അറ്റ്‌ലാന്റയില്‍ മാര്‍ത്തോമ്മ സഭയ്ക്ക് നാഴികകല്ലായി കര്‍മ്മേല്‍ മന്ദിരം

ഷാജി രാമപുരം

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം അറ്റ്ലാന്റയിൽ ഏകദേശം 42 ഏക്കറോളം വരുന്ന സ്ഥലത്ത് ആറ് മില്യൻ ഡോളർ ചിലവഴിച്ച് വാങ്ങിയ കർമ്മേൽ മാർത്തോമ്മ സെന്റർ എന്ന് നാമകരണം ചെയ്യപ്പെട്ട ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനം ഡിസംബർ 29 ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത സഭാ ജനങ്ങൾക്കായി സമർപ്പിക്കുന്നു.


സമർപ്പണ ശ്രുശ്രുഷയുടെ മുന്നോടിയായി ഇന്നും നാളെയും (വ്യാഴം, വെള്ളി) വൈകിട്ട് 6 മുതൽ 8 വരെ പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ പ്രസംഗകനും, പ്രമുഖ ഉണർവ്വ് പ്രഭാഷകനും ആയ റവ.ഡോ.മാർട്ടിൻ അൽഫോൺസ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷനിൽ മുഖ്യസന്ദേശം നൽകുന്നു.

ഡിസംബർ 29 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും, ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ സഹകാർമ്മികത്വത്തിലും അനേക വൈദീകരുടെ സഹകരണത്തിലും കർമ്മേൽ മാർത്തോമ്മ സെന്ററിന്റെ കൂദാശ കർമ്മം നടത്തപ്പെടുന്നു.

അറ്റ്ലാന്റയിൽ സാൻഡി സ്പ്രിങ്സ് – റോസ്‌വെൽ മെട്രോപൊളിറ്റൻ ഏരിയായിൽ ഓൾഡ് സ്റ്റോൺ മൗണ്ടൻ റോഡിൽ സ്ഥിതിചെയ്യുന്ന ഏകദേശം 2200 ൽ പരം ജനങ്ങൾക്ക് ഇരിപ്പടമുള്ള മനോഹരമായ ദേവാലയവും അതിനോടനുബന്ധിച്ച് 200 ൽ പരം പേർക്ക് ഇരിക്കാവുന്ന മറ്റൊരു ആലയവും, ഇൻഡോർ കോർട്ട്, 36 ക്ലാസ്സ്റൂം ഉള്ള ബഹുനില സ്കൂൾ കെട്ടിടം തുടങ്ങി വിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു വലിയ കെട്ടിട സമുച്ചയം ആണ് കർമ്മേൽ മാർത്തോമ്മ സെന്റർ എന്ന ഈ കേന്ദ്രം.

ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ മിഷൻ പ്രവർത്തനങ്ങളുടെയും, പോഷക സംഘടനകളുടെയും, പുതിയതായി ആരംഭിക്കുവാൻ പോകുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപന കേന്ദ്രം ആയിട്ടാണ് ഈ സെന്റർ ഇനി മുതൽ പ്രധാനമായും പ്രവർത്തിക്കുക എന്നും ഇപ്പോൾ അറ്റ്ലാന്റയിൽ നിലവിലുള്ള രണ്ട് മാർത്തോമ്മ ഇടവകളും ഒന്നിച്ച് പുതിയ ദേവാലയത്തിൽ ആയിരിക്കും തുടർന്ന് ആരാധന നടത്തുക എന്നും ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.മാർ ഫിലക്സിനോസ് അറിയിച്ചു.

ഭദ്രാസനത്തിലെ യുവജനങ്ങൾക്കായി ഡിസംബർ 29 ശനി രാവിലെ 10 മുതൽ 1 മണി വരെ പ്രത്യേക യൂത്ത് മീറ്റിങ്ങും, വൈകിട്ട് 6 മണി മുതൽ വിപുലമായ എക്യൂമെനിക്കൽ ഡിന്നറും, 30 ഞായറാഴ്ച്ച രാവിലെ 9.30 മുതൽ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെയും, ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.മാർ ഫിലക്സിനോസിന്റെയും കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന ശ്രുശ്രുഷയും നടത്തപ്പെടുന്നതാണന്ന് ഭദ്രാസന കൗൺസിലിനുവേണ്ടി സെക്രട്ടറി റവ.മനോജ് ഇടിക്കുള, ട്രഷറാർ ഫിലിപ്പ് തോമസ് സിപിഎ എന്നിവർ അറിയിച്ചു.

ഇന്നു മുതൽ ഞായറാഴ്ച വരെ നീണ്ടു നിൽക്കുന്ന കർമ്മേൽ മാർത്തോമ്മ സെന്ററിന്റെ പ്രവർത്തന ഉൽഘാടന ആഘോഷങ്ങളോട് അനുബന്ധിച്ച് ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിൽ നിന്ന് എത്തിച്ചേരുന്നവരെ സ്വികരിക്കുവാനും മറ്റ് ക്രമീകരണങ്ങൾക്കുമായി റവ.സ്കറിയ വർഗീസ്, റവ.അജു എബ്രഹാം, എബ്രഹാം നൈനാൻ, ഫിലിപ്പ് മാത്യു, ഡോ.ജോഷി ജേക്കബ്, വിനോദ് മാമ്മൻ, ഷൈനോ തോമസ്, അനിത നൈനാൻ, ജേക്കബ് കുറുന്തോട്ടിക്കൽ, റോയി ഇല്ലിക്കുളത്ത്, ടിജി മാത്യു, മാത്യു സാമുവേൽ, ചാക്കോ പി.വർഗീസ്, ഷാജൻ തോമസ്, മാത്യൂസ് അത്യാൽ, എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ പ്രവർത്തിക്കുന്നു.