കേരളം വികസിക്കുകയാണ്… ഒരു അമേരിക്കന്‍ മലയാളിയുടെ കാഴ്ചപ്പാടുകള്‍

-സിബി ഡേവിഡ്-

കൊച്ചിയിലെ ഒരു മൺസൂൺ ദിവസം.വിയർത്തു വെന്തു നീറുന്ന കാലാവസ്ഥ.ഒരു സർക്കാർ മീറ്റിംഗ് നടക്കുന്നു. പങ്കെടുക്കാനെത്തിയ ഒരാൾ മുണ്ടും വെള്ള ഷർട്ട് ഉം , ഒരാൾ  പാന്റ്സും ഷർട്ടും എന്നാൽ ബഹുഭൂരിപക്ഷവും സ്യൂട്ടും കോട്ടും ധരിച്ചിരിക്കുന്നു. ഈ  സ്യൂട്ടും കോട്ടും ധരിച്ചിരിക്കുന്നതിൽ ചിലർ മലയാളികളാണെന്നത് പ്രേത്യക ശ്രദ്ധക്ക്..

ഇനി മറ്റൊരു സീൻ .. 

കേരളത്തിലെ ഉഷ്ണകാലം .. തിരുവനന്തപുരത്തെ ഒരു മെഡിക്കൽ സ്റ്റോറിന്റെ മുൻവശം. പകൽ. വെയിൽ.ഉഷ്ണം കൊണ്ട് മനുഷ്യൻ വെന്തുരുകുന്നു .  ഒരു ചെറുപ്പക്കാരൻ ബൈക്കിൽ വന്നിറങ്ങുന്നു. ‘വിന്റർ കോട്ടും തലയിൽ ഹെല്‍മെറ്റും’ ധരിച്ചിരിക്കുന്നു. അപ്പോൾ തന്നെ വേറെ ഒരു പറ്റം ചെറുപ്പക്കാർ ഇതേ രീതിയിൽ തന്നെ ബൈക്കിൽ അത് വഴി പായുന്നു.

മറ്റൊരു രംഗം.. 

കോട്ടയത്തെ ഒരു കവല. ബസ് സ്റ്റോപ്പ്.ഒരു സാദാ ബേക്കറി. മുന്നിൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർ. സാധാരണക്കാരിൽ സാധാരണക്കാരി എന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും കൊച്ചു മകനും. ബേക്കറിയിലേക്കു കടന്നു വന്ന് അവർ ഷെൽഫിലുള്ള ആഹാരപദാര്ഥങ്ങളിലേക്കു മാറി മാറി നോക്കുന്നു. ചെറുക്കൻ വേറൊരു ഷെൽഫിലുള്ള എന്തോ ഒന്നിൽ തറച്ചു നോക്കുന്നു.  സ്ത്രീയുടെ  കൈയ്യിൽ തൂങ്ങി ചെറുതായി ചിണുങ്ങിക്കൊണ്ടു പറയുന്നു ” അമ്മെ എനിക്ക് ബർഗർ മതി “

മറ്റൊരു മഴക്കാലം. 

ജൂൺ മാസം. സ്കൂൾ തുറന്നു. വടശേരിക്കരയിലെ എന്റെ  ഗ്രാമത്തിലെ ഒരു സാദാ വീട്. രാവിലെ അമ്മ തന്റെ ഇളയ മകനെ സ്കൂളിലേക്കയക്കുകയാണ്. ഉയർന്ന വരുമാനക്കാരുടെ കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ആണ്. സ്കൂൾ ബസ് ഉടൻ വരും. വളരെ വൃത്തിയായി അണിഞ്ഞൊരുങ്ങി കുട്ടി  ‘ടൈ’ ധരിച്ചിരിക്കുന്നു.

കൊട്ടാരക്കരയിലെ ഒരു ക്രിസ്ത്യൻ വചനപ്രഘോഷണ വേദി. മലയാളിയായ ഒരു പ്രഘോഷകൻ സ്യൂട്ടും കോട്ടും ധരിച്ചിരിക്കുന്നു  അയാൾ ‘ഇംഗ്ലീഷിൽ’ തകർക്കുകയാണ്. മറ്റൊരു മലയാളി മലയാളത്തിൽ പരിഭാഷ ചെയ്യുന്നു.

മേല്പറഞ്ഞതൊക്കെ നമ്മുടെ കേരളത്തിലെ നിത്യക്കാഴ്ചകളാണ്.ലേഖകന്റെ നിരീക്ഷണത്തിൽ കേരളത്തിന്റെ കാലാവസ്ഥക്കും പരിതഃസ്ഥിതിക്കും യോജ്യമായി വേഷം ധരിക്കുന്നത് ആരാധനാലയങ്ങളിൽ മാത്രമാണ്.

കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ മുഖം കൂടി മറച്ചുള്ള വേഷവിധാനങ്ങൾ ആ മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി കാണാം. എങ്കിലും ഇത്ര കടുത്ത ആചാരം സ്ത്രീകളുടെ വേഷ വിധാനത്തിൽ മാത്രം വേണോ എന്നത് ബന്ധപ്പെട്ടവർക്ക് ചിന്തിക്കാവുന്നതാണ്.

ഈ വേഷപ്രച്ഛന്നതയും,  പാശ്ചാത്യ ആഹാരരീതികളോടുള്ള ഭ്രമവും, മലയാളം അറിയില്ലെന്ന മട്ടിൽ മംഗ്ലീഷിൽ ചൊല്ലുന്നതും ഒക്കെ നമ്മൾ നിത്യം ടെലിവിഷനുകളിൽ കണ്ടുകൊണ്ടിരിക്കുകയാണ്.

മനുഷ്യന്റെ ഈ ഭ്രമങ്ങളൊക്കെ ‘വികസനം ‘ ആയി കാണേണ്ടതുണ്ട്. വികസനത്തിന് വേണ്ടി നമ്മൾ മുറവിളി കൂട്ടുമ്പോൾ ഒന്ന് മനസ്സിലാക്കണം.  വികസനം ഒരു പാക്കേജ് ആണ്. അത് റോഡ് , പാലം, കാറുകൾ, കൂറ്റൻ ചില്ലു ഗോപുരങ്ങൾ, ഇന്റർനെറ്റ് എന്നിവ മാത്രമായി ചുരുങ്ങുന്നില്ല. മനുഷ്യന്റെ അടിസ്ഥാന അഭിരുചികളെയെല്ലാം അത് ഉഴുതു മറിക്കും.

കാലം മാറുംതോറും മാറ്റങ്ങൾ ഉണ്ടായികൊണ്ടേയിരിക്കും. അത് ഭാഷ, ആഹാരം , വസ്ത്രം, ലൈഗീകത തുടങ്ങി സകല ആസ്വാദനതലങ്ങളെയും ബാധിക്കും. ഇത് നാം ആവശ്യപ്പെടുന്നതാണ്. ഈ മാറ്റങ്ങൾ ആർക്കും നമ്മുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല.

പാശ്ചാത്യ രീതികൾ എന്ന് പൊതുവെ പറയുന്ന ഈ കാര്യങ്ങളൊക്കെ മോശമായി കാണേണ്ടതില്ല. പാശ്ചാത്യ രാജ്യങ്ങളിലെ സംസ്കാരത്തിനും, വ്യക്തി – സാമൂഹ്യ ബന്ധങ്ങൾക്കും,  ജീവിതാവസ്ഥകൾക്കും അത് യോജ്യമാണ്.  തനതായ പാരമ്പര്യമുള്ള മറ്റൊരു സംസ്കാരത്തിലേക്ക് അത് പകരുമ്പോഴാണ് പ്രശ്നം. എങ്ങനെ പകരുന്നു എന്നതാണ് പ്രശ്നം.

കൗമാരക്കാരിയായ സ്വന്തം മകളെ പ്രാപിക്കാൻ കൊതിക്കുന്ന അച്ഛൻ. സ്വന്തം മകളെ സാമ്പത്തിക നേട്ടങ്ങൾക്കായി പുരുഷന്മാർക്ക് കാഴ്ചവയ്ക്കുന്ന അമ്മമാർ, പള്ളിമേടയിലേക്ക് വിശ്വാസികളായ സ്ത്രീകളെയും പെൺകുട്ടികളെയും  വശീകരിക്കാൻ തക്കം നോക്കുന്ന വൈദികൻ, ദുരുപയോഗം ചെയ്യപ്പെടുന്ന ഗുരുശിഷ്യ ബന്ധങ്ങൾ, അങ്ങനെ കേരളീയ  ജീവിതത്തിന്റെ സമസ്ത മേഖലയിലും മൂല്യശോഷണം പ്രകടമാണ്.

നമ്മുക്ക് പൈതൃകമായി ലഭിച്ചു എന്ന് നാം അവകാശപെടുന്നതൊക്കെ അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കാൻ വേണ്ടി നാം എന്താണ് ചെയ്‌യുന്നത്‌. നമ്മുടെ വിദ്യഭ്യാസ സമ്പ്ര ദായങ്ങളിൽ അത് സാധ്യമാക്കാൻ നമ്മുക്ക് എത്രമാത്രം സാധിക്കുന്നു? പ്രാഥമിക വിദ്യാഭ്യാസം മാതാപിതാക്കളിൽ നിന്നാണ് എന്ന സത്യം മനസ്സിലാക്കുക. ആര്ഭാടങ്ങളിൽ അഭിരമിക്കാതിരിക്കാനും, അന്യന്റെ മുതൽ തട്ടി പറിക്കാതിരിക്കാനും, വെട്ടിപ്പിടിക്കാതിരിക്കാനും, അന്യായമായി സമ്പാദിക്കാതിരിക്കാനും അത്യാഗ്രഹികളെ സൃഷ്ടിക്കാതിരിക്കാനുമാണ് നമ്മൾ ആദ്യം പഠിക്കേണ്ടത്.

സ്വന്തം പാരമ്പര്യത്തിലും, വ്യക്തിത്വത്തിലും അഭിമാനമുള്ളവരാകുക. അതിന്റെ ഗുണങ്ങൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. സത്യം, ധർമം, നീതി ഈ ഗുണങ്ങൾ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ നമ്മൾക്ക് എന്ന് കഴിയുന്നോ അന്ന് നന്മയുടെ കിരണങ്ങൾ തെളിയുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.