പാലാ തിരഞ്ഞെടുപ്പ് ; ചര്‍ച്ചയാകുന്നത് മരട് ഫ്‌ളാറ്റ് വിഷയം

കോട്ടയം:പാലാ തിരഞ്ഞെടുപ്പ് പ്രചരണം തിളച്ച് മറിയുമ്പോള്‍ ഒടുവില്‍ സജീവ ചര്‍ച്ചയാകുന്നത് മരട് ഫ്‌ളാറ്റ് വിഷയം.ഭരണ പ്രതിപക്ഷ ഭേദമന്യേ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും മരട് വിഷയത്തില്‍ ഫ്‌ളാറ്റുടമകള്‍ക്കൊപ്പമാണെങ്കിലും പൊതുജനങ്ങളില്‍ ഭൂരിപക്ഷവും ഈ നിലപാടിനെതിരാണ്.

ശബരിമലയില്‍ സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സി.പി.എമ്മും മരട് വിഷയത്തില്‍ എടുത്ത സമീപനമാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്.ഇക്കാര്യം ഗൃഹസംബര്‍ക്ക പരിപാടിയിലും കുടുംബയോഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നത് ബി.ജെ.പിയാണ്. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സ്‌ക്കാര്‍ നിലപാടിനൊപ്പമുള്ള യു.ഡി.എഫും ശബരിമലയിലും ഈ നിലപാട് സ്വീകരിക്കാമായിരുന്നു എന്ന നിലപാടിലാണിപ്പോള്‍. ധൃതി പിടിച്ച് വാശിയോടെ ശബരിമലയില്‍ നിയമം നടപ്പാക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് യു.ഡി.എഫ് പ്രചാരണം.

ഹൈന്ദവ വിശ്വാസി സമൂഹത്തിനു വേണ്ടി സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിക്കാത്തവര്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി നിലപാട് സ്വീകരിക്കുന്നത് പരക്കെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത ഉണ്ടെന്ന് പറയുന്നവര്‍ എല്ലാ ഉത്തരവുകളും നടപ്പാക്കണമെന്നാണ് പൊതു സമൂഹത്തില്‍ നിന്നും ഉയരുന്ന പ്രധാന വിമര്‍ശനം.സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

ശബരിമല വിഷയത്തിലെ നിലപാട് ചൂണ്ടിക്കാട്ടി സര്‍വ്വകക്ഷി യോഗത്തില്‍ കാനം ആഞ്ഞടിച്ചത് സി.പി.എം നേതൃത്വത്തെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. ശബരിമല വിധി നടപ്പാക്കാമെങ്കില്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് താമസിപ്പിക്കുന്നതെന്തിനാണെന്നായിരുന്നു കാനം ചോദിച്ചിരുന്നത്. ഇത് സര്‍ക്കാരിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ എതിരാളികള്‍ക്ക് അടിക്കാന്‍ ഒരു വടി കൊടുക്കുന്ന ഏര്‍പ്പാടായിപോയി ഇതെന്നാണ് സി.പി.എം നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. അതേസമയം ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇടത് പ്രവര്‍ത്തകരിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.