പഴയ പൊലീസ് മുഖം മാറ്റിയെടുക്കും: മുഖ്യമന്ത്രി

തൃശ്ശൂര്‍: പൊലീസിന്റെ പഴയ മുഖം സര്‍ക്കാര്‍ മാറ്റിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ട സമയമാണിത്. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനം ഇനി മുതല്‍ പൊലീസ് സേനയ്ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി തൃശ്ശൂരില്‍ പറഞ്ഞു. കോസ്റ്റല്‍ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സേനയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിക്കുന്നുണ്ട്.

സംഭവിക്കാന്‍ പാടില്ലാത്തത് പൊലീസ് സേനയില്‍ സംഭവിക്കരുത്. തെറ്റ് ചെയ്താല്‍ കര്‍ശന നടപടി എടുക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അല്ലാത്തവരെ സംരക്ഷിക്കില്ല എന്നതാണ് നിലപാട്. പൊലീസിന് മാനുഷിക മുഖം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ നിന്ന് ലഭിച്ച 17,000 അപേക്ഷകരില്‍ നിന്നാണ് 5 സ്ത്രീകള്‍ ഉള്‍പ്പെടെ 177 പേരെ കോസ്റ്റല്‍ പൊലീസ് കേഡറ്റുകളായി തെരഞ്ഞെടുത്തത്.