സിലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തത് ജോളി, ജോണ്‍സണ്‍ന്റെ മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ സിലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തത് ജോളി തന്നെയെന്ന നിഗമനത്തില്‍ പോലീസ്. പണയം വെക്കാന്‍ ജോളി ജോണ്‍സണ് സ്വര്‍ണ്ണം കൈമാറിയെന്നും പോലീസ് പറയുന്നു. അന്നമ്മയുടെ സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച ഉച്ച മുതല്‍ രാത്രി 10മണിവരെ ജോണ്‍സണെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. സിലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ സംബന്ധിച്ചാണ് പോലീസ് ചോദ്യങ്ങള്‍ ചോദിച്ചത്. സിലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തത് ജോളി തന്നയൊണെന്നാണ്അന്വേഷണഉദ്യോഗസ്ഥര്‍ ഒടുവില്‍ നിഗമനത്തിലെത്തിയത്. ഷാജുവിന് കൈമാറിയെന്നായിരുന്നു ജോളി മുമ്പ് മൊഴി നല്‍കിയിരുന്നത്.

പുതുപ്പാടി സഹകരണബാങ്ക് അടക്കമുള്ള സ്ഥലങ്ങളില്‍ സ്വര്‍ണ്ണംപണയം വെക്കാന്‍ നല്‍കിയെന്നാണ് ജോണ്‍സണ്‍ മൊഴി നല്‍കിയത്.1.20 ലക്ഷം രൂപക്കാണ് ജോണ്‍സണ്‍ സ്വര്‍ണ്ണംപണയം വെച്ചത്. ജോളി ആണ് പണയം വെക്കാന്‍ സ്വര്‍ണ്ണം നല്‍കിയതെന്നും ഇതില്‍ സിലിയുടെ സ്വര്‍ണ്ണം ഉണ്ടാവാമെന്നുമാണ് ജോണ്‍സന്റെ മൊഴി. സ്വര്‍ണ്ണംകണ്ടെത്താനുള്ള പോലീസ് ശ്രമം പുരോഗമിക്കുകയാണ്.സിലിയുടെ ആഭരണത്തോടൊപ്പം അന്നമ്മയുടെ 10പവനോളം വരുന്ന ആഭരണങ്ങള്‍ക്കുള്ള അന്വേഷണവും നടക്കുന്നുണ്ട്.

അതേസമയം കൂടത്തായിയില്‍ സിലിയുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ അറസ്റ്റ് ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആല്‍ഫൈനെ കൊന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവമ്പാടി സിഐ ഇന്ന് കൊയിലാണ്ടി കോടതിയില്‍ അപേക്ഷ നല്‍കും. ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്.

കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍, ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് ജോളിയെ കോടതിയില്‍ ഹാജരാക്കും. ജോളിയെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് വിവരം. ഷാജുവിനെയും പിതാവ് സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്യും.

സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്‌സി, ജോളിയുടെ സഹോദരന്‍ ജോണി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍ നിന്ന് പൊലീസ് കണ്ടെടുത്ത പൊടി സയനൈഡെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.