പ്രധാനമന്ത്രീ, ഇതാണോ അങ്ങ് പറഞ്ഞ അച്ഛാദിന്‍?? ഈ വൃദ്ധന്റെ കണ്ണുനീര് കാണുക

പ്രധാമന്ത്രിയുടെ അച്ഛാദിന്‍ എന്നാല്‍ പാവപ്പെട്ടവരുടെ ദുരിതദിനങ്ങളാണോ

നോട്ട് പിന്‍വലിക്കലില്‍ വലഞ്ഞ് രാജ്യത്തെ സാധാരണക്കാര്‍
വിരമിച്ച സൈനികന്‍ നന്ദലാലിന് തന്റെ

പെന്‍ഷന്‍പണംപോലും പിന്‍വലിക്കാന്‍ ആകാത്ത അവസ്ഥ

നന്ദലാലിന്റെ കരയുന്ന ചിത്രം സോഷ്യല്‍ മീഡയിയില്‍ വൈറലായി പടരുന്നു

ഗുഡ്ഗാവ്: നോട്ട് നിരോധനം വന്നാല്‍ കള്ളപ്പണക്കാര്‍ കരയുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നാട്ടുകാരെ പറഞ്ഞുപഠിപ്പിച്ചത്. എന്നാല്‍ കരയുന്നതും ദുരിതം അനുഭവിക്കുന്നതും ഇന്ത്യയിലെ സാധാരണക്കാരും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരാണ്. ഒരു ബാങ്കിന് മുന്നില്‍ നിന്ന് കരയുന്ന ഒരു വൃദ്ധന്റെ ദയനീയ ചിത്രം കാണുക.

നോട്ട് പിന്‍വലിക്കലിലൂടെ കള്ളപ്പണക്കാരെ ഒതുക്കിയെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ കണ്‍മുന്നിലാണ് ഈ വൃദ്ധന്റെ ദയനീയ ചിത്രം. പണം പിന്‍വലിക്കാനെത്തി ക്യൂവില്‍ നിന്ന് കരയുന്ന വിമുക്തഭടന്റെ ചിത്രം നോട്ട് ദുരിതത്തില്‍ വലയുന്ന സാധാരണക്കാരന്റെ പ്രതിരൂപമാകുന്നു. ഹരിയാനയിലെ ഗുഡുഗാവിലെ ഒരു ബാങ്കിന് മുന്നില്‍ നിന്ന് കരയുന്ന നന്ദലാല്‍ എന്ന 78 കാരന്റെ ചിത്രം ഈ കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ വൃദ്ധന്റെ ദയനീയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ദത്തുപുത്രിയുടെ വിവാഹത്തിനായി വീടുവിറ്റ നന്ദലാല്‍ ഇപ്പോള്‍ 100 ചതുരശ്ര അടി മാത്രമുള്ള മുറിയിലാണ് കഴിയുന്നത്. ജീവിതത്തില്‍ സ്വന്തമെന്ന് പറയാന്‍ മറ്റാരുമില്ല. പതിനഞ്ച് വര്‍ഷം മുമ്പ് വിവാഹം ചെയ്തയച്ച ദത്തുപുത്രി ഫരീദാബാദിലേക്ക് പോയതിന് ശേഷം തനിച്ചാണ് താമസം. ഗുര്‍ഗോണ്‍ സെക്ടര്‍ 6 ലെ ഭീം നഗറിലെ വാടകവീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. ഒരു ചെറിയ കിടക്ക, ഒരു പെട്ടി, ഒരു പ്ലാസ്റ്റിക് കസേര, ഒരു ബക്കറ്റ്, ഒരു ആഷ്ട്രേ, ഒരു വാട്ടര്‍ബോട്ടില്‍, ദൈവങ്ങളുടെ രണ്ടു ഛായാചിത്രങ്ങള്‍ ഇത്രയുമാണ് മുറിയിലുള്ളത്.

പഞ്ചാബിലും ജമ്മുവിലും കശ്മീരിലും അതിര്‍ത്തി സംരക്ഷിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ വാങ്ങാന്‍ സ്റ്റേറ്റ് ബാങ്കിന്റെ ഗുഡ്ഗാവ് ബാങ്കില്‍ അക്കൗണ്ടും നന്ദലാലിന്റെ പേരിലുണ്ട്.

എസ്ബിഐയുടെ ഗുഡാഗാവിലെ ന്യൂ കോളനി ബ്രാഞ്ചിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ മനോവിഷമം താങ്ങാനാകാതെ കരയുന്ന നന്ദലാലിന്റെ മുഖം സാമ്പത്തിക നിയന്ത്രണത്തില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരന്റെ മുഖമായി മാറിയിരിക്കുകയാണ്. ബുധനാഴ്ച ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ബാങ്കിന് മുന്നിലെ ക്യൂവില്‍ നിന്നുകൊണ്ട് കരയുന്ന നന്ദലാലിന്റെ ചിത്രം പുറത്തുവിട്ടത്. നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ ജനം നരകിക്കുന്നു എന്ന ആശയത്തില്‍ ചിത്രം പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കിന് മുന്നില്‍ മൂന്ന് ദിവസം നില്‍ക്കേണ്ടി വന്നതിന്റെ മുഴുവന്‍ വേദനയും അദ്ദേഹത്തിന്റെ മുഖത്തുണ്ട്. അവസാനം ക്യൂ നില്‍ക്കുന്നവര്‍ തന്നെ വൃദ്ധന് തുണയായി. എല്ലാവരും അദ്ദേഹത്തെ കയറ്റിവിടാന്‍ തയ്യാറായി. എന്നാല്‍ ആകെ കിട്ടിയത് 1000 രൂപയാണെന്നും ഇദ്ദേഹം പറഞ്ഞു. ഡിസംബര്‍ ആദ്യ ആഴ്ച കിട്ടുന്ന 8000 രൂപ പെന്‍ഷന്‍ കൊണ്ട് വീട്ടു ജോലിക്കെത്തുന്നയാള്‍ക്കും പച്ചക്കറി കടക്കാരനും പാലുകാരനുമെല്ലാം പണം കൊടുക്കാനുണ്ട്. ‘എന്താണ് അവര്‍ എന്റെ പണം എനിക്ക് തരാത്തത്’ എന്ന നന്ദലാലിന്റെ ചോദ്യം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുന്ന ദശലക്ഷക്കണക്കിന് ആള്‍ക്കാരുടേതായി മാറുകയാണ്.

നന്ദലാലിന്റെ ഭാര്യ മൂന്ന് ദശകം മുമ്പ് വേര്‍പിരിഞ്ഞതാണ്. ഇതിന് ശേഷമാണ് അദ്ദേഹം ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. വിവാഹം കഴിപ്പിച്ചയച്ച ദത്തുപുത്രി മാത്രമാണ് ഇപ്പോള്‍ ആശ്രയം. ഇടയ്ക്കിടെ അവര്‍ പിതാവിന് പണം അയച്ചു കൊടുക്കും.