ഡി.സി.സി പുനഃസംഘടന: എന്താണ് അണിയറയില്‍ നടന്നത് ; മിക്കവരും എം.പിമാരുടെ പെട്ടിയെടുപ്പുകാര്‍

ഗ്രൂപ്പ് അക്കൗണ്ടില്‍ ആശ്രിതരെ തിരുകിക്കയറ്റി എം.പിമാര്‍

കനത്ത തിരിച്ചടിയുണ്ടായത് എ ഗ്രൂപ്പിന്

ഞെട്ടല്‍ മാറാതെ ജില്ലയിലെ ഗ്രൂപ്പ് മാനേജര്‍മാര്‍

വിഷ്ണുനാഥിനെയും ഡീനിനെയും ഒഴിവാക്കിയത് രാഹുല്‍

-പി.എ.സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ കേന്ദ്ര നേതൃത്വത്തിനോടും രാഹുല്‍ഗാന്ധിയോടും അതൃപ്തി ശക്തമായി.

14 ജില്ലകളിലും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമാണ് പട്ടികയില്‍ ഏറെ പരിഗണന നല്‍കിയിരിക്കുന്നത്. വനിത പ്രാധിനിത്യവും ഉറപ്പാക്കിയിട്ടുണ്ട്. പതിവ് ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിച്ചെഴുതിയാണ് അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതെങ്കിലും പലരുടെയും പേരുകള്‍ അപ്രതീക്ഷിതമായി കേട്ടതിന്റെ ഞെട്ടലിലാണ് സംസ്ഥാനത്തെ പല നേതാക്കളും.

വി.എം സുധീരന്‍- ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല ത്രയത്തിന്റെ നേതൃത്വത്തിലാണ് അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയിലും കേരളത്തിലും ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇവര്‍ മൂന്നു പേരും ശുപാര്‍ശ ചെയ്തവരുടെ പേരുകള്‍ ഹൈക്കമാന്‍ഡ് നിഷ്‌ക്കരുണം തള്ളിക്കളയുകയായിരുന്നു. കെ.പി.സി.സി അധ്യക്ഷനോട് അടുത്തു നില്‍ക്കുന്നവര്‍ പല ജില്ലകളിലും പ്രസിഡന്റുമാരായെങ്കിലും അവരെയൊക്കെ ആ സ്ഥാനങ്ങളില്‍ അവരോധിച്ചത് സുധീരനല്ലെന്നതാണ് വാസ്തവം.

dcc-pres

മറ്റ് രണ്ട് നേതാക്കളുടെ നോമിനികളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. കേരളത്തില്‍ നിന്നുള്ള എം.പിമാരുടെയും കേന്ദ്ര നേതാക്കളുടെയും അഭിപ്രായത്തിനനുസരിച്ചാണ് അധ്യക്ഷന്‍മാരുടെ പട്ടികയ്ക്ക് രഹുല്‍ഗാന്ധി അന്തിമരൂപം നല്‍കിയത്. അതൊകൊണ്ടു തന്നെ കേരളത്തിലെ മൂന്ന് ഗ്രൂപ്പ് തലവന്‍മാരുടെയും അക്കൗണ്ടില്‍ ഈ എം.പിമാര്‍ തങ്ങളുടെ പെട്ടിയെടുപ്പുകാരെ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

അതേസമയം പുനസഘടനയില്‍ ഉമ്മന്‍ ചാണ്ടിയോട് അടുത്തുനില്‍ക്കുന്നവരെ പൂര്‍ണമായും ഒഴിവാക്കിയതില്‍ എ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലാണ്. പുതിയ അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തോടെ തിരുവനന്തപുരം- കൊല്ലം ജില്ലാകളിലാണ് ഏറെ അസംതൃപ്തി പടര്‍ന്നിരിക്കുന്നത്.

ജില്ലയിലെ നേതാക്കള്‍ക്കിടയില്‍ തികച്ചും അപ്രധാനിയായിരുന്ന നെയ്യാറ്റിന്‍കര സനലിനെ ഡി.സി.സി അധ്യക്ഷനാക്കിയത് ഗ്രൂപ്പ് മാനേജര്‍മാരായ ജില്ലയിലെ പ്രമുഖ നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. പ്രത്യക്ഷത്തില്‍ വി.എം സുധീരന്റെ നോമിനിയായാണ് സനല്‍ അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ നിയമനത്തിന് പിന്നില്‍ സുധീരനല്ലെന്ന് വ്യക്തം. കേന്ദ്ര നേതൃത്വത്തില്‍ നിര്‍ണായക സ്വാധീനമുള്ള കെ.സി വേണുഗോപാല്‍ എം.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സനല്‍ തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനായത്. കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാലത്ത് കെ.സി വേണുഗോപാലിന്റെ അടുപ്പക്കാരനായിരുന്നു നെയ്യാറ്റിന്‍കര സനല്‍. തുടര്‍ന്ന് വേണുഗോപാല്‍ തലസ്ഥാനത്തെത്തുമ്പോളൊക്കെ അദ്ദേഹത്തിന്റെ ആശ്രിതനായി വാഹനവും തമസവും ഭക്ഷണവുമൊക്കെ സ്‌പോണ്‍സര്‍ ചെയ്തതാണ് സനലിന്റെ സ്ഥാനലബ്ധിക്ക് പിന്നിലെന്ന് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു.

ശരത്ചന്ദ്രപ്രസാദ്, രമണി പി. നായര്‍, ആര്‍.വി രേജേഷ് എന്നിവരെ വെട്ടിയാണ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷനായത്. സംഘടനാ സംവിധാനം ചലിപ്പിക്കാന്‍ ജില്ലയിലെ കടുംവെട്ട് നേതാക്കളെ എങ്ങനെ വരുതിയിലാക്കാന്‍ സനലിന് സാധിക്കുമെന്നതിനെ ആശ്രയിച്ചാവും ഇനി ജില്ലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയും തളര്‍ച്ചയും.

congress

ഏക വനിത അധ്യക്ഷയായ ജില്ലയാണ് കൊല്ലം. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയ്ക്കാണ് നറുക്ക് വീണിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ഗ്രൂപ്പ് നേതാക്കളുള്ളതും തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും കോണ്‍ഗ്രസിനെ സംപൂജ്യമാക്കുന്നതുമായ ജില്ലയുമാണിത്. നിലവില്‍ ഇവിടെ നിന്ന് ഒരാളെപ്പോലും നിയമസഭയിലെത്തിക്കാന്‍ യു.ഡി.എഫിനോ കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ബിന്ദു കൃഷ്ണ എങ്ങനെ പാര്‍ട്ടി കെട്ടിപ്പടുക്കുമെന്നത് കണ്ടറിയേണ്ടതാണ്. വി.എം സുധീരനും ചെന്നിത്തലയ്ക്കും ഒരു പോലെ സ്വീകാര്യയാണ് ബിന്ദു കൃഷ്ണയെങ്കിലും ജില്ലയിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ അസന്തുഷ്ടിയാലാണ്. പി.സി വിഷ്ണുനാഥിന് ഉറപ്പിച്ച അധ്യക്ഷസ്ഥാനം ബിന്ദുകൃഷ്ണ തട്ടിയെടുത്തതിന്റെ അമര്‍ഷത്തിലും ഞെട്ടലിലുമാണ് ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം. സോളാര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ നല്‍കിയ പരാതികളും അണിയറനീക്കങ്ങളുമാണ് വിഷ്ണുവിന്റെ സാധ്യത ഇല്ലാതാക്കിയത്.

പത്തനംതിട്ടയില്‍ ബാബു ജോര്‍ജും അപ്രതീക്ഷിതമായാണ് ഡി.സി.സി അധ്യക്ഷനായത്. സജി ചാക്കോ, അനില്‍ തോമസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനമോഹികളായെത്തിയെങ്കിലും പി.ജെ കുര്യന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബാബു പട്ടികയില്‍ ഇടം കണ്ടെത്തുകയായിരുന്നു. തന്റെ ആശ്രതനാണെന്നതും ഉമ്മന്‍ ചാണ്ടിയുമായുള്ള അടുപ്പവുമാണ് ബാബുവിനെ അധ്യക്ഷനാക്കാന്‍ കുര്യനെ പ്രേരിപ്പിച്ചത്. ഓര്‍ത്തഡോക്‌സ സഭയുമായുള്ള ബന്ധം ഊഷ്മളമാക്കുകയെന്ന ലക്ഷ്യവും ബാബുവിന്റെ നിയമനത്തിന് പിന്നിലുണ്ട്.

ആലപ്പുഴയില്‍ ഡി.സി.സി അധ്യക്ഷനായ എം. ലിജു രമേശ് ചെന്നിത്തലയുടെ പാളയത്തില്‍നിന്ന് സുധീരനൊപ്പം പോയ വ്യക്തിയാണ്. അതേസമയം ലിജുവിന്റെ നിയമനത്തില്‍ സുധീരന് ഒന്നും അവകാശപ്പെടാനില്ലെന്നതാണ് വാസ്തവം. രാഹുല്‍ഗാന്ധിയുടെ നോമിനിയായാണ് അദ്ദേഹം പട്ടികയില്‍ ഇടം കണ്ടെത്തിയത്. കോശി എം കോശിയായിരുന്നു ചെന്നിത്തലയുടെ നോമിനി. ജില്ലയിലെ സംഘടനാ സംവിധാനങ്ങള്‍ക്കൊപ്പം ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ലിജുവിനും കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കല്‍ കഠിനമാകും.

ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം നല്‍കുന്ന ഏക ജില്ലായാണ് കോട്ടയം. ഇവിടെ അദ്ദേഹം നിര്‍ദ്ദേശിച്ച ജോഷി ഫിലിപ്പ് അധ്യക്ഷനായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രനേതൃത്വത്തിന് ഉമ്മന്‍ ചാണ്ടിയോട് നീരസമാണെങ്കിലും അദ്ദേഹത്തെ പ്രകോപിപ്പിക്കേണ്ടെന്ന ഐ ഗ്രൂപ്പുകാരനായ എം.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നറിയുന്നു.

ഇടുക്കിയില്‍ എ ഗ്രൂപ്പിന് കനത്ത ആഘാതമേല്‍പ്പിച്ചാണ് ഇബ്രാഹംകുട്ടി കല്ലാര്‍ അധ്യക്ഷനായത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും എ ഗ്രൂപ്പ് പ്രതിനിധിയുമായ ഡീന്‍ കുര്യാക്കോസാണ് ഇവിടെ ഒഴിവാക്കപ്പെട്ട പ്രധാനി. തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കള്‍ക്കും പാര്‍ട്ടിക്കുമെതിരെ നടത്തിയ പ്രസ്താവനകളും അണിയറനീക്കങ്ങളുമാണ്, യുവതുര്‍ക്കിയായിട്ടും ഡീനിന്റെ സാധ്യത ഇല്ലാതാക്കിയത്. ഐ ഗ്രൂപ്പ് നോമിനിയായാണ് കല്ലാര്‍ ഇവിടെ അധ്യക്ഷനായത്. പത്മജാ വേണുഗോപാലിന്റെ സമ്മര്‍ദ്ദമാണ് കല്ലാറിന്റെ സ്ഥാനലബ്ധിക്ക് പിന്നില്‍.

എറണാകുളത്ത് ഡി.സി.സി അധ്യക്ഷനായ ടി.ജെ വിനോദ്  ഐ ഗ്രൂപ്പുകാരനാണ്. അതേസമയം കേന്ദ്രത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കെ.വി തോമസ് എം.പി, ടോണി ചമ്മിണിയുടെ പേര് നിര്‍ദ്ദേശിച്ചെങ്കിലും രമേശ് ചെന്നിത്തലയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് വിനോദ് ഡി.സി.സി അധ്യക്ഷനായത്. ചമ്മിണിക്കുവേണ്ടി കെ.വി. തോമസ് ഉറച്ചുനിന്നെങ്കിലും ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളുടെകൂടി പിന്തുണയിലാണ് വിനോദ് ഡി.സി.സി അധ്യക്ഷനായത്.

വി.എം സുധീരന്റെ വിശ്വസ്തനാണ് തൃശൂരില്‍ അധ്യക്ഷനായ ടി.എന്‍ പ്രതാപന്‍. അതേസമയം നിയമസഭാതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ സജ്ജമാക്കുകയെന്നത് പ്രതാപന് പ്രയാസകരമാകും. എ-ഐ ഗ്രൂപ്പുകള്‍ക്ക് പ്രതാപന്‍ അനഭിമിതനാണ്. പത്മജ നിര്‍ദ്ദേശിച്ചവരെ തഴഞ്ഞതില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് കടുത്ത പ്രതിഷേധത്തിലുമാണ്. എ.കെ ആന്റണിയുടെ മൗനാനുവാദവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതും പ്രതാപന് തുണയായി.

വയനാട് ജില്ലാ അധ്യക്ഷനായി നിയമിതനായ ഐ.സി ബാലകൃഷ്ണന്‍ ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് പട്ടികയില്‍ ഇടംതേടിയത്. ജില്ലയിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എ എന്നതും കാര്യമായ എതിരാളികളില്ലാത്തതും സുധീരന്റെ പിന്തുണയും ഐ.സിക്ക് തുണയായി. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും ഐ.സി ബാലൃഷ്ണന്റെ കസേര ഉറപ്പിച്ചു.

rahul-gandhi

പാലക്കാട് ഡി.സി.സി ആധ്യക്ഷനായ വി.കെ ശ്രീകണ്ഠന്‍ ഐ ഗ്രൂപ്പ് പ്രതിനിധിയാണ്. ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുമായും ഗ്രൂപ്പ് മാനേജര്‍മാരുമായും ഇദ്ദേഹം നല്ല ബന്ധത്തിലാണ്. കാര്യമായ സംഘടനാ സംവിധാനം ഇല്ലാത്തതും ബി.ജെ.പിയുടെ ജില്ലയിലെ സാന്നിധ്യവും ശ്രീകണ്ഠന് വെല്ലുവിളിയാകും.

കോഴിക്കോട് ഡി.സി.സിയുടെ തലപ്പത്തേക്കെത്തിയ ടി.സിദ്ദിഖും ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകാരനാണ്. സുധീരന്‍ നോമിനിയായ കെ.പി അനില്‍കുമാര്‍ ഉള്‍പ്പെടെ മറ്റ് ഗ്രൂപ്പുകളിലെ അതികായന്‍മാരെ വെട്ടിയാണ് നിരവധി വിവാദങ്ങള്‍ക്കിടയിലും സിദ്ദിഖ് സീറ്റുറപ്പിച്ചത്. ന്യൂപക്ഷസമുദായാംഗമെന്ന പരിഗണനയിലാണ് ഹൈക്കമാന്‍ഡ് സിദ്ദിഖിനെ അധ്യക്ഷസ്ഥാനത്തേക്ക് ഉറപ്പിച്ചത്. അതേസമയം ജില്ലയിലെ നാവിന് ബെല്ലും ബ്രേക്കുമില്ലാത്ത ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ സിദ്ദിഖിന് വെല്ലുവിളിയാകും.

മലപ്പുറത്ത് എ ഗ്രൂപ്പില്‍നിന്ന് പിണങ്ങി സുധീരനോടടുത്ത വി.വി പ്രകാശാണ് ഡി.സി.സി അധ്യക്ഷനായത്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ പ്രകാശ് ആര്യാടന്‍ മുഹമ്മദുമായിടഞ്ഞാണ് സുധീരനോടടുത്തത്. എങ്കിലും ഉമ്മന്‍ ചാണ്ടിയുമായി പ്രകാശ് നല്ലബന്ധത്തിലാണ്. ആര്യാടനെയും മകന്‍ ഷൗക്കത്തിനെയും മെരുക്കുകയെന്നതാകും പ്രകാശ് നേരിടുന്ന വെല്ലുവിളി.

എ ഗ്രൂപ്പില്‍നിന്ന് കൂടുമാറിയതാണ് കണ്ണൂരില്‍ സതീശന്‍ പാച്ചേനിക്ക് തുണയായത്. കെ. സുധാകരന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പാച്ചേനിയെ അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. അതേസമയം കോഴിക്കോട് സിദ്ദിഖ് നേരിടുന്ന അതേ വെല്ലുവിളികള്‍ ഇവിടെ പാച്ചേനിക്കും നേതാക്കളില്‍നിന്ന് നേരിടേണ്ടിവരും.

കാസര്‍കോട്ട് ഹക്കിം കുന്നേല്‍ ആണ് അധ്യക്ഷനായത്. എ ഗ്രൂപ്പുകാരനാണ്. മറ്റ് ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ക്കപ്പുറം യുവാവെന്ന പരിഗണനയാണ് കുന്നേലിന് തുണയായത്.