കോണ്‍ഗ്രസ് അദ്ധ്യക്ഷപദവി; ചുരുക്കപ്പട്ടികയില്‍ പ്രിയങ്ക

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷ പദവിയിലേക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി മാത്രമെന്ന് സൂചന. പുതിയ നേതാവിനായി ചുരുക്കപ്പട്ടിക ഉണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രിയങ്കയുടെ പേര് മാത്രമാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്, കേരളത്തില്‍ നിന്നുള്ള ശശി തരൂര്‍ എന്നിവര്‍ പ്രിയങ്ക അമരത്തെത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു. നേരത്തെ, മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെ, സുഷീല്‍ കുമാര്‍ ഷിന്‍ഡെ, ദിഗ് വിജയ് സിങ്, കുമാരി സെല്‍ജ, മുകുള്‍ വാസ്‌നിക്, സചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നീ പേരുകള്‍ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു.
പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ പ്രിയങ്ക അദ്ധ്യക്ഷയാകണമെന്ന് ആവശ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസ് ഇപ്പോള്‍ നാഥനില്ലാ കളരിയായി മാറിയെന്നും പ്രിയങ്ക വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമരീന്ദര്‍സിങ് ഗാന്ധി തലമുറയിലെ ഇളമുറക്കാരി അദ്ധ്യക്ഷപദവിയിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തനിക്ക് പകരം ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തു നിന്നുള്ള ആളെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അദ്ധ്യക്ഷയാകാനില്ലെന്ന് പ്രിയങ്കയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നേതാക്കളുടെ കൂട്ടായുള്ള സമ്മര്‍ദ്ദത്തിന് മുമ്പില്‍ രാഹുലും പ്രിയങ്കയും വഴങ്ങുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ കണക്കു കൂട്ടുന്നത്.

രാഹുല്‍ യു.എസില്‍ നിന്ന് തിരിച്ചെത്തിയ സാഹചര്യത്തില്‍ ഈയാഴ്ച തന്നെ പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരും. ഇതില്‍ അന്തിമ തീരുമാനമുണ്ടാകും എന്നാണ് നേതാക്കള്‍ കരുതുന്നത്. സൊന്‍ഭദ്രയില്‍ ഈയിടെ നടത്തിയ ഇടപെടലില്‍ ദേശീയ മാദ്ധ്യമശ്രദ്ധ പ്രിയങ്കയ്ക്കു കിട്ടിയ സാഹചര്യത്തില്‍ ഈ അവസരം മുതലെടുക്കണമെന്ന് നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടേക്കും. വിവിധ വിഷയങ്ങളില്‍ ട്വിറ്ററിലും അവരിപ്പോള്‍ സജീവമാണ്. അതേസമയം, അദ്ധ്യക്ഷപദവി ഏറ്റെടുക്കാനില്ലെന്ന് പ്രിയങ്കയും രാഹുലും കടുത്ത നിലപാട് എടുത്താല്‍ തീരുമാനം ഇനിയും വൈകുമെന്നാണ് സൂചന.