ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാർത്താസമ്മേളനത്തിൽ പേരുകൾ പ്രഖ്യാപിച്ചത്. തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകും. അരൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു.സി.പുളിക്കലും, മറ്റൊരു വൈസ് പ്രസിഡന്റ് കെ.യു ജനീഷ്‌കുമാർ കോന്നിയിലും മത്സരിക്കും. ഹൈക്കോടതി അഭിഭാഷകനായ അഡ്വ.മനു റോയി എറാണകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കും. മുതിർന്ന പത്രപ്രവർത്തകൻ കെ.എം റോയിയുടെ മകനാണ് മനു റോയ്. മഞ്ചേശ്വരത്ത് സി.പി..എം ജില്ലാ കമ്മിറ്റിയംഗമായ എം. ശങ്കർ റൈയാണ് സ്ഥാനാർത്ഥി. അഞ്ച് സ്ഥാനാർത്ഥികളും പുതുമുഖങ്ങളാണ്. ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ചർച്ച ചെയ്ത് അഭിപ്രായങ്ങൾ കേട്ടശേഷമാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയറ്റ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.ബൂത്ത് തലം വരെയുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികൾ ഒക്ടോബർ അഞ്ചിനുള്ളിൽ പൂർത്തീകരിക്കും. അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫ് വൻ വിജയം നേടുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.