കനത്ത മഴ: യുപിയില്‍ മരിച്ചവരുടെ എണ്ണം 58 ആയി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി. 53 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസമായി 31 ജില്ലകളിലാണ് കനത്ത മഴ അനുഭവപ്പെടുന്നത്. മഴയെ തുടര്‍ന്നു ഷഹരാന്‍പൂരിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. 11 പേരാണ് ഷഹരാന്‍പൂരില്‍ മരിച്ചത്.

ദുരിതമേഖലകളില്‍ എത്രയും വേഗം സഹായമെത്തിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ചിലയിടങ്ങളില്‍ വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.