അമേഠിയുമായുള്ള ബന്ധം ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി

ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയോട് പരാജയപപ്പെട്ടശേഷം ആദ്യമായി രാഹുൽ ​ഗാന്ധി അമേഠി സന്ദര്‍ശിച്ചു. സന്ദർശനം തനിക്ക് വീട്ടിൽ തിരിച്ചെത്തിയതുപെലെയെന്നും അമേഠിയുമായുള്ള ബന്ധം ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രദേശവുമായുള്ള തന്റെ ബന്ധം വ്യക്തിപരമാണ്. രാഷ്ട്രീയമല്ല. ജയവും തോല്‍വിയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍, ഒരുകാലത്തും അമേഠിയെ ഉപേക്ഷിക്കാനാവില്ല.

കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുള്ള നീണ്ട പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. പാര്‍ട്ടിയെ ശക്തമാക്കുന്നതിനുള്ള നീക്കങ്ങളില്‍ എന്നും പ്രവര്‍ത്തകര്‍ക്ക് ഒപ്പംനില്‍ക്കും. അമേഠിയിലെ നിര്‍മല ദേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക നേതാക്കളും അടക്കം 1200 പ്രവര്‍ത്തകരെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ 15000ലേറെപ്പേര്‍ യോഗത്തിനെത്തി. അന്തരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗപ്രസാദ് ഗുപ്തയുടെ വീടും രാഹുല്‍ സന്ദര്‍ശിച്ചു.