വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ

വാഷിംഗ്ടണ്‍: വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ. ലൂണാര്‍ റെക്കണിസന്‍സ് ഓര്‍ബിറ്റര്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ജോണ്‍ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനത്തിന്റെ ചിത്രങ്ങള്‍ ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കും ചാന്ദ്രദൗത്യങ്ങള്‍ക്കുമായി നാസ വിക്ഷേപിച്ച ലൂണാര്‍ റീകോനസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയെന്നും, വിദഗ്ധ സംഘം ഈ ചിത്രങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിക്രമിന്റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങള്‍ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. നാസയുടെ നയമനുസരിച്ച് ലൂണാര്‍ റെക്കൊണിസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ എല്ലാ ചിത്രങ്ങളും പൊതു സമൂഹത്തിന് ലഭ്യമാക്കാറുണ്ട്. വിക്രമിന്റെ ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങളും ഇത്തരത്തില്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ചാന്ദ്രയന്‍-2 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ഒടുവില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്കു ഇടിച്ചിറങ്ങിയതാവാം എന്നുള്ള അനുമാനത്തിലാണ് ഐ.എസ്.ആര്‍.ഒ. ഓര്‍ബിറ്ററില്‍നിന്ന് ചന്ദ്രനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.

എന്നാല്‍ 12 ദിവസം കടന്നുപോകുമ്പോള്‍ ലാന്‍ഡറില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കാനുള്ള സാധ്യത ഇല്ലാതാവുകയാണ്. സൂര്യപ്രകാശം കുറച്ച് ലഭിക്കുന്ന ഭാഗത്തായാണ് ലാന്‍ഡര്‍ ഇറങ്ങിയത്. അതിനാല്‍ തന്നെ സിഗ്‌നലുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയാത്ത സാഹചര്യത്തില്‍ ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ റീചാര്‍ജ് ചെയ്യാനുള്ള സാധ്യത ഇല്ലാതാകും.

വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഇസ്രൊയുടെ ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. നാളെയോടു കൂടിയെങ്കിലും വിക്രമുമായി ബന്ധപ്പെടാനായില്ലെങ്കില്‍ പിന്നീട് അത് സാധിക്കുകയില്ല. ഇത് വരെ വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഐസ്ആര്‍ഒയുടെ ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. ഓരോ മണിക്കൂര്‍ കഴിയുമ്പോഴും വിക്രമുമായി ബന്ധപ്പെടുന്നതിനുള്ള സാധ്യത മങ്ങുകയാണെന്ന് ഇസ്രൊയിലെ ശാസ്ത്രജ്ഞര്‍ തന്നെ സമ്മതിക്കുന്നു.

വിക്രം ലാന്‍ഡറിന്റെ ചന്ദ്രനിലേക്കുള്ള ലാന്‍ഡിംഗ് കൃത്യമായിരുന്നെങ്കില്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ അഭിമാന ഏടായി മാറുമായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ നിന്ന് വ്യതിചലിച്ച് വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.