ശബരിമല ശ്രീകോവിലിന്റെ വാതിലിന് ജീര്‍ണത; വാതില്‍ മാറ്റിസ്ഥാപിക്കും

ശബരിമല: ശബരിമല ശ്രീകോവിലിന്റെ വാതിലിന് ജീര്‍ണത വന്നതായി ദേവപ്രശ്‌നത്തില്‍ കണ്ടതിനെ തുടര്‍ന്ന് വാതില്‍ മാറ്റിസ്ഥാപിക്കും. പുതിയ വാതില്‍ നിര്‍മിച്ചു. തേക്കുതടിയില്‍ നിര്‍മിച്ച വാതില്‍ ഇളമ്പള്ളി ധര്‍മശാസ്താക്ഷേത്രത്തില്‍നിന്ന് തിങ്കളാഴ്ച രാവിലെ കൊണ്ടുപോകും. കട്ടിളയില്‍ ഇത് ചേര്‍ത്തുവെച്ച് ചേരുമോ എന്ന് നോക്കിയ ശേഷം പിന്നീട് കൂടുതല്‍ കൊത്തുപണികള്‍ക്കായി തിരികെ കൊണ്ടുപോകും.

ക്ഷേത്രനിര്‍മാണത്തില്‍ വിദഗ്ധനായ ഗുരുവായൂര്‍ ഇളവള്ളി നന്ദനനാണ് വാതില്‍ നിര്‍മിച്ചത്. ഗുരുവായൂരില്‍ നിര്‍മിച്ച വാതില്‍ ഇളമ്പള്ളിയിലെ ഭക്തരുടെ താത്പര്യപ്രകാരം ഇവിടെയെത്തിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ശബരിമല ശ്രീകോവിലിന് മുന്‍പിലെ മണിമണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള രണ്ട് മണി സമര്‍പ്പിച്ചത് ഈ ഗ്രാമത്തിലെ ഭക്തരുടെ സഹകരണത്തോടെ ഇളമ്പള്ളിക്ഷേത്രത്തില്‍നിന്നായിരുന്നു.

ഹൈദരാബാദില്‍ എത്തിച്ച് സ്വര്‍ണം പൊതിഞ്ഞ് ചിത്രവേലകളോടെ കമനീയമാക്കുന്ന വാതില്‍ വീണ്ടും ഇളമ്പള്ളി ശാസ്താക്ഷേത്രത്തിലെത്തിക്കും. പിന്നീട് ഘോഷയാത്രയായാവും സ്വര്‍ണവാതില്‍ ശബരിമലയിലേക്ക് എത്തിക്കുകയെന്ന് ഇളമ്പള്ളി ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പിആര്‍ ഉണ്ണികൃഷ്ണന്‍ പാലാത്ത്, സെക്രട്ടറി ബിജു കണിയാംപറമ്പില്‍ എന്നിവര്‍ പറഞ്ഞു.