പ്രേതത്തിന് പട്ടിയുടെ വക എട്ടിന്‍റെ പണി

രാത്രികാലങ്ങളില്‍ ആലപ്പുഴ കൈതവനയും പരിസരങ്ങളിലും നാട്ടുകാരെ പേടിപ്പിച്ച പ്രേതത്തെ തെരുവ് പട്ടികള്‍ കടിച്ചു കുടഞ്ഞു 

രാത്രികാലങ്ങളില്‍ വെള്ള വസ്ത്രം ധരിച്ച് നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന പ്രേതം പട്ടികടിയോടെ മുങ്ങി 

 

ആലപ്പുഴ : അങ്ങനെ തെരുവുപട്ടിയെ കൊണ്ട് നാട്ടുകാര്‍ക്ക് ഒരുഗുണമുണ്ടായി. രാത്രികാലങ്ങളില്‍ കറങ്ങി നടന്ന പ്രേതത്തെ നായ്ക്കൂട്ടം കൈകാര്യം ചെയ്തു.  ആഴ്ചകളായി നാട്ടുകാരെ വട്ടം കറക്കിയിരിക്കുന്ന പ്രേത ശല്യത്തിന് അപ്രതീക്ഷിത വിരാമം. ആലപ്പുഴ നഗരസഭയിലെ കൈതവന വാര്‍ഡില്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന വെള്ള വേഷധാരിയുടെ വിളയാട്ടമാണ് തെരുവുനായയുടെ ശൗര്യത്തിന് മുന്നില്‍ കീഴടങ്ങിയത്.

ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ യുവാക്കളും പോലീസുമുള്‍പ്പെടെ തിരച്ചില്‍ നടത്തിയിട്ടും പിടികൂടാന്‍ കഴിയാതിരുന്ന പ്രേതത്തെ കഴിഞ്ഞ ദിവസമാണ് പ്രസവിച്ചു കിടന്ന പട്ടി ഓടിച്ചിട്ട് കടിച്ചത്. പട്ടിയുടെ കുര കേട്ട് പ്രദേശവാസികള്‍ ഉണര്‍ന്നുവെങ്കിലും ഭയം മൂലം പുറത്തിറങ്ങിയിരുന്നില്ല. പട്ടിയെ ഓടിക്കുന്നതിനായുള്ള പുരുഷ ശബ്ദം കേള്‍ക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ നോക്കിയപ്പോഴാണ് സ്ഥലത്ത് ചോരപ്പാടുകള്‍ കണ്ടത്.

ഇതിനു ശേഷം പ്രദേശത്ത് വെള്ള വേഷ ധാരിയുടെ ശല്യം ഇല്ലാതായിരിക്കുകയാണ് . ആഴ്ചകള്‍ക്കു മുമ്പാണ് കൈതവന പ്രദേശത്തെ വീടുകളില്‍ രാത്രികാലങ്ങളില്‍ വെള്ളയും വെള്ളയും ധരിച്ച് തലയില്‍ കെട്ടുമായെത്തുന്നയാള്‍ കതകില്‍ തട്ടുകയും കോളിംഗ് ബെല്‍ അടിക്കുകയും ചെയ്യുന്ന സംഭവമുണ്ടായത്. രാത്രികാലങ്ങളില്‍ പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായെത്തുന്ന ഈ രൂപം പലരെയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ടാഴ്ചമുമ്പ് പുലര്‍ച്ചെ 1.30-ഓടെ നഗരത്തില്‍ നിന്നും പ്രദേശത്തേക്ക് സവാരിക്കെത്തിയ ഓട്ടോ ഡ്രൈവര്‍ തിരികെ പോകുന്നതിനിടയില്‍ മാത്തൂര്‍ ലൈന്‍ റോഡിലെ നടുപ്പറമ്പ് മൂലയില്‍ വച്ച് ഈ രൂപത്തെ കണ്ടിരുന്നു. ഭയപ്പെട്ട ഇയാള്‍ മറ്റൊരു വഴി ഓട്ടോയുമായി രക്ഷപ്പെടുകയായിരുന്നു. അടുത്തദിവസം നഗരസഭാ കൗണ്‍സിലറായ പ്രസന്ന ചിത്രകുമാറിന്റെ വീട്ടിലേക്ക് സവാരിക്കെത്തിയ യുവാവ് തനിക്ക് അനുഭവപ്പെട്ട കാര്യം വെളിപ്പെടുത്തിയതോടെയാണ് പ്രേതബാധ ശല്യം ആദ്യം പുറത്താകുന്നത്. കൗണ്‍സിലര്‍ വിവരം തിരക്കിയതോടെ പ്രദേശത്തെ പല വീടുകളിലും രാത്രി കാലങ്ങളില്‍ വെള്ളയും വെള്ളയും ധരിച്ചെത്തിയ ആള്‍ കതകില്‍ തട്ടുകയും ബെല്ലടിക്കുകയും ചെയ്ത കാര്യങ്ങള്‍ വെളിവായി.

തുടര്‍ന്ന് പ്രദേശവാസികളായ യുവാക്കളുടെ നേതൃത്വത്തില്‍ രാത്രി കാലങ്ങളില്‍ പെട്രോളിംഗ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. യുവാക്കള്‍ പെട്രോളിംഗിന് ഇറങ്ങുന്നതിന്റെ അടുത്ത ദിവസം വീണ്ടും ഈ രൂപം നാട്ടിലിറങ്ങുന്നത് ജനങ്ങളെ പരിഭ്രാന്തിയിലുമാഴ്ത്തിയിരുന്നു. സംഭവം സംബന്ധിച്ച് വിവരം കൗണ്‍സില്‍ സൗത്ത് പോലീസിനെയും അറിയിച്ചിരുന്നു.

അര്‍ദ്ധരാത്രിക്ക് ശേഷം പ്രദേശത്തെ റോഡിലൂടെ ഈ രൂപം സഞ്ചരിക്കുന്നത് പല തവണ ശ്രദ്ധയില്‍പ്പെട്ടുവെങ്കിലും ആളെക്കൂട്ടി പരിശോധന നടത്തുമ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം വാര്‍ഡിലെ ഉള്‍പ്രദേശങ്ങളിലൊരിടത്തു വച്ച് പ്രേതത്തെ പട്ടി കടിച്ചു കുടഞ്ഞത്.

അതേസമയം പട്ടി കടിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ ചികിത്സ തേടി ജനറല്‍ ആശുപത്രിയില്‍ ആരും കഴിഞ്ഞ ദിവസങ്ങളിലെത്തിയില്ലായെന്നതാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഏതായാലും പൊതുജനങ്ങള്‍ക്ക് സാധാരണ ഉപദ്രവകാരികളായ നായകളില്‍ നിന്നും വ്യത്യസ്തമായി ഒരു നാടിനെ ഒന്നാകെ ഭയപ്പെടുത്തിയിരുന്ന പ്രേതത്തെ ഓടിച്ചതിലൂടെ ഹീറോയിനായിരിക്കുകയാണ് കഥാനായിക.