യുഎഇ പ്രഖ്യാപിച്ച സഹായധനം 700 കോടി അല്ലെങ്കില്‍ കേന്ദ്രം പറയട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎഇ പ്രഖ്യാപിച്ച സഹായധനം 700 കോടി എന്നതല്ല തുകയെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് പറയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുക സംബന്ധിച്ച് ഇതുവരെ കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നും പിണറായി പറഞ്ഞു. യുഎഇ പ്രഖ്യാപിച്ച വാഗ്ദാനത്തെക്കുറിച്ച്, തുക എത്രയാണെന്നതിനെ കുറിച്ച് ധാരണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഎഇയുടെ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി തുകയെക്കുറിച്ച് ധാരണയുണ്ടെന്ന് വ്യക്തമാക്കുന്നത്. ഇത്തരമൊരു കാര്യം ലോകത്തോട് ആദ്യം പറയാന്‍ യുഎഇ ഭരണാധികാരിയും നമ്മുടെ പ്രധാനമന്ത്രിയും തയ്യാറായിട്ടുണ്ട്. കേരളത്തിന് വേണ്ടി സഹായ വാഗ്ദാനം ലഭിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.യുഎഇയും പറഞ്ഞു. സാധാരണ നിലയ്ക്ക് അത് സ്വീകരിക്കാന്‍ പോകുന്നുവെന്നാണ് പ്രതീക്ഷിക്കേണ്ടത്. ആ പ്രതീക്ഷയില്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും. നമ്മുടെ നാട്ടില്‍ ചില പ്രത്യേക രീതികളുണ്ടല്ലോ. ഇത് ചോദിച്ചത് ഭരണാധികാരിയോടല്ലല്ലോ, അവര്‍ തമ്മില്‍ സംസാരിച്ച കാര്യം എന്താണെന്ന് അവര്‍ക്കല്ലേ അറിയാവു.തുകയുടെ അല്ലാ ഇവിടെ പ്രശ്‌നം, ആ സഹായം സ്വീകരിക്കാന്‍ തയ്യാറുണ്ടോ ഇതാണ് പ്രശ്‌നം, സഹായം സ്വീകരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ സഹായം നല്‍കാന്‍ അവര്‍ സന്നദ്ധരാണ്. തുകയെക്കുറിച്ച് നമുക്കൊരു ധാരണയുണ്ട്. അതാണ് ഈ പറഞ്ഞുകേട്ടത്. അതല്ലാ എങ്കില്‍ കേന്ദ്ര ഗവണ്‍മെന്റാണ് പറയേണ്ടത്. 700 കോടി എന്ന് പറഞ്ഞത് ശരിയല്ല, 700 കോടി പറഞ്ഞിട്ടില്ല എന്ന് പറയട്ടെ, അങ്ങനെയൊരു വര്‍ത്തമാനം ഇതുവരെ വന്നിട്ടില്ലല്ലോ. ഒരു സൈഡിലൊരു ആശയക്കുഴപ്പം അവിടെ നിലനില്‍ക്കുന്നതാണ്. അത് പരിഹരിച്ച് പോകുമെന്നാണ് കരുതുന്നത്.

ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളം കരകയറും. ഒരു മാസത്തെ ശമ്പളം ഒന്നിച്ച് കൊടുക്കാന്‍ വിഷമമായിരിക്കും, ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം വെച്ച് പത്തുമാസം കൊടുത്താലോ, രാജ്യത്തും ലോകത്തെങ്ങുമുളള എല്ലാ മലയാളികളും ഇതിന് തയ്യാറായാല്‍, എന്റെ നാട് പുതുക്കി പണിയണം എന്ന രീതിയില്‍ സഹകരിക്കാന്‍ തയ്യാറായാല്‍ നമുക്ക് പണത്തിനൊരു ക്ഷാമവും വരില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ശക്തി നാം തിരിച്ചറിയണം. നമ്മുടെ ശക്തി എന്ന് പറയുന്നത് സംസ്ഥാനത്തിന്റെ ഖജനാവിന്റെ ശക്തിയല്ല, നാടിന്റെ ഒരു കരുത്തുണ്ട്, അതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് 700 കോടിയുടെ സഹായം യുഎഇ വാഗ്ദാനം ചെയ്‌തെന്ന് വ്യവസായിയായ എം.എ യൂസഫലി അറിയിച്ചതായി മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.വിദേശ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങുന്നതിലുളള നിയമപരമായ തടസങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഈ സഹായം നിരസിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.വിവാദങ്ങള്‍ക്കിടെ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അറിയിച്ച് യുഎഇ അംബാസിഡറും ഇന്നലെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ യുഎഇ സഹായത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി വീണ്ടും പറഞ്ഞു.