വിശുദ്ധ പാപങ്ങളുടെ ഇടയന്‍മാര്‍

-വികാസ് രാജഗോപാല്‍-

കേരളത്തിലെ ക്രൈസ്തവ പുരോഹിതരുടെ പാപങ്ങൾ -ക്രൈസ്തവ സഭയിലെ പുഴുക്കുത്തുകളും ലൈംഗീക അതിക്രമങ്ങൾക്കും എതിരെ  ഇംഗ്ളീഷ് മാസികയായ ഔട്ട് ലുക്കിന്‍െറ തുറന്നെഴുത്ത് …..

കേരളത്തിലെ  കത്തോലിക്ക സഭയിലെ  വൈദികരും സഭാ മേലധ്യക്ഷൻമാരും കാണിച്ചു കൂട്ടുന്ന കൊള്ളരുതായ്മകളെ തുറന്ന് കാണിക്കുന്ന ലേഖനം .

വിശ്വാസികളായ കുഞ്ഞാടുകൾക്ക് നേർവഴി കാണിച്ചു കൊടുക്കേണ്ട സഭയിലെ പുരോഹിതർ തന്നെ ചെയ്ത് കൂട്ടുന്ന കുറ്റകൃത്യങ്ങൾ മറയ്ക്കുവാൻ കുട പിടക്കുന്നതായി ഔട്ട് ലുക്കിൻ്റെ കവർ സ്റ്റോറി പറയുന്നു.  ദിവ്യ പാപങ്ങളുടെയും   ലൈംഗിക അരാജകത്വത്തിൻ്റെയും എണ്ണം പറഞ്ഞ  കഥകൾ   മിനു ഇട്ടി ഐപ്പ് ഒന്നൊന്നായി പുതിയ ലക്കത്തിൽ  എഴുതിയിരിക്കുന്നു.

ലോക സ്നേഹത്തെക്കുറിച്ചും  തങ്ങൾക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ചും  പള്ളി മേടകളിൽ ഒാതിക്കൊടുക്കുന്നവർ നടപ്പിലാക്കുന്ന  ഇരട്ട നീതി എന്താണെന്ന് വ്യക്തമാക്കുന്ന ലേഖനം അക്ഷരാർത്ഥത്തിൽ സഭയെ പ്രതിരോധത്തിൽ ആക്കുന്നതാണ്  .

മകളെ  പിച്ചിച്ചീന്തിയ പാതിരിക്കെതിരെ  പരാതിപ്പെട്ട രക്ഷിതാക്കളെ പള്ളിക്ക് പുറത്താക്കി നിനക്കൊന്നും  തെമ്മാടിക്കുഴി പോലും തരാനാകില്ലെന്ന് പറയാൻ സഭ കാണിച്ച ‘ആർജവും ഉത്സാഹവും’  എങ്ങനെ വിലയിരുത്തണമെന്നും  ഇവിടെ ചോദിക്കപ്പെടുന്നു. യേശു ക്രിസ്തു ജറുസലേം ദേവാലയത്തിലെ കച്ചവടക്കാരെ ചാട്ടയ്ക്കടിച്ച് ഒാടിക്കുന്നതായി ലേഖനത്തിൽ ഒാർമ്മിപ്പിക്കുന്നുണ്ട് .

കഴിഞ്ഞമാസമാണ്   ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയിലെ  പുരോഹിതർ ചെയ്ത് കൂട്ടിയ പാപങ്ങളുടെ പേരിൽ  ലോകത്തോട് മാപ്പിരന്നത്. എന്നാൽ  ഇന്ത്യന്‍ കത്തോലിക്ക സഭ പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുമേൽ  കണ്ണടച്ച് ഇരുട്ടാക്കുന്ന  തട്ടിപ്പല്ലേ കാണിക്കുന്നതെന്ന് ചോദിച്ചു കൊണ്ടാണ്  ഔട്ട് ലുക്കിന്റെ കവര്‍ സ്റ്റോറി ആരംഭിക്കുന്നത്.

സഭയേയും സമൂഹത്തെയും  ഞെട്ടിച്ച ഏഴ് കുറ്റകൃത്യങ്ങളുടെ കഥയെ വിവരണാത്മകമായി പറഞ്ഞിരിക്കുന്നു.

പുത്തന്‍വേലിക്കര … എഡി 52ല്‍ തോമാശ്ലീഹ ഇന്ത്യയില്‍  കാലുകുത്തിയ സ്ഥലമായ കൊടുങ്ങല്ലൂരുനിന്നും  കഷ്ടി 10കിലോമീറ്റര്‍ അകലെയുള്ള സ്ഥലം

ഇവിടെ 14വയസുകാരി  ലൈംഗികമായി പീഡിപ്പിക്കപ്പെട്ട  സംഭവത്തോടെയാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്.  പ്രതി പുത്തന്‍വേലിക്കര  വികാരി ഫാദര്‍ എഡ്വിന്‍ ഫിഗറസ്(41). കുമ്പസാരക്കൂട്ടില്‍ നിന്ന് പെണ്‍കുട്ടിയെ സ്വവസതിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് കുറ്റകൃത്യം നടത്തിയത് .

ഇടവക വികാരി ചെയ്ത നെറികേട് അറിഞ്ഞ മാതാപിതാക്കള്‍ ബിഷപ്പ് ജോസഫ് കാരിക്കാശ്ശേരിയെ കണ്ട്  ഈ പുരോഹിതന്‍ ഇനിയൊരിക്കലും കുര്‍ബ്ബാന അര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടു.  ഫാദര്‍ എഡ്വിന്‍ ഫിഗറസിനെ സസ്‌പെന്‍ഡ് ചെയ്തു. പക്ഷെ മാര്‍ച്ച് 29ന് ഓശാന ഞായറാഴ്ച്ച എഡ്വിന്‍ ഫിഗറസ് തന്നെയാണ് കുര്‍ബ്ബാന ചൊല്ലിയത്. സഭയിൽ വിശ്വാസം നഷ്ട്ടപ്പെട്ട മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. കീഴ്‌ക്കോടതി പുരോഹിതനെ ഇരട്ട ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു.

തൃശ്ശൂര്‍ തൈക്കാട്ടുശേരിയിൽ  ഒമ്പതുവയസ്സുകാരി വൈദീകൻ്റെ വീട്ടിൽ  വെച്ച് പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചാണ് മറ്റൊരു വിവരണം. സെന്റ് പോള്‍സ് ചര്‍ച്ച് വികാരിയായിരുന്ന ഫാദര്‍ രാജു കൊക്കനാണ് പ്രതി. ആദ്യകുര്‍ബാനക്ക് അണിയാനായി പുത്തനുടുപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പുരോഹിതന്‍ പെണ്‍കുട്ടിയെ  കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപയോഗിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിച്ചശേഷം ഫാദര്‍ കൊക്കന്‍ ജനനേന്ദ്രിയത്തിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒല്ലൂര്‍ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ് കീഴ്‌ക്കോടതിയുടെ പരിഗണനയിലാണ്. സഭാകോടതി ഇതുവരെയും കൊക്കനെതിരെ നടപടി എടുത്തിട്ടില്ല.

ഇനി മറ്റൊരു പ്രതിയുടെ പേര് ഫാദര്‍  ആരോക്കിയ രാജ്, കുറ്റം കൊലപാതകം. പാലക്കാട് വാളയാറുള്ള  സെന്റ് സ്റ്റാനിസ്ലോസ് പള്ളിയില്‍ ആണ്  സംഭവം നടന്നത് . കൊലപാതകത്തിനുശേഷം  ആരോക്കിയ രാജ് ഫാത്തിമയുടെ അമ്മ ശാന്തി റോസലിനെ  ഫോണിൽ വിളിച്ച് താൻ മകളെ  കൊന്നതായി പറഞ്ഞു.

പക്ഷെ പോലീസ് അന്വഷണത്തിൽ ഫാത്തിമ ആത്മഹത്യ ചെയ്തതാണെന്ന് ആരോക്കിയ രാജ് തിരുത്തി.  ബലാത്സംഗം നടന്നിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. പക്ഷെ ആത്മഹത്യയാണെന്ന് അറിയിച്ച് പോലീസ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേസ് ഒതുക്കി തീർത്തു.

സഭാകോടതി നടത്തിയ വിചാരണയില്‍ ഫാത്തിമയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്ന് ഫാദര്‍ ആരോക്കിയ രാജ് ഏറ്റു പറഞ്ഞു. പക്ഷെ സഭാകോടതി വിവരം പോലീസില്‍ അറിയിച്ചില്ല. കേസിലെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല.

സാൻ ജോൺസ് പാരിഷ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച ജിസ മോൾ ദേവസ്യയുടെ കഥ ഞെട്ടിപ്പിക്കുന്നതാണ്. നേഴ്സിങ്ങ് അവസാന വർഷ വിദ്യാർത്ഥിനിയായ ജിസ തൻ്റ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കൂട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ട്ടർമാർ തുങ്ങി മരണം ആണോ എന്ന കാര്യത്തിൽ  പല സംശയങ്ങളും ഉന്നിയച്ചു. ബന്ധുക്കൾക്കും കൂട്ടുകാർക്കും അതിന്  വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നു. ശരീരത്തിൽ കണ്ട ശുക്ളം. മരണം നടന്ന മുറിയിൽ കണ്ട വേറെ ഗ്രൂപ്പിലുള്ള രക്തം. പോലീസ് ഹാജരാക്കിയത് വേറെ ആരുടെയോ വസ്ത്രം .ജിസ മോളെ ആശുപത്രിയിൽ കൊണ്ടു പോയ ഉടനെ മുറി കഴുകി വൃത്തിയാക്കി. കേസ്  ഇതുവരെ എവിടെയും എത്തിയിട്ടില്ല.

1966 ജൂൺ 15 പത്തനംതിട്ട ജില്ലയിൽ റാന്നിക്കടുത്ത് മാടത്തരുവി എന്ന സ്ഥലത്ത് മറിയക്കുട്ടി എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫാദർ ബെനഡിക്റ്റ് ഒാണം കുളത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കീഴ് കോടതി ഇയാളെ വധ ശിക്ഷക്ക് വിധിച്ചെങ്കിലും ഹൈക്കോടതി വിട്ടയച്ചു. എന്നാൽ ഈ അടുത്തകാലത്ത് ഫാദർ ബെനഡിക്റ്റ് ഒാണം കുളത്തെ വിശുദ്ധനാക്കാനുള്ള ശ്രമത്തിലാണ്. ഫാത്തിമ സോഫിയ, ജിസ മോൾ ദേവസ്യ, സിസ്റ്റ‌ര്‍ അഭയ, എന്നിങ്ങനെ പേര് അറിയുന്നതും പിന്നെ അറിയപ്പെടാത്തതുമായ  ഇരകളുടെ പട്ടികക്ക് നീളം ഏറെയാണ് .

ഇത്തരം കുറ്റ കൃത്യങ്ങളിൽ പങ്കാളികളായവരെ സംരക്ഷിക്കാൻ മിനിറ്റുകൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന അഭിഭാഷകരെ അണി നിരത്താനുള്ള പ്രവണതയും സഭ കാണിക്കുന്നുണ്ട്. സഭയിൽ അംഗങ്ങളായവർ ചെയ്യുന്ന കുറ്റ കൃത്യങ്ങൾ പരിശോധിക്കാനും ശിക്ഷ വിധിക്കാനും സ്വന്തമായുള്ള സംവിധാനം നിലവിലുണ്ട്. എന്നാൽ ഇവയൊക്കെ കുറ്റവാളികളെ വെള്ള പൂശാനാണ് ഉപയോഗിക്കപ്പെടുന്നത്.

ജനനം, വിവാഹം, മരണം എന്നിങ്ങനെ എന്തിനും എതിനും പള്ളിയും പട്ടക്കാരനും വേണം. അല്ലാതെ ക്രസ്ത്യാനികൾക്ക് നില നിൽക്കാനാകില്ല. അങ്ങനെയാണ് കാലങ്ങളായി സഭ വിശ്വാസികളെ വാർത്തെടുത്തിരിക്കുന്നത്. ഇതിനാലാണ് പലരും കണ്ട  തോന്ന്യാസങ്ങൾക്കെതിരെ പ്രതികരിക്കാതെ അമർഷം ഉള്ളിലടക്കി ഇരിക്കുന്നതെന്ന് ലേഖികയോട് പല വിശ്വാസികളും പറയുന്നുണ്ട് .

മറ്റ് സഭകളുമായി താരതമ്യം ചെയ്യുമ്പോൾ കത്തോലിക്ക സഭാ വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹ ജീവിതം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ അടിച്ചമർത്തപ്പെട്ടിരിക്കുന്ന ലൈംഗികതയാണ് പ്രശ്നങ്ങൾക്ക് കാരണം എന്നും ലേഖനത്തിൽ പറയുന്നു.

കാലങ്ങളായി പലരും പറയാൻ മടിച്ച അപ്രിയമായ സത്യങ്ങൾ വിളിച്ച് പറയാനുള്ള ആർജവം ലേഖിക കാണിക്കുന്നു. ഇവയൊന്നും  പൊതു ജന മധ്യത്തിൽ ചർച്ച ചെയ്യപ്പെടാതിരിക്കാനുളള കാരണവും ഇവിടെ പറയുന്നു. മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ പ്രത്യേക സംവിധാനം അണ് ഇവിടെ അധികാരം കയ്യാളുന്നതെന്ന് .

ലൈംഗിക അതിക്രമങ്ങൾക്ക് എതിരെയുള്ള സഭയുടെ നയം അധികം വൈകാതെ പുറത്തിറക്കുമെന്ന് ഇന്ത്യന്‍ കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്‌കരാനസ് എഴുത്തുകാരിയുമായുള്ള അഭിമുഖത്തിൽ പറയുന്നു