സിനിമയ്ക്കും മുമ്പേ ദൃശ്യം മോഡല്‍ കൊലപാതകം

തലയോലപറമ്പിലെ ജോർജ്കുട്ടിയായി അനീഷ്

തലയോലപ്പറമ്പ്: മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫിന്‍റെ ദൃശ്യം സിനിമ സൃഷ്ടിക്കുന്നതിന് മുമ്പേ അനീഷ് ആ സിനിമയുടെ ക്ലൈമാക്സ് തലയോലപ്പറമ്പില്‍ എട്ടുവര്‍ഷം മുമ്പ് സൃഷ്ടിച്ചിരുന്നു. കൊലപാതകം നടത്തി കെട്ടിടത്തിനുള്ളില്‍ ശവം കുഴിച്ചിടുന്നതായിരുന്നു ആ സിനിമയുടെ മുഖ്യ ക്ലൈമാക്സ്.

എട്ട് വര്‍ഷം മുമ്പ് കാണാതായ സ്വകാര്യ പണമിടപാടുകാരന്‍ മാത്യുവിനെ കൊന്നു കുഴിച്ചുമൂടിയതാണെന്ന് വെളിപ്പെടുത്തല്‍. കള്ളനോട്ട് കേസില്‍ പിടിയിലായ ടി.വി പുരം സ്വദേശി അനീഷാണ് മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് പൊലീസിനോട് സമ്മതിച്ചത്.

mathew01

മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ മൂന്നു നില കെട്ടിടത്തിന്റെ അടിത്തറ പൊളിച്ച് പൊലീസ് ഇപ്പോള്‍ പരിശോധിക്കുകയാണ്. തലയോലപ്പറമ്പില്‍ പണമിടപാടുകള്‍ നടത്തിയിരുന്ന കാക്ക മാത്തന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മാത്യുവിനെ 2008ലാണ് കാണാതായത്. പള്ളിക്കവലയ്ക്കടുത്തുള്ള സിനിമാ തിയറ്ററിനു സമീപം മാത്യുവിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.

കൊല്ലപ്പെട്ട മാത്യു
കൊല്ലപ്പെട്ട മാത്യു

പലരോടും വാങ്ങിയ പണവുമായി മാത്യു മുങ്ങിയതാണെന്ന് അന്നു പ്രചാരണം ഉണ്ടായി. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് കള്ളനോട്ടു കേസില്‍ ടി.വി പുരം സ്വദേശി അനീഷിനെ മല്ലപ്പള്ളി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനിടെ അനീഷിന്റെ പിതാവ് വാസു മാത്യവിനെ കൊലപ്പെടുത്തിയത് തന്റെ മകനാണെന്ന് മാത്യുവിന്റെ മകള്‍ നൈസിയോട് പറയുകയായിരുന്നു.

ഇതോടെ നൈസി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് അനീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ കൊലപാതക വിവരം വെളിപ്പെടുകയായിരുന്നു. അനീഷ് കൊല്ലപ്പെട്ട മാത്യുവില്‍ നിന്ന് പണം പലിശയ്ക്ക് വാങ്ങിയിരുന്നു. വീടും സ്ഥലവും അനീഷ് ഈടായി നല്‍കി. പലിശ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് മാറാന്‍ മാത്യു ആശ്യപ്പെട്ടു. ഇതാണ് കൊലപാതകത്തിന് കാരണം.

മാത്യുവിനെ എട്ടുവര്‍ഷം മുന്‍പ് കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് ഇന്ന് മൂന്നുനില കെട്ടിടമാണ്. ഇവിടെ പ്രതിയെ എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. കെട്ടിടത്തിന്റെ ഉള്‍വശം കുഴിച്ചു തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പോലീസ്. കാണാതായ ദിവസം രാത്രി പത്തുമണിവരെ മാത്യു അനീഷിനോടൊപ്പം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

പ്രതി അനീഷിന്റെ പിതാവ് കൊല്ലപ്പെട്ട മാത്യുവിന്റെ മകള്‍ നൈസിയുമായി നടത്തിയ സംഭാഷണം