മുറിവുകളുടെ വസന്തം തീർത്തവൻ

ബിന്ദു കമലൻ
തപന താപമാർന്നുരുക്കഴിച്ച,
പ്രണയാക്ഷരത്തിൻ പ്രാണഗാഥ –
അതിരവം തെരുവിനേകിയവൻ.
ആന്തലോടെ കത്തിയൂർജ്ജമായ് –
ഒടുവിൽ… കെടുതിരിനാളമായ്
തെരുവിൽ കാലധർമ്മം വരിച്ച –
തിരസ്കൃതനായൊരു അനാഥൻ.
ഉന്മാദമകുടമണിഞ്ഞവൻ.
വാക്കേറ് കൊണ്ടു ഹൃദയം മുറിഞ്ഞോൻ.
മനസിലെ നോവിൻ തിരമാലകളിൽ –
കവിത തീർത്തൊരു കദന കവി.
ഊരു ചുറ്റി പാടും കവിക്ക് ,
പഴമയിലെ നാടു ചുറ്റി പാടും –
പാണന്റെ ചേലു തോന്നാം.
ജനമറിയാ… ജനകീയ കവി
അതാണയാൾ… അയ്യപ്പനെന്ന കവി.
മുറിവുകളുടെ വസന്തം തീർത്തവൻ.