മയിൽ പീലി (നൊസ്റ്റാൾജിയ -1)

ഡോ.എസ്. രമ

കാന്തതയിൽ ഒരു കടിഞ്ഞാണില്ലാത്ത
കുതിരയുടെ
സാമീപ്യം ഞാനറിഞ്ഞു…
നിമിഷങ്ങൾ കൊണ്ട് കാലങ്ങൾ താണ്ടി..
പുറകോട്ടോടിയ കുതിര…..
കൂടെ ഞാനും…
ഒരു ഒഴിവുകാലയാത്രയെക്കാൾ മികച്ചത്..
ഭൂതകാലത്തിന്റെ ഇടവഴികളിൽ
ഞാൻ കണ്ടു…
സ്നേഹത്തിന്റെ രണ്ടു കുഞ്ഞുമുഖങ്ങളെ..
മാനം കാട്ടാതെ
കണ്ണനു കൊടുക്കാതെ
പുസ്തകതാളിനിടയിൽ
സൂക്ഷിക്കാനേൽപ്പിച്ച
ഒരു മയിൽ പീലിയെ…
കുഞ്ഞുമയിൽ പീലി ഉണ്ടാകുമ്പോൾ
തിരികെ നൽകാം..
നിഷ്കളങ്കതയുടെ ഒരു വാഗ്ദാനം
ഞാൻ ഓർത്തെടുത്തു…
കാലത്തിന്റെ ഒഴുക്കിൽ
നീന്തിയകന്ന രണ്ടു മുഖങ്ങൾ….
ഒടുവിൽ ഷെൽഫിൽ പരതിയെടുത്തു
ചിതലുകൾ മറന്നു വച്ച ആ ബുക്ക്‌…
താളുകൾക്കിടയിൽ ഇരുട്ടിനെ പ്രണയിച്ച്
മയിൽ പീലി…
വിടർന്ന കണ്ണുകളിൽ സ്നേഹം നിറച്ച്…
വീണ്ടും പറഞ്ഞു…
കണ്ണന്റെ നെറുകയിൽ ചൂടാതെ
മാനം കാണാതെ…
ഇരുട്ടിനെ പ്രണയിച്ച് ഞാൻ
ഇനിയും കാത്തിരിക്കും..
നിറമുള്ള സ്വപ്നങ്ങളുമായി…
കുഞ്ഞു മയിൽ പീലിക്കു വേണ്ടി…
സ്നേഹത്തിന്റെ മുത്തം
നൽകിയത് പഴയ
നിഷ്കളങ്കതയിൽ നിന്നായിരുന്നു…
അടച്ച പുസ്തക താളിനിടയിൽ വീണ്ടും
മയിൽ പീലി തപസ്സു ചെയ്തു…
ചിതലുകൾ തേടിയെത്താതെ..
ഞാനാ ബുക്ക്‌ വീണ്ടും സൂക്ഷിച്ചു..
കളങ്കമില്ലാത്ത
കുഞ്ഞുസ്വപ്‌നങ്ങൾക്കു വേണ്ടി…