എട്ട് വയസ്സുകാരന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ട് ലക്ഷം; ഉടനെ പിന്‍വലിക്കപ്പെട്ടു

കാസര്‍കോട് എട്ട് വയസ്സുകാരന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ട് ലക്ഷത്തോളം രൂപയെത്തി. നിമിഷങ്ങള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് യുബിഎംസി എല്‍പി സ്‌കൂളിലെ മാന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവനന്ദിന്റെ പേരുളള അക്കൗണ്ടിലാണ് പണം എത്തിയത്.

ഹോസ്ദുര്‍ഗ് ടിബി റോഡിലെ ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലാണ് പണമെത്തിയത്. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനു വേണ്ടിയാണ് വിദ്യാര്‍ത്ഥിയുടെ പേരില്‍ അക്കൗണ്ട് ഈരംഭിച്ചത്. 12 രൂപയായിരുന്നു ബാലന്‍സ് ഉണ്ടായിരുന്നത്. എന്നാല്‍ ഡിസംബര്‍ 13 ഈ അക്കൗണ്ടിലേക്ക് ആരോ രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചു. അന്നു തന്നെ ഈ തുക പിന്‍വലിക്കുകയും ചെയ്തു.

പണം നിക്ഷേപിച്ചതും പിന്‍ വലിച്ചതും സംബന്ധിച്ച എസ്എംഎസ് ലഭിച്ചതോടെയാണ് വിദ്യാര്‍ത്ഥിയുടെ പിതാവ് മോഹനന്‍ നേരിട്ട് ബാങ്കിലെത്തി. വ്യക്തമായ മറുപടി നല്‍കാതെ ബാങ്കുദ്യോഗസ്ഥര്‍ അബദ്ധം പറ്റിയതാണെന്നും പ്രശ്നമാക്കരുത് എന്നും പറഞ്ഞതായി മോഹനന്‍ പറഞ്ഞു.

ഇതിനെതിരെ റിസര്‍വ് ബാങ്കിനും ആദായ നികുതി വകുപ്പിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
നോട്ട് പ്രശ്നം വന്നതു മുതല്‍ ബാങ്ക് അധികൃതരുടെ ഒത്താശയോടെ കള്ളപ്പണക്കാര്‍ കണക്കില്‍പെടാത്ത പണം മറ്റ് അക്കൗണ്ടുകളിലേക്ക് മറിക്കാറുണ്ട്. ഈ രീതിയില്‍ കുട്ടിയുടെ അക്കൗണ്ടി പണമെത്തിയതാകാമെന്നാണ് സംശയിക്കുന്നത്. അക്കൗണ്ട് ഉടമകള്‍ അറിയാതെയുളള ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുകയാണ്.