വനിതാസെല്‍ഫി: കേരളത്തിലെ ആദ്യ വനിത ഇവന്റ് മാനേജ്‌മെന്റ് സംരംഭം

വനിതാ സെല്‍ഫി എന്നുപറഞ്ഞാല്‍ പടമെടുക്കലല്ല; പരിപാടി സംഘടിപ്പിക്കലാണ്

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ കേരളത്തിലെ ആദ്യത്തെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ആരംഭിക്കുന്നു

കല്യാണം, മരണം, പാചകം, മാമോദിസ തുടങ്ങീ എന്തും ഏതും ഈ ഗ്രൂപ്പിനെ ഏല്‍പ്പിച്ചാല്‍ ഭംഗിയായി നടത്തിക്കൊടുക്കും

50 പേരടങ്ങുന്ന വനിതാ സെല്‍ഫി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ഉദ്ഘാടനം  17ന് വൈകുന്നേരം എ.ഡി.ജി.പി സന്ധ്യ നിര്‍വ്വഹിക്കും.

 

കഞ്ഞിക്കുഴി: സ്വന്തം പടം സ്വയം എടുക്കുന്നതിനെയാണ് സെല്‍ഫിയെടുക്കല്‍ എന്നുപറയുന്നത്. പക്ഷേ ‘വനിതാസെല്‍ഫി’ എന്നത് കേവലം പടമെടുക്കലല്ല, പരിപാടി സംഘടിപ്പിക്കലാണ്. പരിപാടികള്‍, അത് വിവാഹമാകട്ടെ, പിറന്നാളാകട്ടെ, വിരുന്നാകട്ടെ, സമ്മേളനങ്ങളാകട്ടെ ഇന്നുവരെ നേതൃത്വം നല്‍കി വന്നത് നാട്ടിലെ ആണുങ്ങള്‍ മാത്രമായിരുന്നു. ആ സ്ഥാനം കയ്യടക്കി, കേരളത്തിലെ വനിതകളുടെ ആദ്യ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് – കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 17 ശനിയാഴ്ച വൈകിട്ട് പ്രവര്‍ത്തനമാരംഭിക്കുകയാണ്.

കാര്‍ഷിക ഗ്രാമ വികസന മേഖലകളില്‍ സജീവ സാന്നിദ്ധ്യമായ ബാങ്ക് ഇതിനകം ഒരു ഡസനോളം വ്യത്യസ്തമായ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. കാര്‍ഷിക ഡിസ്‌പെന്‍സറിയും ഡോക്ടര്‍മാര്‍, പച്ചക്കറി നഴ്‌സറി, കാര്‍ഷിക ഓപ്പണ്‍ സ്‌കൂള്‍, നാടന്‍ മുട്ടക്കോഴി വളര്‍ത്തല്‍, ഹരിത സംഘങ്ങള്‍, ഫാം ടൂറിസം പദ്ധതി തുടങ്ങിയ വിവിധ ഇടപെടലുകളിലൂടെ ബാങ്ക് പരിധിയിലുള്ള ജനങ്ങളെ സജീവമായി സംഘടിപ്പിച്ച് വരുന്നതിനിടയിലാണ് കുടുംബശ്രീ സംരംഭങ്ങളിലൂടെ നേതൃപാടവം സിദ്ധിച്ച വനിതകളുടെ കാര്യശേഷി ഫലപ്രദമായി ഉപയോഗിക്കാതെ പാഴായിപ്പോകുന്നതായി ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാറിനും മറ്റും ബോദ്ധ്യപ്പെട്ടത്. ഇതോടൊപ്പം നാട്ടിലെമ്പാടുമുള്ള വിവാഹം, മരണം, വിരുന്ന് തുടങ്ങിയ ചടങ്ങുകളുടെ സംഘാടനത്തിലും നടത്തിപ്പിലും പുരുഷന്മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനപ്രവണത പല വീഴ്ചകളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായും ചടങ്ങുകളിലെ ജനപങ്കാളിത്തം കുറയുന്നതായും പകരം നഗരങ്ങളിലെ ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങളുടെ കൈകളിലേക്ക് ആഘോഷങ്ങളുടെ നടത്തിപ്പ് വഴിമാറുന്നതായും ഇവര്‍ക്ക് ബോദ്ധ്യപ്പെട്ടു. നാട്ടിന്‍പുറത്തെ സ്ത്രീകളില്‍ ഉയര്‍ന്നുവരുന്ന നേതൃശേഷിയെ വിനിയോഗിച്ച് ആഘോഷ ചടങ്ങകളുടെ സംഘാടകരായി അവരെ മാറ്റുവാനുള്ള ആശയം അങ്ങനെയാണുണ്ടായത്.

ഒരു വിവാഹമാണ് വനിതാസെല്‍ഫി ഗ്രൂപ്പിനെ നിങ്ങള്‍ ഏല്‍പ്പിക്കുന്നതെങ്കില്‍ അതിനുള്ള അനുയോജ്യരായ വധൂവരന്മാരെ കണ്ടുപിടിക്കുന്നതും ക്ഷണക്കത്ത് തെരഞ്ഞെടുത്ത് അച്ചടിക്കലും, പന്തലിടുന്നതും പാചകക്കാരെ ഏര്‍പ്പാടാക്കലും പാചകസാധനങ്ങള്‍ വാങ്ങിക്കലും പാചകവും അതിന് ശേഷം ഏറ്റവും പ്രധാനപ്പെട്ടതും പലപ്പോഴും പാളിച്ച പറ്റാറുള്ളതുമായ ഭക്ഷണം വിളമ്പി നല്‍കലും തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും മിതമായ നിരക്കില്‍ സംഘടിപ്പിക്കുവാന്‍ വനിതാ സെല്‍ഫി ഇവന്റ് മാനേജ്‌മെന്റ് ടീം സന്നദ്ധരായിക്കഴിഞ്ഞു. ബാങ്ക് പരിധിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അന്‍പതോളം വരുന്ന വനിതകളാകും വനിതാ സെല്‍ഫി ഇവന്റ് മാനേജ്‌മെന്റ് ടീമില്‍ അംഗങ്ങളാകുക. വനിതാ സെല്‍ഫിയുടെ അദ്ധ്യക്ഷ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ മുന്‍പ്രസിഡന്റ് ഗീതാകാര്‍ത്തികേയനും സെക്രട്ടറി സി.ഡി.എസ് മുന്‍ കണ്‍വീനര്‍ അനിലാ ബോസുമാണ്.