കളഞ്ഞു പോയ പാദസരം തിരിച്ചുകിട്ടാൻ ഉടമ കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടി വന്നത് നാലായിരം രൂപ

കളഞ്ഞു പോയ പാദസരം തിരിച്ചുകിട്ടാൻ ഉടമ കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടി വന്നത് നാലായിരം രൂപ. കോതമംഗലം സ്വദേശിയായ പെൺകുട്ടിയാണ് കോർപ്പറേഷന്റെ നോക്കുകൂലിയിൽ പ്രതിസന്ധിയിലായത്. സിവിൽസർവീസ് പരീക്ഷ എഴുതുന്നതിനായി തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് പെൺകുട്ടിക്ക് ഒന്നരപ്പവന്റെ പാദസരം നഷ്ടമായത്. കണിയാപുരം ഡിപ്പോയുടെ ബസിലായിരുന്നു പെൺകുട്ടി യാത്ര ചെയ്തത്. കളഞ്ഞുകിട്ടിയ സ്വർണാഭരണം അടുത്ത അടുത്ത സീറ്റിലെ യാത്രക്കാരിയാണ് കെ.എസ്.ആർ.ടി.സിയെ ഏൽപ്പിച്ചത്. ഇക്കാര്യം അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ പൊലീസിന്റെ സഹായത്തോടെ പെൺകുട്ടി ഡിപ്പോയിൽ എത്തുകയായിരുന്നു.

പാദസരം വാങ്ങാനെത്തിയ പെൺകുട്ടിയിൽ നിന്നും 4000 രൂപയ്ക്ക് പുറമേ മുദ്രപത്രത്തിൽ സത്യവാങ്മൂലവും ആൾജാമ്യവും അധികൃതർ ആവശ്യപ്പെട്ടു. ഇത്രയും പുലിവാലായതോടെ ഇതിലും ഭേദം പാദസരം പോയെന്ന് ഓർത്ത് സമാധാനിക്കുകയായിരുന്നു നല്ലതെന്ന അവസ്ഥയിലായി പെൺകുട്ടി. നിയമവശങ്ങൾ നിരത്തി അധികൃതർ ന്യായവാദങ്ങൾ ഉയർത്തിയതോടെ തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ പെൺകുട്ടി തുക നൽകി പാദസരം വാങ്ങുകയായിരുന്നു. എന്നാൽ നഷ്ടപ്പെട്ട വസ്തുവിന്റെ വിപണി മൂല്യം കണക്കാക്കി 10 ശതമാനം സർവീസ് ചാർജ് വാങ്ങണമെന്ന നിയമം മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂവെന്നാണ് കെ.എസ.്ആർ.ടി.സി ഉദ്യോഗസ്ഥർ പറയുന്നത്.