കത്തോലിക്കാ കന്യാമഠങ്ങളിലെ പൗരോഹിത്യ മേലാളന്മാരുടെ കടന്നുകയറ്റത്തെക്കുറിച്ചു വൈദികനായ ജിജോ കുര്യന്‍

കേരളത്തിലെ കത്തോലിക്കാ കന്യാമഠങ്ങള്‍ക്കുള്ളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെ കുറിച്ചും അതിനു കാരണക്കാരായ പൗരോഹിത്യ മേലാളന്മാരുടെ കടന്നുകയറ്റത്തെയും കുറിച്ചും തുറന്നെഴുതുകയാണ് കപ്പൂച്ചിന്‍ വൈദികനായ ജിജോ കുര്യന്‍..

ഭരണങ്ങാനം അസ്സീസി ആശ്രമത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘അസ്സീസി’ മാസികയിലാണ് കന്യാസ്ത്രീ മഠങ്ങള്‍ക്കു മേല്‍ അതിക്രമിച്ചുകയറിയ പൗരോഹിത്യത്തെ കുറിച്ചും മഠങ്ങളില്‍ കന്യാസ്ത്രീകളുടെ അവസ്ഥയെ കുറിച്ചും വ്യക്തമായി എഴുതിയിരിക്കുന്നത്…

പൗരോഹിത്യത്തിന്റെ അധികാരശ്രേണിയുടെ ദാക്ഷിണ്യത്തില്‍ തങ്ങളുടെ സ്വത്വം പോലും അവര്‍ക്ക് അടിയറവ് വയ്‌ക്കേണ്ടിവരുന്നു.

മഠത്തിനുള്ളിലെ കന്യാസ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെകുറിച്ചുള്ള ഈ വൈദികന്റെ ലേഖനം ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയുടെകൂടെ പശ്ചാത്തലത്തില്‍ കൂട്ടിവായ്ക്കാവുന്നതാണ്…

എഴുപതുകളിലും എണ്‍പതുകളിലും കന്യാസ്ത്രീകളുടെ എണ്ണംകൊണ്ട് സമ്പന്നമായിരുന്ന മഠങ്ങളില്‍ ഇന്ന് അഞ്ചോ ആറോ പേര്‍ മാത്രം ശേഷിക്കുന്നു.

അവരില്‍ പലരും അമ്പതിനു മേല്‍ പ്രായമുള്ളവരാണ്.

ക്ഷയിക്കുന്ന കന്യാമഠങ്ങള്‍ സഭയ്ക്കുള്ളില്‍ സംഭവിക്കുന്ന പലതിന്റെയും സൂചനകള്‍ കൂടിയാണെന്ന മുന്നറിയിപ്പോടെയാണ് ലേഖനം തുടങ്ങുന്നത്.

പുറമേനിന്ന് ഒരു മൂന്നാംകക്ഷിക്ക് ഭേദിച്ച് കടക്കാന്‍ കഴിയാത്ത ആന്തരിക സ്വകാര്യതയും ബന്ധത്തില്‍ അടിസ്ഥാനപ്പെട്ട ഘടനയും സ്വയംഭരണ അധികാരവുമുണ്ടെന്ന് കാനോനിക നിയമം തന്നെ സന്യാസസമൂഹങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന ഉറപ്പാണ്.

എന്നാല്‍ അധികാരശ്രേണിയില്‍ ഇടംപിടിച്ച പൗരോഹിത്യം പലവിധത്തില്‍ സന്യാസ സമൂഹങ്ങളുടെ സ്വയംനിര്‍ണയ അവകാശങ്ങളെ ഇവിടെ ഭേദിച്ചുകൊണ്ടിരിക്കുന്നു.

പുരുഷ സന്യാസ സമൂഹങ്ങള്‍ ചെറുത്തുനില്‍ക്കുമ്പോള്‍ സന്യാസിനി സമൂഹങ്ങള്‍ക്ക് പൗരോഹിത്യത്തിന്റെ അധികാരശ്രേണിയുടെ ദാക്ഷിണ്യത്തില്‍ തങ്ങളുടെ സ്വത്വം നിശ്ചയിക്കേണ്ടിവരുന്നു…

അതിന്റെ തെളിവുകള്‍ ഫാ.ജിജോ കുര്യന്‍ അക്കമിട്ട് നിരത്തുകയാണ്.

സന്യാസിനി സമൂഹങ്ങളുടെ അധീനതയിലോ നടത്തിപ്പിലോ ഉണ്ടായിരുന്ന സ്ഥാപനങ്ങളെ രൂപതകളോ വൈദികരോ പിടിച്ചടക്കാന്‍ ശ്രമിക്കുന്നു,..

ഇടവക നടത്തിപ്പില്‍ വൈദികര്‍ പ്രതീക്ഷിക്കുന്ന സഹകരണം ലഭിക്കാതെ വരുമ്പോള്‍ വിരോധത്തോടെയുള്ള പെരുമാറ്റവും മഠങ്ങളില്‍ കുര്‍ബാന വരെ മുടക്കുന്നതും,..

തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെ സ്ഥലംമാറ്റിക്കാന്‍ മേലധികാരികളില്‍ വൈദികര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും,..

കന്യാസ്ത്രീകള്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കരുത് എന്ന് വൈദികര്‍ക്കിടയിലുള്ള ധാരണയും തങ്ങളുടെ നിലനില്‍പ്പിന് ‘പൗരോഹിത്യത്തെ സുഖിപ്പിച്ചേ’ മതിയാകൂ എന്ന കന്യാസ്ത്രീകളുടെ അവസ്ഥയുമെല്ലാം ഇതിനു തെളിവാണ്.

ഒരു പുരോഹിതനും കന്യാസ്ത്രീയുംതമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായാല്‍ ന്യായന്യായങ്ങളുടെ നീതി നോക്കിയല്ല അവിടെ തീരുമാനങ്ങള്‍ എടുക്കുന്നത്.

പുരോഹിതന് അനുകൂലവും കന്യാസ്ത്രീക്ക് പ്രതികൂലവുമായിരിക്കും മേലധികാരിയുടെ തീരുമാനം.

‘തെറ്റുകാരിയും പരാജിതയും’ അവള്‍ മാത്രമായിരിക്കും.

രൂപത നടത്തിപ്പിന്റെ, ഇടവക നടത്തിപ്പിന്റെ ‘വേലക്കാരികള്‍’ മാത്രമാണ് കന്യാസ്ത്രീകള്‍ എന്നാണ് പല വൈദികരുടെയും ധാരണ.

ദേവാലയം വൃത്തിയാക്കല്‍,..

അലങ്കരിക്കല്‍,…

വൈദികര്‍ക്ക് ഭക്ഷണം നല്‍കല്‍,…

ഡ്രസ് അലക്കല്‍ എന്നിവയാണ് ഇവരുടെ ജോലി എന്നാണ് പലരും ചിന്തിച്ചുവച്ചിരിക്കുന്നത്.

പല രൂപതാദ്ധ്യന്മാരും വൈദികരും സന്യാസിനിസമൂഹങ്ങള്‍ തുടങ്ങിവച്ചതുതന്നെ തങ്ങളെ സഹായിക്കാനുള്ള ആളുകള്‍ എന്ന നിലയിലാണ്…

സന്യാസ മഠങ്ങളുടെ ഭാവി ആശങ്കയിലാണെന്ന് പറയുന്ന ഫാ.ജിജോ കുര്യന്‍, ഈ നിലയില്‍ കാര്യങ്ങള്‍ പോയാല്‍ ഏറിയാല്‍ ഇരുപത് വര്‍ഷത്തിനുള്ളില്‍ വൈദികരുെട എണ്ണത്തേക്കാള്‍ സന്യാസിനികളുടെ എണ്ണം കുറയുമെന്ന് സഭാനേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നു.

സന്യാസിനി മഠങ്ങള്‍ക്ക് ഉണ്ടായ ഈ അപചയം പൗരോഹിത്യത്തിന് സംഭവിക്കാത്തതിന്റെ പ്രത്യക്ഷമായ കാരണം പൗരോഹിത്യത്തിന് കിട്ടുന്ന സാമൂഹ്യസ്വാതന്ത്ര്യവും ആദരവും ജീവിതസുരക്ഷിതത്വവുമാണ്.

പൗരോഹിത്യത്തിന് കിട്ടുന്ന സാമൂഹ്യ ആദരവിന്റെ അളവുമാപിനിയില്‍ വലിയ ഇടിവ് സംഭവിക്കുന്നതോടൊപ്പം പൗരോഹിത്യജീവിതത്തിലെക്കുള്ള ‘ദൈവവിളിയുടെ ബൂം’ പീരിയഡ് അവസാനിച്ചു എന്നൂഹിക്കാം.

യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്യാസത്തിന് സംഭവിച്ചത് പിന്നീട് പൗരോഹിത്യത്തിനും സംഭവിച്ചു.

ഭാരതസഭയും അതേവഴിയിലാണോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്നും ഫാ.ജിജോ കുര്യന്‍ പറയുന്നു.

ജോളി ജോളി