ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ പ്രവാസികള്‍ക്ക് ആധാര്‍ ഉടന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ ഇനി കാത്തിരിപ്പില്ലാതെ ആധാര്‍ കാര്‍ഡ് ലഭിക്കും. മുമ്പ് പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കാന്‍ 180 ദിവസം കാത്തിരിക്കണമായിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആധാറിന് അപേക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യം വച്ചുള്ള ബജറ്റിലെ ഏക നിര്‍ദേശമാണിത്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്.അതുപോലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ നിര്‍ബന്ധമല്ലെന്ന ബജറ്റ് പ്രഖ്യാപനം നികുതിദായകര്‍ക്ക് ഏറെ ആശ്വാസകരമാകും. പാന്‍ കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. ”120 കോടിയിലേറെ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ആധാര്‍ കാര്‍ഡുണ്ട്. ആ സാഹചര്യത്തില്‍ നികുതിദായകര്‍ക്ക് നടപടികള്‍ എളുപ്പമാക്കാനായി പാന്‍ കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയും”. നിര്‍മല സീതാരാമന്‍ പറഞ്ഞു. നിലവില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമായിരുന്നു. ഇതിനായി ആധാറും പാനും ബന്ധപ്പിക്കുന്നതും നിര്‍ബന്ധമാക്കിയിരുന്നു.