സെമി ഫൈനലില്‍ തളര്‍ന്ന് ബിജെപി; ഇനി 2019ലെ തെരഞ്ഞെടുപ്പ് ഫൈനലില്‍ വിധിയെങ്ങനെ?

ന്യൂഡല്‍ഹി: കഴിഞ്ഞത് സെമി ഫൈനല്‍. മോദി തരംഗം അസ്തമിക്കുന്നു. കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യം ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തിച്ചപ്പോള്‍ ബിജെപിയുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കി നഷ്ടമായ ജനപിന്തുണ കോണ്‍ഗ്രസ് തിരികെപ്പിടിച്ചു. കോണ്‍ഗ്രസിന് പോരാട്ടത്തിന് ബാല്യം ബാക്കിയാണ് എന്ന ശക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് വിജയം. ബിജെപി സ്വപ്നം കാണുന്ന ഏകപക്ഷീയമായ തെരഞ്ഞെടുപ്പ് വിജയത്തിനും മൃഗീയ ആധിപത്യത്തിനും ഏതായാലും ഇന്ത്യന്‍ ജനാധിപത്യത്തില്‍ തല്‍ക്കാലം സാധ്യതയില്ല. വിശാല സഖ്യം കോണ്‍ഗ്രസിനെ പിന്തുണ നല്‍കുക കൂടി ചെയ്യുമ്പോള്‍ വര്‍ദ്ധിത വീര്യത്തോടെ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയും.

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും അന്തിമവിധി ഇനിയും പുറത്തുവരാനിരിക്കെ ഒരുകാര്യം സംശയമില്ലാതെ പറയാം. നാളിതുവരെ ബിജെപി ആഘോഷിച്ച, ഓരോ റാലികളിലും പാടിനടന്ന മോദിപ്രഭാവത്തിന് മങ്ങലേറ്റിരിക്കുന്നു. അഞ്ചിടത്തും മോദിതരംഗം ആഞ്ഞടിച്ചില്ലെന്ന് ഫലസൂചനകളില്‍ നിന്ന് വ്യക്തം.

പയറും പരിപ്പും കണ്ടാല്‍ തിരിച്ചറിയാനാകാത്തവരാണ് ജനങ്ങളെ കൃഷി പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് രാജസ്ഥാനില്‍ കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണിത്. കര്‍ഷകപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച കോണ്‍ഗ്രസിനെ പ്രചാരണവേളയില്‍ ബിജെപിയും നേരിട്ടത് ഇങ്ങനെയൊക്കെയാണ്.

രാഹുല്‍ ഗാന്ധിക്ക് കൃഷിയറിയാമോ എന്നതോ കോണ്‍ഗ്രസ് എന്തുചെയ്തു എന്നതോ രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് പ്രധാനമല്ലായിരുന്നു. മോദിസര്‍ക്കാര്‍ എന്തുചെയ്തില്ല എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നു. അതുതന്നെയാണ് രാജസ്ഥാനിലെ ഫലസൂചനകള്‍ പറയുന്നത്. കഴിഞ്ഞ തവണ 163 എന്ന വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപി ഇക്കുറി ഇതുവരെയുള്ള ഫലം വരുമ്പോള്‍ 72ല്‍ ഒതുങ്ങി.

2014ലേതിന് സമാനമായി 2019നെ നേരിടാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊന്നും ഇനി പ്രസക്തിയില്ല. പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിന്റെ ആശങ്കയിലാണ് ബിജെപി ക്യാംപ്. ഒപ്പം സര്‍ക്കാരിന്റെ നേട്ടങ്ങളായി എക്കാലവും കൊട്ടിഘോഷിച്ച നോട്ടുനിരോധനവും മറ്റും തിരിച്ചടിയായെന്ന തിരിച്ചറിവും.

ആറാം വട്ടവും ഗുജറാത്തില്‍ മോദിപ്രഭാവത്തിലൂടെ നേടിയ വിജയം ഹിമാചല്‍ പ്രദേശിലെ ജയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നേറ്റം എന്നിവ നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. എന്നാല്‍ അഞ്ചിലെ ജനവിധി ഈ കൂട്ടുകെട്ടിനേറ്റ തിരിച്ചടി കൂടിയാവുകയാണ്.

കൊട്ടിഘോഷിച്ച നോട്ടുനിരോധനം പരാജയമാണെന്ന് തെളിഞ്ഞു. തൊഴിലില്ലായ്മയില്‍ യുവാക്കള്‍ വലഞ്ഞു. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിലത്തകര്‍ച്ച കര്‍ഷകരെയും അകറ്റി. രാജ്യം കണ്ട എക്കാലത്തെയും വലിയ കര്‍ഷകപ്രക്ഷോഭത്തെ അവഗണിച്ച് ബിജെപി വികസന അജണ്ടകളെക്കുറിച്ചും കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയെക്കുറിച്ചും സംസാരിച്ചു.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വജ്രായുധമായി മോദി എത്താതിരുന്നത് ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രിമാരിലും അവരുടെ ജനകീയതയിലും ഊന്നിയായിരുന്നു പ്രചാരണങ്ങളിലധികവും. ഇനിയും മോദിപ്രഭാവമെന്ന ആയുധം വിലപ്പോവില്ലെന്ന് മോദി തിരിച്ചറിഞ്ഞുകാണണം.