കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലീംലീഗ്; മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണം

മലപ്പുറം: ലോക്‌സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്ത സംഭവത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംപിയോട് മുസ്ലീംലീഗ് വിശദീകരണം തേടി. മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണം. പാണക്കാട് തങ്ങളാണ് വിശദീകരണം തേടിയത്. പാര്‍ലമെന്റില്‍ എത്താതെ കുഞ്ഞാലിക്കുട്ടി വിവാഹത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു.

മുത്തലാഖ് ബില്ലില്‍ ലോക്‌സഭയില്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിനകത്തും പുറത്തും വിവാദം കനക്കുകയാണ്. ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സ്വീകരിച്ച വ്യത്യസ്തമായ നിലപാടുകളും പാര്‍ലമെന്റില്‍ തന്നെ ഹാജരാകാതെ പ്രവാസി വ്യവസായിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത പി കെ കുഞ്ഞാലി കുട്ടിയുടെ നടപടിയും ആണ് വിവാദമായിരിക്കുന്നത്. ബിജെപിയും എന്‍ ഡി എ യും കൊണ്ടുവന്ന മുത്തലാഖ് ബില്ലിനോട് മുസ്ലിം ലീഗ് തീരുമാനിച്ചുറപ്പിച്ച നിലപാട് എന്തായിരുന്നു എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.

മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ ഹാജരായില്ലെന്ന വിമര്‍ശനത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്ത് വന്നു. മുത്തലാഖ് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ എത്താനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നതായി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് താന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വിശദമാക്കി. മുത്തലാഖ് വിഷയത്തില്‍ മുസ്ലീം ലീഗ് നിലപാടിലെ മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നും ഇ ടി വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കിയവര്‍ക്ക് സദുദ്ദേശമല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

ബഹിഷ്‌കരിക്കാനായിരുന്നു മുസ്ലിം ലീഗ് തീരുമാനം എന്നാണ് എം കെ മുനീര്‍ വ്യക്തമാക്കിയത്. പുതിയ സാഹചര്യത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ടു ചെയ്തതെന്നും മുനീര്‍ പറയുന്നു.അതേസമയം ബഹിഷ്‌ക്കരിക്കാനോ എതിര്‍ത്ത് വോട്ട് ചെയ്യാനോ പാര്‍ലമെന്റില്‍ പോകാതെ പ്രവാസി വ്യവസായിയുടെ കല്യാണത്തിനു പോയ കുഞ്ഞാലിക്കുട്ടിയുടെ നടപടിയെ ബഹിഷ്‌കരണ തീരുമാനത്തിന്റെ ഭാഗമായി അവതരിപ്പിക്കാനും ലീഗ് നേതൃത്വത്തിലൊരു വിഭാഗം ശ്രമിക്കുന്നു. ഇതാണ് ലീഗിലെ ഭിന്നത മറനീക്കിയത്.

അതേസമയം മുത്തലാഖ് വിവാദം തത്പരകക്ഷികളുടെ കുപ്രചരണമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഇന്നലെ പറഞ്ഞിരുന്നു.  ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ല. ഇ.ടി.മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്തത് തന്നോട് കൂടി ആലോചിച്ച ശേഷമാണ്. ചര്‍ച്ചയ്ക്ക് ശേഷം സഭ ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. വോട്ടെടുപ്പില്‍ പങ്കെടുത്തത് പെട്ടെന്ന് എടുത്ത തീരുമാനമാണ്. അത്യാവശ്യമുള്ളതിനാലാണ് ലോക്‌സഭയില്‍ എത്താതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.