തെലങ്കാനയില്‍ ടിആര്‍എസ് തരംഗം

ഹൈദരാബാദ്: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെ തന്നെയായിരുന്നു തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ഫലം. മഹാകൂടമി സഖ്യത്തില്‍ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ആ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

പ്രതിപക്ഷ കൂട്ടായ്മയായ മഹാകൂടമി സഖ്യത്തെ ബഹുദൂരം പിന്നിലാക്കിയാണ് ടിആര്‍എസ് മുന്നേറിയത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ തെലങ്കാന രാഷ്ട്രസമിതി തെലങ്കാനയില്‍ വിജയം ഉറപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, തെലുങ്ക്‌ദേശം പാര്‍ട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവ ചേര്‍ന്ന സഖ്യമാണ് മഹാകൂടമി.

ബിജെപി വിരുദ്ധ വിശാലസഖ്യത്തിന്റെ പരീക്ഷണശാല ആയി ഏവരും നോക്കിക്കണ്ട സംസ്ഥാനമായിരുന്നു തെലങ്കാന. ഇവിടെ 119 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ടിഡിപി-കോണ്‍ഗ്രസ് സഖ്യത്തെ ജനങ്ങള്‍ കൈവിട്ടതോടെ വന്‍ വീഴ്ച്ച പറ്റിയിരിക്കുന്നത് ടിഡിപിയ്ക്കാണ്.

ടിഡിപി-കോണ്‍ഗ്രസ് ബാന്ധവം മഹാകൂടമി സഖ്യത്തെ അത്രകണ്ട് വിജയിപ്പിച്ചില്ല. ഒരുകാലത്ത് ബന്ധവൈരികളായിരുന്നു എന്നത് കൊണ്ട് തന്നെ ഇവര്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് സഖ്യം വന്നിട്ടും ഒന്നിച്ചുനിലനില്‍ക്കാന്‍ ആയില്ല. വാക്തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തെ പ്രതികൂലമായി ബാധിച്ചെന്ന് വേണം കണക്കാക്കാന്‍. കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടിയായി രൂപം കൊണ്ടതാണ് ടിഡിപി. അതേ പാര്‍ട്ടി കോണ്‍ഗ്രസുമായി കൈകോര്‍ക്കുമ്പോള്‍ ജനവികാരം എന്താകുമെന്ന ആശങ്കകള്‍ ശക്തമായിരുന്നു. അതിന്റ അനുരണനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പരാജയം.