ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുട്ടിക്കെട്ടി; അശ്വിന് 12 വിക്കറ്റ്; ഇന്നിംഗ്‌സ് ജയം

മുംബൈ: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇരട്ട സെഞ്ചുറി നേടി മുന്നില്‍ നിന്നു നയിച്ചു, ആര്‍. അശ്വിന്‍ എന്ന ഓഫ് സ്പിന്നര്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിനെ കറക്കി വീഴ്ത്തി; ഫലം, നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സിന്റെയും 36 റണ്‍സിന്റെയും തകര്‍പ്പന്‍ ജയം. തോല്‍വി എത്രത്തോളം വൈകിപ്പിക്കാം എന്നു മാത്രം ലക്ഷ്യമിട്ട് ഇന്ന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സിനു പുറത്താവുകയായിരുന്നു.

ഇതോടെ അഞ്ചു മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. 3-0 ന് മുന്നിലാണ് ഇന്ത്യ. ഒരു മല്‍സരം സമനിലയിലും കലാശിച്ചു. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റ് പരമ്പര വിജയമാണിത്. കോഹ്‌ലി തന്നെയാണ് കളിയിലെ കേമനും.

അഞ്ചാം ദിവസമായ ഇന്ന് കളിയാരംഭിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ആറിന് 182 എന്ന പരിതാപകരമായ നിലയിലായിരുന്നു. ഒന്‍പതു റണ്‍സുനേടുന്നതിനിടെ നാലു വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട്400, 195. ഇന്ത്യ631.

രണ്ടു ഇന്നിങ്‌സിലും ആറു വിക്കറ്റ് വീതം വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്തിയത്. അശ്വിന്‍ നേടിയ 12 വിക്കറ്റുകള്‍ ഇന്ത്യയുടെ ടെസ്റ്റ് വിജയത്തില്‍ നിര്‍ണായകമായി. ടെസ്റ്റില്‍ അശ്വിന്റ് ഇരുപത്തിനാലാം അഞ്ചു വിക്കറ്റ് പ്രകടനമാണിത്. എട്ടാം വിക്കറ്റില്‍ കോഹ്ലിയും ജയന്തും ചേര്‍ന്നു നേടിയ 241 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. കോഹ്ലി മൂന്നാം ഇരട്ട സെഞ്ചുറി (235) കടന്നു. ജയന്ത് (104) കന്നി സെഞ്ചുറിയും.