തരക്കേടില്ല കേട്ടോ ഈ “സ്പാനിഷ് ഓംലറ്റ് “

മിനി വിശ്വനാഥൻ

“നിനക്ക് ദോശ തിന്നാൽ മടുക്കില്ലേ?”
മൂപ്പരുടെ ദയനീയമായുള്ള ആ ചോദ്യം ഞാൻ കേട്ടതായേ ഭാവിച്ചില്ല. ദോശ എന്നത് എന്റെ ഏതു കാലത്തെയും പ്രിയപ്പെട്ട വിഭവമാണ്. അരിമാവ് തീരാനായാൽ അതിൽ ഗോതമ്പ് പൊടിയും, റവയും ചേർത്ത് പോലും ഞാൻ ദോശയുണ്ടാക്കി തിന്നുകയും തീറ്റിക്കുകയും ചെയ്യും. വെള്ളിയാഴ്ച രാവിലെ ദോശ ഉണ്ടാക്കിയില്ലെങ്കിൽ എനിക്ക് എന്തോ ഒരു നഷ്ടബോധമാണ്.
ഈ ലോകത്തിലേക്ക് വെച്ച് ഏറ്റവും നല്ല ദോശയാണ് ഞാനുണ്ടാക്കുന്നത് എന്ന് ഒരു സർട്ടിഫിക്കറ്റും ഞാൻ എനിക്ക് തന്നെ ചാർത്തിയിട്ടുണ്ട്.

ഇത്തവണ അവധി ദിവസങ്ങൾ ഏറിയപ്പോൾ വിശ്വേട്ടൻ തുറന്നു പറഞ്ഞു , ഇനി വയ്യ പുട്ടും, കടലയും ഇടിയപ്പവും വെള്ളയപ്പവും മുട്ടക്കറിയുമൊന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ദോശ പറ്റില്ല. മാത്രമല്ല ദോശമാവ് നീട്ടിയൊഴിച്ച് നെയ്യിലും ബട്ടറിലും മൊരിച്ചെടുത്താൽ ഏത് ഐ.ടി ക്കാരനും അത്യുഗ്രൻ ദോശയുണ്ടാക്കാനുമാവും.

ദോശ വേണ്ട എന്നതു മാത്രമല്ല; ഇന്ന് ഓംലെറ്റ് വേണമെന്നുമാണ് പുള്ളിയുടെ ആവശ്യം…
ഓംലറ്റ് എനിക്കുമിഷ്ടമാണ്. പ്രത്യേകിച്ച് വെന്തു വരുന്ന ദോശയ്ക് മീതെ ചുറ്റിയൊഴിച്ച് അല്പം കുരുമുളക് പൊടി കൂടി വിതറിയാൽ ചമ്മന്തിയില്ലാതെയും ദോശ തിന്നാം. സന്തോഷത്തോടെ ഉള്ളിയും ഇഞ്ചിയും തപ്പി ഫ്രിഡ്ജിന്റെ ആഴങ്ങളിലേക്കിറങ്ങിയപ്പോഴാണ് മൂപ്പർ തന്റെ ആവശ്യം ഒന്നുകൂടി വൃത്തിയായും, കൃത്യമായും അവതരിപ്പിച്ചത്.
എനിക്ക് നീ സ്ഥിരമായുണ്ടാക്കുന്ന ചാർ സൗബീസ് ഓംലറ്റ് ഒന്നുമല്ല വേണ്ടത്..

‘സ്പാനിഷ് ഓംലറ്റ്’ ആണ്.

“തക്കാളി ചവിട്ടിക്കൂട്ടുന്ന ആചാരം ഉത്സവവമാക്കിയ ആ നാടിനെയേ എനിക്ക് ഇഷ്ടമല്ല. അത് കൊണ്ട് ഇതൊന്നും ഇവിടെ നടക്കില്ല” എന്ന് ഞാൻ പതിവുപോലെ തറുതല പറഞ്ഞൊഴിഞ്ഞു. എന്താണീ സാധനം എന്ന് എനിക്ക് ഒരു ഐഡിയയുമില്ലെന്ന സത്യം തുറന്ന് പറഞ്ഞ് മാനം കളഞ്ഞില്ല.

“പുളിങ്കറിയും, ഏറിയാൽ ഒരു മീൻ കറിയും ചോറും മാത്രമുണ്ടാക്കാനറിയുന്ന നിന്നോട് സ്പാനിഷ് ഫുഡുണ്ടാക്കാൻ പറഞ്ഞത് എന്റെ തെറ്റ് ,തക്കാളിയെറിയൽ മാത്രമല്ല, വൈൻ ബാറ്റിലിന്റെയും നാടാണ് സ്പെയിൻ” എന്ന് പിറുപിറുത്ത് മൂപ്പര് തന്നെ അടുക്കളയിൽ കയറി.

ആദ്യം ഒരു ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് നേരിയതായി മുറിച്ച് വെള്ളത്തിൽ കുതിർത്തു. അതിനു ശേഷം അത് വെള്ളം വാലാൻ വെച്ചു.

വലിയ ഒരു സവാള നീളത്തിൽ നേരിയതായി അരിഞ്ഞു.

മൂന്ന് മുട്ട ഉപ്പും കുരുമുളകും ചേർത്ത് അടിച്ചു വെച്ചു. (ഇന്ത്യൻ രുചി മുകുളങ്ങളെ തൃപ്തിപ്പെടുത്താൻ അല്പം പച്ചമുളകും കൂടി ആവാം എന്നൊരഭിപ്രായം എനിക്കുണ്ട് )
ഒരു ചീനച്ചട്ടിയിൽ വെജിറ്റബിൾ ഓയിൽ/ ഒലിവ്
ഒഴിച്ച് ഉരുളക്കിഴങ്ങും ഉള്ളിയും സ്വർണ്ണ നിറമാവുന്നത് വരെ വറുത്ത് (ഉപ്പ് ചേർക്കണം) കോരി അടിച്ചു വെച്ചിരിക്കുന്ന മുട്ടയിൽ ചേർക്കുക. ഇതിലേക്ക് ചീസും ചേർക്കാം.

പത്ത് മിനുട്ട് സെറ്റാവാൻ മാറ്റി വെക്കുക.

ഒരു പാനിൽ ബട്ടർ ഇട്ട് ചൂടാവുമ്പോൾ ഈ മുട്ട മിശ്രിതം ഒഴിച്ച് അടച്ചു വെച്ച് ലോ ഫ്ലെയിമിൽ വേവിക്കണം. അടിഭാഗം വിട്ടു വരുമ്പോൾ പാൻ ഒരു പാത്രത്തിൽ ചേർത്ത് വെച്ച് മറിച്ചിടണം. ചട്ടുകം കൊണ്ട് മറിച്ചിടാൻ നോക്കിയാൽ പൊട്ടിപ്പോവാൻ സാദ്ധ്യതയുണ്ട്. അഞ്ച് മിനുട്ട് കൊണ്ട് മറുഭാഗവും പാകമാവും.

ഏതായാലും വിജയകരമായി സ്പാനിഷ് ഓംലറ്റ് തയ്യാറായി. കൂട്ടത്തിൽ കഴിക്കാൻ ബ്രൗൺ ബ്രഡ് ബട്ടർ ചേർത്ത് ടോസ്റ്റ് ചെയ്തതും അലങ്കരിച്ചൊതുക്കി വെച്ചു….

പുതു രുചിയിൽ മനമലിഞ്ഞു പോയെങ്കിലും, സമ്മതിക്കാനൊരു വിഷമം ഉണ്ടായിരുന്നെന്നത് സത്യമാണ്. ദോശ പോലെ വട്ടത്തിൽ തന്നെയാണല്ലോ ഈ ഓംലറ്റും , അത് കൊണ്ട് കുഴപ്പമില്ല എന്ന് മാത്രം പറഞ്ഞ് ഉണ്ടാക്കിയതിൽ പകുതിയിലേറെ ഞാൻ തന്നെ തട്ടി.

തരക്കേടില്ല കേട്ടോ ഈ “സ്പാനിഷ് ഓംലറ്റ് “…
മൂപ്പരും പാചകം പഠിച്ചു തുടങ്ങി.