മനോരമക്കെതിരെ കത്തോലിക്കാസഭ, മനോരമയ്ക്ക് പറ്റിയത് അബദ്ധമല്ല

കുട്ടികളെ ‘നല്ല പാഠം’ പഠിപ്പിക്കുന്ന ഒരു മാധ്യമത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല

കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ പുതുതലമുറ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു

മാപ്പിനു പകരം വേണ്ടത് മാധ്യമ ജാഗ്രതയും ഉത്തരവാദിത്വവും പുലര്‍ത്തുമെന്ന ഉറപ്പെന്നും കെ.സി.ബി.സി വക്താവ്

കോട്ടയം: മനോരമക്കെതിരെ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാസഭ. ഭാഷാപോഷിണിയില്‍ വന്നത് മനോരമയ്ക്ക് പറ്റിയ അബദ്ധമായി കാണാനാവില്ലെന്നും കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ പുതുതലമുറ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു എന്നതിന്റെ തെളിവാണെന്നും കെ.സി.ബി.സി വക്താവും, ഡപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. കുട്ടികളെ ‘നല്ല പാഠം’ പഠിപ്പിക്കുന്ന ഒരു മാധ്യമത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല. മാപ്പിനു പകരം വേണ്ടത് മാധ്യമ ജാഗ്രതയും ഉത്തരവാദിത്വവും പുലര്‍ത്തുമെന്ന ഉറപ്പെന്നുമാണെന്നും കെ.സി.ബി.സി വക്താവ് ഫാ. വള്ളിക്കാട്ട് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫാ. വര്‍ഗീസ് വള്ളിക്കാ്ട്ടിലിന്റെ വിമര്‍ശനം.
ഫാ. വര്‍ഗീസ് വള്ളിക്കാട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

facebook-achanഭാഷാപോഷിണി പരിധിവിട്ടെന്നും ഇല്ലെന്നും…
ഭാഷാപോഷിണി ഡിസംബര്‍ ലക്കത്തില്‍ ‘മൃദ്വമ് ഗിയുടെ ദുര്‍മൃത്യു’ എന്നപേരില്‍ സി. ഗോപന്‍ ഒരു നാടകം എഴുതി. നാടകമല്ല പ്രശ്നം…പ്രസ്തുത നാടകത്തിനു ടോം വട്ടക്കുഴിയുടേതായി വന്ന ചിത്രീകരണമാണ്… ‘ക്രിസ്തുവിന്റെ അന്ത്യ അത്താഴം’ എന്ന വിഖ്യാത പെയിന്റിങ്ങിന്റെ വികലമായ ഒരു അനുകരണമാണ് അനേകരെ വേദനിപ്പിച്ചത്.
മാധ്യമ ധര്‍മവും മൂല്യ ബോധവും മറ്റാരേക്കാളുമുണ്ട് എന്ന് സ്വയം കരുതുകയും മറ്റുള്ളവര്‍ വിചാരിക്കുകയും ചെയ്യുന്ന ഒരു മാധ്യമ സ്ഥാപനത്തില്‍നിന്നാണ് കലയുടേയോ ധാര്‍മികതയുടെയോ മൂല്യങ്ങള്‍ക്കു ഒട്ടും ചേരാത്ത ഈ പ്രവൃത്തി ഉണ്ടായിരിക്കുന്നത് എന്നതാണ് നിര്‍ഭാഗ്യകരം…!
പെസഹാ വിരുന്നില്‍ ക്രിസ്തുവിന്റെ സ്ഥാനത്തു അര്‍ദ്ധനഗ്നയായ ഒരു സ്ത്രീയെ പ്രതിഷ്ഠിച്ചിരിക്കുന്നു… അതൊരു വിഖ്യാത വേശ്യയുടെ ചിത്രമാണെന്ന് നാടകം പറയുന്നു…ഇരുവശങ്ങളിലും ക്രിസ്തുശിഷ്യരുടെ സ്ഥാനത്തു പന്ത്രണ്ടു കന്യാസ്ത്രീകളാണ്… ഇതിന്റെ ഉദ്യേശശുദ്ധി എങ്ങിനെയൊക്കെ വിശദീകരിച്ചാലും, കലയുടേയോ സാഹിത്യത്തിന്റെയോ എന്ത് മാനദണ്ഡം വച്ചുനോക്കിയാലും, അത്ര നിസ്‌കളങ്കമാണെന്നു തോന്നുന്നില്ല…
ചരിത്രത്തിലെ മാതാ ഹരിയോ മാതാഹാരിയുടെ മരണത്തെ അവലംബിച്ചു വൈലോപ്പിള്ളി ശ്രീധരമേനോന്‍ എഴുതിയ കവിതയോ ക്രിസ്തുവിനെയോ ക്രിസ്തീയ മത പ്രതീകങ്ങളെയോ അതിലെ വ്യക്തികളെയോ അവഹേളിക്കുന്നതിനു ന്യായീകരണമല്ല… ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയോ കലാമൂല്യത്തിന്റെയോ സാഹിത്യ ശാഖയുടെയോ പേരില്‍ ന്യായീകരിക്കാവുന്നതുമല്ല…
ഉള്ളിലെ കഥക്കുവേണ്ടി വരച്ച ചിത്രം മുഖചിത്രം കൂടിയാക്കി മാസിക ഇറക്കാന്‍ മനോരമപോലെ ഒരു മാധ്യമ സ്ഥാപനം തീരുമാനിച്ചത് അബദ്ധവശാലാകാനും ന്യായമില്ല… ഇത് പെട്ടെന്നുവന്ന ഒരു വ്യതിയാനവുമല്ല. ഇത് സമീപകാലത്തു മനോരമയുടെ പ്രസിദ്ധീകരണ വിഭാഗത്തില്‍ വളര്‍ന്നുവരുന്ന ഒരു പ്രത്യേക പ്രവണതയുടെ ഭാഗംതന്നെയാണെന്നു വേണം കരുതാന്‍. കണ്ടത്തില്‍ വര്ഗീസ് മാപ്പിളയുടെ പുതു തലമുറ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാവാം. ഏതായാലും ഇത്തരം പ്രവണത സമൂഹത്തില്‍ ഭിന്നതയും സ്പര്ധയും വളര്‍ത്തും…സംശയമില്ല.
കുട്ടികളെ ‘നല്ല പാഠം’ പഠിപ്പിക്കുന്ന ഒരു മാധ്യമ സ്ഥാപനമാണ് അനേകരുടെ മനസിന് വേദനയുണ്ടാക്കുന്ന വിധം ഒരു സമുദായത്തിന്റെ മത പ്രതീകങ്ങളെ ദുരുപയോഗം ചെയ്തു ഒരു മാസികയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നതാണ് ഏറ്റവും ദുഖകരം.
മനോരമയുടെ ഈ പ്രവൃത്തിയില്‍ അനേകര്‍ക്ക് വേദനയും പ്രതിഷേധവും വാക്കിലൊതുങ്ങാത്ത അമര്‍ഷവുമുണ്ട്…അതില്‍ സന്തോഷിക്കുന്നവരും ഉണ്ട്. അമ്മയെ തല്ലിയാലും ഉണ്ടാകുമല്ലോ രണ്ടു പക്ഷം!
സാങ്കേതികമായി ഒരു മാപ്പു രേഖപ്പെടുത്തി ഉത്തരവാദിത്വം ഒഴിയാമെങ്കിലും, ഭാവിയിലെങ്കിലും കുറേക്കൂടി ഉയര്‍ന്ന മൂല്യ ബോധവും മാധ്യമ ജാഗ്രതയും ഉത്തരവാദിത്വവും പുലര്‍ത്തുമെന്ന ഉറപ്പാണ് മനോരമയില്‍നിന്നു കത്തോലിക്കാ സഭയും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്.