കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചു. ചിക്കബൽകാപുർ എം.എൽ.എ ഡോ. കെ. സുധാകർ, ഹൊസകൊട്ടെ എം.എൽ.എ എം.ടി.ബി നാഗരാജ് എന്നിവരാണ് രാജിവെച്ചത്. ഇവർ സ്പീക്കർ കെ.ആർ. രമേശ്കുമാറിന് രാജിക്കത്ത് കൈമാറി. ഇതോടെ രാജിവെച്ച കോൺഗ്രസ്-ജെ.ഡി.എസ് വിമതരുടെ എണ്ണം 16 ആയി ഉയർന്നു. നേരത്തെ രാജിവച്ച വിമത എംഎൽഎമാർ ഇപ്പോൾ മുംബെെയിലെ ഹോട്ടലിലാണ് ഉള്ളത്. വിമതരെ അനുനയിപ്പിക്കാൻ മുംബെെയിലെത്തിയ കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
മടങ്ങിപ്പോകണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കാതെ റിനൈസൻസ് ഹോട്ടലിന് മുന്നിൽ തങ്ങിയതിനാണ് ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവകുമാർ ഭീഷണിപ്പെടുത്തിയതായി വിമത എംഎൽഎമാർ നേരത്തെ പരാതി നൽകിയിരുന്നു. ഭീഷണിയുണ്ടെന്ന് ആരോപിച്ച് വിമത എംഎല്‍എമാര്‍ മുംബൈ പൊലീസിനാണ് പരാതി നൽകിയത്. അതേസമയം, കെ. സുധാകറിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കർണാടക പി.സി.സി രംഗത്തെത്തി. സുധാകറുമായി പി.സി.സി അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു കൂടിക്കാഴ്ച നടത്തുന്നു. ഇതിനിടെ, കൂടുതൽ എം.എൽ.എമാർ രാജിവെക്കുമെന്ന വാർത്ത പുറത്തു വരുന്നുണ്ട്.