FOLLOW UP : മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: എപ്പിസ്‌കോപ്പല്‍ നിയമന ബോര്‍ഡില്‍ നിന്ന് വീണ്ടും രാജി

റവ. എ.ടി. സക്കറിയ
  • മുംബൈ സാന്റാക്രൂസ് ഇടവക വികാരിയും ബോര്‍ഡ് അംഗവുമായ റവ. എ.ടി. സക്കറിയ രാജിവെച്ചു

  • നാല് വൈദികരുടെ പേരുകള്‍ അംഗീകരിച്ചു

    സഭാ കൗണ്‍സില്‍ 15ന്

  • സഭാ പ്രതിനിധി മണ്ഡലയോഗം 2017 മാര്‍ച്ച് 28, 29

  • സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ രാജിയെക്കുറിച്ച് ബോര്‍ഡില്‍ ആരും മിണ്ടിയില്ല

  • സഹ മെത്രാന്‍മാരുടെ മൗനത്തിലും കീഴടങ്ങലിലും മാര്‍ അത്തനേഷ്യസിന് കുണ്ഠിതം

 

-ഹരി ഇലന്തൂര്‍-

തിരുവല്ല: മാര്‍ത്തോമ്മാ ബിഷപ്പ് നിയമന ബോര്‍ഡില്‍ നിന്ന് വീണ്ടും രാജി. മുംബൈ സാന്റാക്രൂസ് സെന്റ് തോമസ് മാര്‍ത്തോമാ പള്ളിവികാരിയും എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലെ വൈദിക അംഗവുമായ റവ. എ.ടി. സക്കറിയയാണ് കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചത്. എപ്പിസ്‌കോപ്പല്‍ നിയമനത്തിലെ ക്രമക്കേടുകളിലും അഴമതിയിലും പ്രതിഷേധിച്ചാണ് ഇദ്ദേഹം രാജിവെച്ചത് എന്ന് അറിയുന്നു. റവ. സക്കറിയക്ക് പുറമെ ഗീവര്‍ഗ്ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, സാബു അലക്‌സ് എന്നിവരാണ് ബോര്‍ഡില്‍ നിന്ന് രാജിവെച്ച അംഗങ്ങള്‍.

ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളും വഴിവിട്ട നടപടിക്രമങ്ങളും കാരണമാണ് ഈ മൂന്നുപേരും രാജിവെച്ചത്. ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന റവ. ജേക്കബ് ചെറിയാന്‍ എന്ന വൈദികനെതിരെ ഒരു ബോര്‍ഡ് അംഗം നല്‍കിയ വ്യാജ റിപ്പോര്‍ട്ട് എപ്പിസ്‌കോപ്പല്‍ നിയമന ബോര്‍ഡ് അംഗീകരിച്ചതിനെത്തുടര്‍ന്നാണ് വിവാദവും അംഗങ്ങളുടെ രാജിവെയ്ക്കലും ഉണ്ടായത്.

നംവബര്‍ 29ന് നടന്ന യോഗത്തില്‍വെച്ച് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയും മാര്‍ അത്തനേഷ്യസും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടി. ബിഷപ്പ് നിയമനത്തിലെ ക്രമക്കേടുകളെക്കുറിച്ച് മാര്‍ അത്തനേഷ്യസ് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഈ ആവശ്യം പരിഗണിക്കാന്‍ പോലും തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് സഫ്രഗന്‍ മെത്രാപ്പോലീത്ത ഇറങ്ങിപ്പോകുകയും ഡിസംബര്‍ ഒന്നിന് പ്രത്യേക ദൂതന്‍ വഴി രാജിക്കത്ത് കൈമാറുകയും ചെയ്തു.

എന്നാല്‍ രാജിനാടകങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന ധാര്‍ഷ്ഠ്യത്തിലാണ് സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. ഡിസംബര്‍ ഒമ്പതിന് തിരുവല്ലയില്‍ ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് ബിഷപ്പ് സ്ഥാനത്തേക്ക് നാല് വൈദികരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചു. ഈ പേരുകള്‍ക്ക് അംഗീകാരവും നല്‍കി. റവ. ജോസഫ് ഡാനിയേല്‍, റവ. മോട്ടി വര്‍ക്കി, റവ. സി.ജി. ജോര്‍ജ്ജ്, റവ. സജു പാപ്പച്ചന്‍ എന്നിവരെയാണ് നോമിനേഷന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡിസംബര്‍ 15ന് ചേരുന്ന സഭാകൗണ്‍സില്‍ ഈ പേരുകള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ഇതുസംബന്ധിച്ച മെത്രാപ്പോലീത്തയുടെ ഔദ്യോഗിക അറിയിപ്പ് (കല്‍പ്പന) പള്ളികളില്‍ വായിക്കും. ഈ വൈദികരെക്കുറിച്ച് ആക്ഷേപങ്ങളുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടാകും.
നിലവിലെ സഭാ പ്രതിനിധി മണ്ഡലത്തിന്റെ കാലാവധി 2017 മാര്‍ച്ച് 31 ന് അവസാനിക്കും. അതിന് മുമ്പായി നിര്‍ദ്ദേശിക്കപ്പെട്ട പേരുകള്‍ക്ക് മണ്ഡലത്തിന്റെ അനുമതി തേടാനുള്ള കരുക്കള്‍ നീക്കാന്‍ ജോസഫ് മാര്‍ത്തോമ്മാ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 28, 29 തീയതികളില്‍ പ്രത്യേക മണ്ഡലയോഗം ചേര്‍ന്ന് ഈ പേരുകള്‍ക്ക് അംഗീകാരം നേടാനുള്ള ഓപ്പറേഷനുകള്‍ മെത്രാപ്പോലീത്ത ആരംഭിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

നോമിനേഷന്‍ ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാബു അലക്‌സ് തിരുവല്ല മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവായി. ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദങ്ങള്‍ മാര്‍ത്തോമ്മാ സഭയുടെ പ്രതിച്ഛായക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുമ്പെങ്ങുമുണ്ടാകാത്തവിധം ചെളിവാരിയെറിയലും ഏറ്റുമുട്ടലും സഭയെ നാണക്കേടിന്റെ പടുകുഴിയില്‍ എത്തിച്ചിരിക്കുകയാണ്. ആത്മീയ പിതാക്കള്‍ എന്ന് പറയുന്ന ബിഷപ്പുമാര്‍ തമ്മില്‍ തമ്മില്‍ പോലും പൊതുവേദിയിലും മാധ്യമങ്ങളിലൂടെയും വിഴുപ്പലക്കലുകളും ചെളിവാരിയെറിയലും തുടരുകയാണ്. ക്രിസ്തു പടിയിറങ്ങിപ്പോയ സഭയായി നവീകരണ സഭ അധഃപതിച്ചുവെന്നാണ് ഈ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

 

മാര്‍ത്തോമ്മാ ബിഷപ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ദി വൈഫൈ റിപ്പോര്‍ട്ടര്‍ വാര്‍ത്തകള്‍ താഴെ വായിക്കാം…. 

മാര്‍ത്തോമ്മാസഭയില്‍ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നടപടികള്‍ വിവാദത്തില്‍

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പ് തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നുവെന്ന് ജേക്കബ് ചെറിയാന്‍ അച്ചന്‍

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിഭീഷണി മുഴക്കി

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം; സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിവെച്ചു 

മാര്‍ത്തോമ്മാ ബിഷപ്പ് തെരഞ്ഞെടുപ്പ് പൊട്ടിത്തെറിയിലേക്ക്; ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍