ചെറുതെങ്കിലും സുരക്ഷിതമായ വീട് എല്ലാവര്‍ക്കും ഉണ്ടാകും; വീടിനൊപ്പം ജീവിക്കാനുള്ള ചുറ്റുപാടും ഉറപ്പാക്കും;

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് ചെറുതെങ്കിലും സുരക്ഷിതമായ വീട് നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. വീടിനൊപ്പം ജീവിക്കാനുള്ള ചുറ്റുപാടും ഉറപ്പാക്കും. മാനദണ്ഡങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ സഹാം നല്‍കും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ ജീവിതം തുടങ്ങാനുള്ള സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വീടുകളിലേയ്ക്ക് തിരികെ പോകുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സഹായം ഉടന്‍ നല്‍കും. കൂടാതെ, അടിയന്തരമായി 10.000രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുടിവെള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

വീടുകളിലേയ്ക്ക് ശുദ്ധജലം എത്തിക്കാനുള്ള പദ്ധതികള്‍ സ്വീകരിക്കും. ഭൂമി നഷ്ടമായവര്‍ക്ക് പകരം ഭൂമി കണ്ടെത്താന്‍ സഹായം നല്‍കും. കൂടാതെ, പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാലിന്യ സംസ്‌കരണത്തിന് തദ്ദേശസ്വയംഭരണം സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, പ്രളയ ദുരന്തമല്ല ഡാം ദുരന്തമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഎഇ ധനസഹായവിഷയത്തെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കാന്‍ തയ്യാറാകണം. പ്രളയക്കെടുതി നേരിടുന്നവരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ഉടന്‍ നല്‍കണം. കുട്ടനാട്ടില്‍ ഒരു രൂപയുടെ സഹായം പോലും ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ക്യാമ്പുകളിൽ കഴിയുന്നവരിൽ കൂടുതൽ നാശനഷ്ടം അനുഭവിക്കേണ്ടി വരികയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്നവർക്ക് 50,000 രൂപ ഗ്രാന്‍റായി നൽകണമെന്നും കർഷക വായ്പകൾ എഴുതിത്തള്ളണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യുഎഇ സഹായത്തേക്കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.