്നയുടെ സംഭവം ശ്രദ്ധയിൽ പെടുന്നത്. മൊബൈൽ ഫോണുപോലും എടുക്കാതെ ഒരു പെൺകുട്ടി എന്നോർത്തപ്പോഴാണ് തലേ ദിവസം കണ്ട കുട്ടിയെ ഓർമവന്നത്. തിരിച്ച് കടയിലെത്തി കടക്കാരന് ജസ്നയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ തിരിച്ചറിയുകയും ചെയ്തു

മാര്‍ച്ച് ഇരുപത്തിയേഴിന് ഉച്ചയ്ക്ക് തന്നെ എരുമേലി പൊലീസിൽ വിവരം നൽകി. 27ന് ച്ചയോടെ എരുമേലി പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു. കടക്കാരനും പെൺകുട്ടിയെ തിരിച്ചറിഞ്ഞെന്ന് അറിയിച്ചു. പിന്നീട് ഞാനും സുഹൃത്തുക്കളും ആ ഭാഗത്തൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പെരിയാർ നഗർ അഞ്ചാമത്തെ സ്ട്രീറ്റിലേക്ക് എങ്ങനെ പോകണം എന്നാണ് ചോദിച്ചതെന്ന് കടയുടമയും പറഞ്ഞു. ഈ പറയുന്നത് സത്യമാണെങ്കിൽ ചെന്നൈയിൽ വന്ന് അന്വേഷണം നടത്താതിരുന്ന പൊലീസ് നടപടി ഗുരുതര വീഴ്ചയാണ്. പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണ് ഇവർ വിവരം നൽകിയതെന്നാണ് പൊലീസിന്റെ വിശദീകരണം.