പൃഥ്വിരാജിന്റെ പ്രതിഫലം രണ്ട് കോടി; നാല് വര്‍ഷത്തേക്ക് ഡേറ്റില്ല

 

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം:യങ് സൂപ്പര്‍താരം പൃഥ്വിരാജിന്റെ നാല് സിനിമകള്‍ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റായതോടെ മലയാള സിനിമ താരത്തിന് പിന്നാലെ. രണ്ട് കോടിയാണ് പ്രതിഫലം. എന്നാല്‍ അതില്‍ കൂടുതല്‍ തുക നല്‍കി നിര്‍മിക്കാന്‍ ആളുകളുണ്ട്. ലോക്കേഷനില്‍ ദിവസവും 20 പതോളം പേരാണ് കഥ കേള്‍ക്കാന്‍ വരുന്നത്. ആരെയും താരം നിരാശപ്പെടുത്തുന്നില്ല. കഥ ഇഷ്ടപ്പെട്ടാല്‍ ഏത് പുതിയ ആളുടെ സിനിമയും ചെയ്യും. ഉയരം കൂടുന്തോറും ലളിതമാകുന്ന മനുഷ്യന്‍ എന്നാണ് താരത്തെ പറ്റി സിനിമയിലുള്ളവര്‍ പറയുന്നത്.

തൊണ്ണൂറുകളുടെ പകുതി വരെ മമ്മൂട്ടിയും മോഹന്‍ലാലും പുതുമുഖ സംവിധായകര്‍ക്ക് അങ്ങനെ അവസരങ്ങള്‍ നല്‍കില്ലായിരുന്നു. മമ്മൂട്ടി ആ നിലപാടില്‍ ആദ്യം മാറ്റം വരുത്തി. പിന്നീട് ലാലും. എന്നാല്‍ പൃഥ്വിരാജ് കരിയറിന്റെ തുടക്കം മുതല്‍ പുതുമുഖ സംവിധായകര്‍ക്കും താരങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. മൊയ്തീന്‍ എന്ന ചിത്രത്തിലേക്ക് സുരഭിയെയും ടൊവീനോയെയും നിര്‍ദ്ദേശിച്ചതും രാജുവാണ്. പരസ്യചിത്രങ്ങള്‍ മാത്രം ചെയ്തിട്ടുള്ള ശ്യംധറിനെ വെച്ച് സെവന്‍ത് ഡേ ചെയ്യാന്‍ തയ്യാറായതും രാജു തന്നെ.

കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഏത് സംവിധായകനോടും താരം തുറന്ന് പറയും. അല്ലാതെ നോക്കാം എന്നൊന്നും പറഞ്ഞ് ഒഴിഞ്ഞ് മാറില്ല. ഇഷ്ടപ്പെട്ടാല്‍ പുതിയ സംവിധായകരോടും തിരക്കഥാകൃത്തുക്കളോടും ഫോണില്‍ കാര്യം പറയും. തിരക്കഥകളെല്ലാം പൂര്‍ണമായും വായിക്കും. തന്റെ പ്രൊഫഷനോട് അത്രയ്ക്ക് ഡെഡിക്കേഷനാണ്. ആസിഫ് അലിക്കും ഉണ്ണിമുകുന്ദനും ഒന്നും ഇപ്പോഴും ഒരു സൂപ്പര്‍ഹിറ്റ് ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ കാര്യം ഈ ഗുണങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണ്- ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു.