പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എന്‍.എസ്.എസ്.ഒ.എന്‍.എയുടെ സഹായഹസ്തം

ന്യൂയോര്‍ക്ക്: കേരളത്തില്‍ പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന്‍റെ ഭാഗമായി അമേരിക്കയില്‍ നിന്നും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയും നായര്‍ ബനവലന്റ് അസോസിയേഷനും സംയുക്തമായി തലവടിയില്‍ പണി കഴിപ്പിച്ച ആദ്യത്തെ വീടിന്‍റെ താക്കോല്‍ ദാനം കരയോഗ ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. പ്രളയക്കെടുതി അനുഭവിക്കന്നവരെ കാണുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി എന്‍.എസ്. എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനില്‍ നായര്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന്! പല പഞ്ചായത്തുകളില്‍ നിന്നായി ഏറ്റവും അര്‍ഹരായവരെ തെരഞ്ഞെടുക്കുകയും, വീട് നഷ്ടമായവരില്‍ കുറച്ചു പേര്‍ക്കെങ്കിലും തല ചായ്ക്കാനൊരിടം കണ്ടെത്തുന്നതിന്റെ തുടക്കമായി തലവടി പഞ്ചായത്തിലെ രാജഗോപാലന്‍ നായര്‍ക്കുള്ള വീട് പണി ആരംഭിക്കുകയും ചെയ്തു.

എന്‍.എസ്. എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗത്തില്‍ നിന്ന് പ്രൊഫ. കലാ ജയന്റെ സാന്നിധ്യത്തില്‍, അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. നാരായണ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പുതുതായി പണികഴിപ്പിച്ച വീടിന്‍റെ താക്കോല്‍ രാജഗോപാലന്‍ നായര്‍ ഏറ്റുവാങ്ങി. തലവടി കരയോഗം ഭാരവാഹികളും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയെ പ്രതിനിധീകരിച്ച് പ്രൊഫ. കലാ ജയനും സംസാരിച്ചു. രാജഗോപാലന്‍ നായര്‍ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. ഡോ. വേണുഗോപാല്‍ പ്ലാച്ചേരില്‍ തന്‍റെ പ്രസംഗത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണെന്ന് പ്രസ്താവിച്ചു. എന്‍.എസ്.എസ്. വനിതാ സമാജം പ്രസിഡന്റ് ശ്രീകല എസ് നായര്‍ അനുമോദന പ്രസംഗം നടത്തി. വനിതാ സമാജം സെക്രട്ടറി വൃന്ദ കൃതജ്ഞത രേഖപ്പെടുത്തി. എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സെക്രട്ടറി സുരേഷ് നായര്‍ മുക്തകണ്ഠം പ്രശംസിച്ചു. അവരുടെ പ്രവര്‍ത്തനങ്ങളെ എത്ര പ്രകീര്‍ത്തിച്ചാലും മതിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റു പല പഞ്ചായത്തുകളിലും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന്‍റെ ചുമതല വഹിക്കുന്ന ടീമില്‍ പ്രൊഫ. കലാ ജയന്‍, ശ്യാം പരമേശ്വരന്‍, ദാസ് രാജഗോപാല്‍, സതീഷ് കുമാര്‍, സുജിത് കേനോത്, നീല്‍ മഹേഷ്, സുനില്‍ പിള്ള എന്നിവരാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസിഡന്റ്‌റ് സുനില്‍ നായര്‍ പറഞ്ഞു.

പ്രളയം ആരംഭിച്ചപ്പോള്‍ തന്നെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ നാട്ടില്‍ ഓടിയെത്തി അവശ്യ മരുന്നുകള്‍, ആഹാരം, വസ്ത്രങ്ങള്‍ മുതലായവ സംഘടിപ്പിച്ചുകൊണ്ട് എന്‍.എസ്.എസ്.ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രതിനിധികളായി പ്രവര്‍ത്തിച്ച സതീഷ് കുമാര്‍, ശ്യാം പരമേശ്വരന്‍, ദാസ് രാജഗോപാല്‍ എന്നിവരെ എത്ര അനുമോദിച്ചാലും അത് അധികമാവില്ലെന്ന് സുനില്‍ നായര്‍ പറഞ്ഞു.

ഹരിലാല്‍ നായര്‍, സിനു നായര്‍, മോഹന്‍ കുന്നംകളത്ത്, സുരേഷ് നായര്‍, അപ്പുക്കുട്ടന്‍ പിള്ള, ജയപ്രകാശ് നായര്‍, പ്രദീപ് പിള്ള, ബീന കെ. നായര്‍, മനോജ് പിള്ള, വിമല്‍ നായര്‍, കിരണ്‍ പിള്ള, സന്തോഷ് നായര്‍, പ്രസാദ് പിള്ള, ഉണ്ണിക്കൃഷ്ണന്‍ നായര്‍, അരവിന്ദ് പിള്ള, സുരേഷ് അച്ചുതന്‍ നായര്‍, നാരായണ്‍ നായര്‍, ജയകുമാര്‍ പിള്ള, ജയന്‍ മുളങ്ങാട്, ഡോ. ശ്രീകുമാരി നായര്‍, എം.എന്‍.സി. നായര്‍, സുരേഷ് പണിക്കര്‍, ബാല മേനോന്‍ എന്നിവരുടെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രമാണ് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍ 

Picture2

Picture3

Picture

Picture