‘ സഖാവ്‌ കറവക്കാരി ജാനു’: സിബി ജോളി:അദ്ധ്വാനത്തിന്റെ സ്ത്രൈണ പൂര്‍ണിമ

തിമിര്‍ത്തുപെയ്യുന്ന കാലവര്‍ഷത്തെ തോല്‍പ്പിച്ചിരച്ചെത്തുന്ന അഭിമാനത്തോടും അംബരത്തോളമുയരുന്ന ആദരത്തോടും കുറിക്കട്ടെ:
വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്തുള്ള മുനമ്പത്തിരുന്ന്‌ ഞാന്‍ ഇതു എഴുതുന്ന സമയത്ത്‌ അങ്ങകലെ മുവാറ്റുപുഴയ്ക്ക്‌ സമീപമുള്ള പാമ്പാക്കുടയിലെ വീട്ടില്‍ പശുവിനെ കറക്കുന്ന തിരക്കിലായിരിക്കും സിബി ജോളി.പശുവിനെ കറന്ന്‌ അളന്ന്‌ തിട്ടപ്പെടുത്തി വീട്ടില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെ നെയ്തുശാല കവലയിലെ സൊസൈറ്റിയില്‍ പാല്‍ എത്തിക്കുന്നതോടെയാണ്‌ സിബിയുടെ ഒരു ദിവസം ആരംഭിക്കുന്നത്‌
പശുവിനെ കറക്കുന്ന എത്ര യുവതികളുണ്ട്‌ നമ്മുടെ നാട്ടില്‍?
ക്ഷീരകര്‍ഷകരായ വനിതകള്‍ നിരവധിയുണ്ട്‌.
കറവക്കാരോ പാല്‍ കറക്കുന്ന യന്ത്രമോ ആണ്‌ അവര്‍ക്കാശ്രയം.
അവിടെയാണ്‌ അദ്ധ്വാനത്തിന്റെ സ്ത്രൈണ പൂര്‍ണിമയായി സിബി പരിണമിക്കുന്നത്‌!

കാരിത്താസ്‌ ഇന്ത്യയുടെ കാന്‍സര്‍ സുരക്ഷ പദ്ധതിയുടെ സ്റ്റേറ്റ്‌ പ്രോഗ്രാം ഓഫീസര്‍ എന്ന നിലയ്ക്കുള്ള ഭാരിച്ച ഉത്തരവാദിത്തത്തിന്‌ പുറമേ ‘എന്റെ പാമ്പാക്കുട’എന്ന വാട്ട്സ്‌ ആപ്പ്‌ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള വിവിധ സാമുഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബിലൂടെയുള്ള സജീവ കായിക ഇടപെടലുകളും കൂടാതെ വ്യക്തിപരമായി നടത്തുന്ന സാമുഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഉള്ളടക്കമാകുന്ന തിരക്കുപിടിച്ച ‘കരിയറി’നിടെയാണ്‌ പശുവിനെ കറക്കാന്‍ സിബി സമയം കണ്ടെത്തുന്നത്‌

ചാച്ചനെന്ന്‌ ഞാനും വിളിക്കുന്ന സിബിയുടെ പിതാവിന്റെ ചെറുപ്പകാലം മുതലുള്ളതാണ്‌,ആ വീട്ടിലെ, പശു-ആടുവളര്‍ത്തലും കറവയും.ഏതാണ്ട്‌ അരനൂറ്റാണ്ട്‌ കാലം പശുവിനെയും ആടിനേയും കറന്നത്‌ കൊണ്ടുണ്ടായ വലതു കൈയിലെ പേശിവലിവു മൂലം ഈ മാസം ആദ്യം മുതല്‍ ചാച്ചന്‌ കറവയില്‍ നിന്ന്‌ വിട്ടു നില്‍ക്കേണ്ടി വന്നപ്പോളാണ്‌ സിബി ആ വെല്ലുവിളി ഏറ്റെടുത്തത്‌.

രാവിലെ അഞ്ചുമണിക്ക്‌ സിബി തൊഴുത്തിലെത്തും തൊഴുത്തു വൃത്തിയാക്കലും പശുവിനെ കുളിപ്പിക്കലുമാണ്‌ ആദ്യത്തെ യജ്ഞം. പിന്നെയാണ്‌ കറവ. ഒരു മണിക്കൂര്‍ നേരത്തെ കഠിനാദ്ധ്വാനം.
കഴിഞ്ഞ നാലുവര്‍ഷമായി സൊസൈറ്റിയില്‍ പാല്‍ എത്തിച്ചിരുന്നത്‌ സിബിയായിരുന്നു.അന്ന്‌ ചാച്ചനായിരുന്നു പശുവിനെ കറന്നിരുന്നത്‌.ഇന്ന്‌ രണ്ടു ജോലിയും സിബി ഒറ്റയ്ക്ക്‌ ചെയ്യുന്നു.

സഹജീവികളുടെ വ്യസനങ്ങളിലും വ്യഥകളിലും രോഗാതുരതകളിലും നിറസ്വാന്തനമാകുന്ന എന്റെ ഈ സഖാവ്‌,യാഥാര്‍ത്ഥ്യങ്ങളുടെ പച്ചമണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന അദ്ധ്വാനത്തിന്റെ ഹരിതവിശാലതയാണ്‌ എന്ന്‌ അഭിമാനത്തോടെ അതിലേറെ ആദരത്തോടെ ഞാന്‍ ആവര്‍ത്തിക്കുന്നു.ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറുള്ള സിബിയുടെ അനുപമസന്നദ്ധതയുടെ നവീന നിദാനമാണ്‌ ‘കറവക്കാരി ജാനു’വായിട്ടുള്ള ഈ പരകായ പ്രവേശം.

കറവക്കാരനും പശുവും തമ്മിലുള്ള സവിശേഷ ‘കെമിസ്റ്റ്രി'(Raport)യാണ്‌ പാല്‍ ചുരത്താന്‍ പശുവിനു പ്രേരകമാകുന്നത്‌.കറവക്കാര്‍ മാറുമ്പോള്‍ ഈ കെമിസ്റ്റ്രി തെറ്റും;പാലിന്റെ അളവ്‌ കുറയും.എന്നാല്‍ ചാച്ചന്‍ കറന്നിരുന്ന ഒന്‍പത്‌ ലിറ്റര്‍ പാല്‍,ഒരു തുള്ളിയും കുറയാതെ സിബി കറന്നെടുക്കുന്നു.അന്യൂനവും അനന്യവുമാണ്‌ ഈ നേട്ടം.ജൈവ പച്ചക്കറിക്കൃഷിക്കൊപ്പം പാല്‍ക്കറവയും- സിബിയുടെ പ്രയോരിറ്റികള്‍ക്ക്‌ ഗ്രാമവിശുദ്ധിയുടെ കൈയ്യൊപ്പ്‌!

ഉദ്യോഗസ്ഥകളായ യുവതികള്‍ അടുക്കള്യില്‍ കയറാന്‍ പോലും മടിക്കുന്നിടത്താണ്‌ അടുക്കളയിലും തൊടിയിലും തൊഴുത്തിലും സിബി ഊര്‍ജപ്രവാഹമാകുന്നത്‌.നന്നായി ആഹാരം പാകം ചെയ്യുക. അത്‌ മറ്റുള്ളവര്‍ ആസ്വദിച്ചു കഴിക്കുന്നത്‌ കാണുക-അതാണ്‌ ഒരു വീട്ടമ്മ എന്ന നിലയില്‍ തനിക്കേറേ സംതൃപ്തി നല്‍കുന്നതെന്ന്‌ സിബി പലവട്ടം പറഞ്ഞിട്ടുള്ളതും ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.

സഖാവ്‌ കറവക്കാരി ജാനു*വിന്‌
അഭിവാദ്യങ്ങളുടെ ആയിരമായിരം സിന്ദൂരമലരുകള്‍…
മിടുമിടുക്കിയായിരിക്കുക!

*കറവക്കാരി ജാനു എന്ന പേരിന്റെ കോപ്പി റൈറ്റും സിബിക്ക്‌

ടൈറ്റസ്‌ കെ.വിളയില്‍