ഓരോ വീട്ടിലും ഓരോ റേഡിയോ

ജിഷ രാജു
ഒരു കാലത്ത് കേരളത്തിലെ ഏതാണ്ടെല്ലാ വീടുകളുടെയും
സമയവുംചിട്ടയുംനിയന്ത്രിച്ചിരുന്നത് റേഡിയോകൾ ആയിരുന്നു.കാലത്ത് വന്ദേമാതരം… പാടിത്തുടങ്ങുന്ന ദിവസങ്ങൾ. അന്ന് ജീവതത്തിന് ഒരു താളവും ലയവും ഒക്കെ ഉണ്ടായിരുന്നു.എന്റെ വീട്ടിലും ഉണ്ടായിരുന്നു രണ്ട് റേഡിയോകൾ. ഒന്ന് ആധുനികനായ ഫിലിപ്സ് റേഡിയോ .അതിൽ കാസറ്റ് ഇട്ട് പാട്ട് കേൾക്കാമായിരുന്നു. വീട്ടിലെ ഓരോ അംഗങ്ങളുടേയും ഇഷ്ടത്തിന് അനുസരിച്ച് നടന്നിരുന്ന ഒന്നായിരുന്നു അത്. പഠനമുറിയിൽ, അലക്കു ക്കല്ലിൽ, അടുക്കളയിൽ അങ്ങിനെ പലയിടത്തും .

താരം അതല്ലായിരുന്നു. ഒരു വയസ്സൻ ടെലറാഡ് റേഡിയോ.
മഹാഭാരതവും, രാമായണവും, ശാകുന്തളവും ഇന്ദുലേഖയും, കരുണയും, എല്ലാം കൈകോർത്ത് ഇരിക്കുന്ന വട്ടമേശക്ക് മുകളിൽ ഒരു സിൽക്ക് തുണി വിരിച്ചിട്ടതിന് മീതെ, ഒരു രാജാവിനെ പോലെ അത് ഇരുന്നു.

ആകാശവാണി തൃശൂർ …
പ്രാദേശിക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ ..
വീടിന്റെ നിശബ്ദധയിലേക്ക് വാർത്തകൾ പെയ്തു നിറയുകയായി.വാർത്ത കേൾക്കുമ്പോൾ ആരും സംസാരിക്കില്ല. ഓരോ ദിവസവും ഓരോ മനുഷ്യന് താങ്ങാവുന്ന വാർത്തകളേ അന്ന് നമ്മുടെ കാതിൽ എത്തിയിരുന്നുള്ളൂ.

7.30 നുള്ള മലയാളം വാർത്തയുടെ സമയത്താണ് അച്ഛൻ ഷേവ് ചെയ്യുന്നത് .പിന്നാമ്പുറത്തെ തിണ്ണയിൽ ചാരി വച്ച മരത്തിന്റെ ഫ്രെയിച്ചുള്ള കണ്ണാടിക്കു മുൻപിൽ അച്ഛൻ ഇരിക്കുമ്പോൾ ഞാനും കൂടി അടുത്ത് ഇരിക്കും.ട്യൂബിൽ നിന്ന് ഞെക്കിയ അല്പം ക്രീം താടിയിൽ വെള്ളം ചേർത്ത് പതപ്പിക്കും. അതിനു ശേഷം റേസറിൽ പുതിയ ബ്ളെയിഡ് ഇട്ട് പതുക്കെ ഷേവിംഗ് തുടങ്ങും ഇതിനിടയിൽ ദേശീയ പ്രധാന്യമുള്ള ഏതെങ്കിലും കാര്യമാണ് സുഷമ പറയുന്നന്നതെങ്കിൽ ചെയ്യുന്ന പ്രവൃത്തി പതുക്കെ നിർത്തിയിട്ട് അത് ശ്രദ്ധിക്കും എന്നിട്ട് ഉറക്കെ വിളിച്ച് ചോദിക്കും “അമ്മ കേട്ടോ ഈ വാർത്ത ” എന്ന് .ഞാനും ശ്രദ്ധയോടെ എല്ലാ വാർത്തകളും കേൾക്കും പക്ഷേ പൊട്ടൻ കൊട്ടു കാണും പോലെയേ എനിക്കുള്ളൂ എല്ലാ വാർത്തകളും .. പിന്നെയും അച്ഛൻ റേയ്സർ ചലിപ്പിച്ച് തുടങ്ങും അടുത്തത് മീശ ശരിയാക്കൽ ആണ് .ഓരോ കവിളും മാറി മാറി വീർപ്പിച്ച് മീശത്തുമ്പുകൾ ശരിയാക്കും.പിന്നെ ചുണ്ടുകൾ ചേർത്ത് പിടിച്ച് ചിരിക്കും. എന്നോടാണ് ചിരിക്കുന്നത് എന്ന് കരുതി ഞാനും തിരിച്ച് ഹൃദയപൂർവ്വം ചിരിക്കും. പക്ഷേ മീശ ശരിയാക്കാനുള്ള ചിരിയാണത്. ഈ ദൈനംദിന ചമ്മൽ എത്ര കരുതി ഇരുന്നാലും എനിക്ക് സംഭവിക്കും.
മോണാർക്ക് എന്ന ആഫ്റ്റർ ഷേവിംഗ് ലോഷൻ അല്പം കൈയ്യിൽ ഒഴിച്ച് താടി തലോടും പിന്നെ എന്റെ കവിളിലും അത് തേയ്ക്കും. നല്ല മണവും തണുപ്പുമാണതിന് .ലോഷന്റെ തണുപ്പ് കവിളിൽ നിന്ന് വിടുന്നതിന് മുൻപേ വാർത്ത തീർന്നിട്ടുണ്ടാവും.

പിന്നെ വരുന്നത് മലയാള ചലച്ചിത്ര ഗാനങ്ങൾ ആണ്. ഞാനോടി ഇടനാഴിയിൽ ചെന്നിരിക്കും.. ദോശയുണ്ടാക്കുന്ന ശബ്ദത്തിന്റേയും ചമ്മന്തിയുടെ മണത്തിന്റേയും ഇടയിലേക്ക് യേശുദാസിന്റേയും ,ചിത്രയുടേയും ജാനകിയമ്മയുടേയും പാട്ടുകൾ ഇറങ്ങി വരും.ആ പാടുന്നവരെ കാണാൻ കാണാൻ വേണ്ടി റേഡിയോ തുറന്ന് നോക്കാൻ എത്രയോ പ്രാവശ്യം ഞാൻ തന്നെ എന്നെ നിർബന്ധിച്ചിട്ടുണ്ട്.

റേഡിയോയിൽ വാണിജ്യ പ്രക്ഷേപണം തുടങ്ങുമ്പോഴായിരിക്കും മൊരിഞ്ഞ ദോശ ചട്നിയിൽ മുക്കി ഞങ്ങൾ കഴിച്ച് തുടങ്ങുന്നത്.ഇനി റേഡിയോയും കേട്ട് തൂങ്ങി പിടിച്ച് നിൽക്കണ്ട ?വേഗം സ്കൂളിൽ പോകാൻ നോക്കിക്കൊ? ഹോം വർക്ക് എല്ലാം ചെയ്തിട്ടില്ലേ? അമ്മ ചോദിക്കുമ്പോൾ ഉണ്ടന്നോ ഇല്ലന്നോ എന്ന് അർത്ഥം വരാത്ത രീതിയിൽ ഞാൻ തലയാട്ടും. ഇല്ല എന്ന ഉത്തരത്തിന് അടി ഉറപ്പാണ്.

തലേന്ന് കൊണ്ടു വച്ച പുസ്തക സഞ്ചി അതേപോലെ ത്തന്നെയെടുത്ത് അച്ഛന്റെ കൂടെ ബസ്സ് സ്റ്റോപ്പിലേക്ക് നടക്കും. ബസ്സ് സ്‌റ്റോപ്പിലെ ചായക്കടയിൽ നിന്ന് ഒമ്പത് മണിയുടെ വാർത്ത കേൾക്കുന്നുണ്ടാവും. വാർത്ത കേട്ട് ഗഹനമായ ചർച്ചകൾ നടത്തുന്നവരുടെ ഇടയിൽ നിന്ന് മനസ്സില്ലാ മനസ്സോടെ ബസ്സിൽ കയറും.

ഒഴിവ് ദിവസങ്ങൾ ആണ്ഏറ്റവും രസകരം.12-30 ന്റെ പ്രദേശിക വാർത്തയ്ക്ക് ഉച്ചയൂ ണൊരുക്കത്തിന്റെ താളമുണ്ട്.ഞായറാഴ്ചകളിൽ വരുന്ന മാവേലിക്കര രാമചന്ദ്രന്റെ കൗതുക വാർത്ത മീൻ വറുക്കുന്നതിന്റെ മണവും മായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഭക്ഷണം കഴിഞ്ഞ് ഉച്ചമയക്കത്തിന് പാടി ഉറക്കാൻ ചലച്ചിത്ര ഗാനങ്ങളും.ചായയുടെ മണവുമായി തെക്കു കിഴക്കൻ കാറ്റിലൂടെ സിലോൺ റേഡിയോയുടെ പാട്ടിന്റെ ഒരു തേര് കാറ്റിലങ്ങനെയാടിയാടി എത്തും.അന്തിച്ചുവപ്പ് അണഞ്ഞ് തുടങ്ങുമ്പോൾ നാടൻ ശീലുമായി വയലും വീടും എത്തും. സ്ഥിരം ശ്രോതാവായി അച്ഛമ്മ ഉണ്ടാവും എല്ലാം കേട്ട് കഴിഞ്ഞ് “തെങ്ങിന് വളം ഇടേണ്ട സമയം കഴിഞ്ഞു “എന്നും പറഞ്ഞ് എണീറ്റ് പോകും.മീറ്റ് ദ പ്രസ്സ് | ടു ഡേ ഇൻ പാർലിമെന്റ് ഇതെല്ലാം കേട്ട് വിലയിരുത്തുന്ന മുതിർന്നവർ

വാണിജ്യ നിലവാരം പറയുമ്പോൾ ഉറക്കം വരാൻ തുടങ്ങും. കുരുമുളകിന്റെ കമ്പോള നിലവാരം ഇരിങ്ങാലക്കുടയിൽ എന്നു പറയുമ്പോഴെക്കും ഉറക്കം പൂർണ്ണതയിൽ എത്തിക്കാണും. നെഞ്ചോടടുക്കിപ്പിടിച്ച റേഡിയോ ക്കാലം.റേഡിയോ ഒരുകാലത്തിന്റെ ശക്തമായൊരു സാന്നിദ്ധ്യം ആയിരുന്നു .റേഡിയോ ഇല്ലാത്തവർ വിശേഷദിവസങ്ങളിൽ അതുള്ളവരുടെ വീടുകളിൽ പോയി ചലച്ചിത്രശബ്ദരേഖകളും നാടകോത്സവങ്ങളുമെല്ലാം കേൾക്കും ..
വല്ലത്തൊരു ആത്മബന്ധം മനുഷ്യർക്കിടയിലുണർത്താൻ റേഡിയോ വഹിച്ച പങ്കു വളരെ വലുതാണ്…

ഇന്ന്..എന്ത് ക്രൂരതയും വൃത്തികേടുകളും, വളച്ചൊടിക്കപ്പെട്ട വാർത്തകളും നമ്മുടെ സ്വകാര്യതകളിലേക്ക് ടെലിവിഷനിൽ നിന്നും യാതൊരു മാന്യതയുമില്ലാതെ വാർന്നു വീഴുന്നു.മാനവികത മരിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യവും നമ്മളിന്ന് തിരിച്ചറിയുന്നു.കാലം മുന്നോട്ടും..മനസുകൾ പിന്നോട്ടും സഞ്ചരിക്കുന്ന വൈചിത്ര്യത്തെ നമ്മൾ ദയനീയമായി ഉൾക്കൊള്ളുന്നു..

വായനയും,റേഡിയോയും സജീവമായിരുന്ന ആ കാലത്തിന്റെ നന്മകളെ നമുക്ക് തിരിച്ചെടുക്കേണ്ടിയിരിക്കുന്നു..
കൂറ്റൻ ടെലിവിഷനു പകരം ഓരോ വീട്ടിലും റേഡിയോ തിരിച്ചെത്തണം…നമ്മുടെ സമയത്തെ എങ്ങനെ ചെലവിടണമെന്ന പൂർണ്ണാധികാരം നമ്മൾ പിടിച്ചെടുക്കണം..
നല്ല മലയാളം ഇനിയും മരിച്ചിട്ടില്ലെന്ന സത്യം റേഡിയോ പറയുമ്പോൾ അതിനു ചെവികൊടുക്കേണ്ടത് വരും തലമുറയോടു ചെയ്യുന്നൊരു പുണ്യമാണ്…

ഓരോ വീട്ടിലും ഓരോ റേഡിയോ …
ചിലവു കുറവ്..അറിവ് കൂടുതൽ ..
അല്ലേ?….