സത്യത്തിന്റെ വിജയം ; ദൈവത്തിനു നന്ദിയെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ

തിരുവനന്തപുരം : ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരേ കോടതി കടുത്ത ശിക്ഷ നല്‍കിയതില്‍ ദൈവത്തിനു നന്ദിയെന്ന് ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയമ്മ. ഇത് സത്യത്തിന്‍റെ വിജമാണെന്നും കോടതിക്കു പുറത്ത് മാധ്യമങ്ങളോട് അവര്‍ പറഞ്ഞു.

പ്രഭാവതിയമ്മയുടെയും പ്രതികളുടെയും സാന്നിധ്യത്തിലാണ് കോടതി ഇന്ന് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഇനിയൊരിക്കലും ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കട്ടെയന്നും പ്രഭാവതിയമ്മ പറഞ്ഞു.

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ ഒന്നും രണ്ടും പ്രതികളായ പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു പ്രഭാവതിയമ്മ.

കേസിലെ ഒന്നും രണ്ടുംപ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. മറ്റൊരാള്‍ക്കും ഈ ഗതി വരരുത്. പ്രതികള്‍ അപ്പീല്‍ പോയാലും ശിക്ഷയില്‍ മാറ്റം വരില്ല- പ്രഭാവതിയമ്മ കൂട്ടിച്ചേര്‍ത്തു.