ചില തിരുത്തിയെഴുതലുകൾ

അപർണ അനീഷ്

“പഠിക്കാനിരിക്കുമ്പോൾ എനിക്ക് ചീത്ത ചിന്തകൾ വരുന്നു അമ്മേ”

എന്ന അഞ്ചാം ക്ലാസ്സുകാരിയുടെ വാക്കുകളെ ചിരിയോടെ തള്ളിക്കളഞ്ഞ ഒരമ്മയാണ് ഞാൻ. കാർട്ടൂണുകൾക്കു മുന്പിൽ സ്വയം മറന്നിരിക്കുന്ന , പഠിക്കാൻ വിളിക്കുമ്പോൾ വിശക്കുകയും , വിശപ്പു മാറുമ്പോൾ ഉറക്കം വരികയും ചെയ്യുന്ന , എന്റെ മകൾ , അവൾക്ക് പുസ്തകങ്ങളെ തൊടാതിരിക്കാനുള്ള ഒരു പുതിയ സൂത്രം എന്നേ എനിക്കാദ്യം തോന്നിയുള്ളൂ ഡോക്ടർ…”

കണ്ണുകളിൽ ഊറി വന്ന സങ്കടം ചുണ്ടുകളിൽ വിറയലുകൾ തീർത്തപ്പോൾ അവളുടെ വാക്കുകൾ മുറിഞ്ഞു.

“പിന്നീടെന്തുണ്ടായി?”

ഡോക്ടറുടെ ശബ്ദത്തിൽ ബാക്കി അറിയാനുള്ള ആകാംക്ഷയേക്കാൾ പുറത്ത് ഊഴം കാത്തിരിക്കുന്നവരുടെ അക്ഷമയാണുള്ളത് എന്നവൾ തിരിച്ചറിഞ്ഞു.
ഡോക്ടറുടെ മുഖത്തും ആ ധൃതി നിഴലിക്കുന്നത് അവൾ കണ്ടു.

“എനിക്ക് പറഞ്ഞുതീർക്കാൻ കുറച്ചധികം സമയം വേണം ഡോക്ടർ… അവസാനത്തെ ആളും കഴിഞ്ഞിറങ്ങുന്നതു വരെ ഞാൻ പുറത്ത് കാത്തിരുന്നോളാം…”

ഇടറിയ ശബ്ദത്തിൽ അവൾ അപേക്ഷിച്ചു.

ഒരു തീരുമാനമെടുക്കാനെന്നോണം ഡോക്ടർ കസേരയിലേക്ക് ചാഞ്ഞിരുന്നു. പ്രിസ്ക്രിപ്ഷൻ പാഡിൽ നിന്ന് പേനയെടുത്ത് തള്ളവിരലിന്റേയും ചൂണ്ടുവിരലിന്റേയും ഇടയിൽ വെച്ച് വിറപ്പിച്ചു. മൂന്നാം നമ്പറുകാരിയാണ് ഇത് പറയുന്നത് , മുപ്പതാമത്തെ ആളും വന്നുപോകും വരെ കാത്തിരുന്നോളാം എന്ന്.പോരാത്തതിന് അസുഖക്കാരിയെ കൂടെക്കൊണ്ടു വന്നിട്ടുമില്ല.എന്തൊക്കെയോ ആലോചനകളിൽ തലകുലുക്കിക്കൊണ്ട് പുറത്ത് കാത്തിരുന്നു കൊള്ളാൻ ഡോക്ടർ അവൾക്ക് അനുവാദം നൽകി. കൈകൂപ്പിക്കൊണ്ട് അവളെഴുന്നേറ്റു
പുറത്തേക്കു നടന്നു.

പുറത്തേക്കിറങ്ങിയപ്പോൾ ,ഡോറിനടുത്ത് നിന്നിരുന്ന, മുറിയിൽ അടുത്ത് കയറേണ്ട ആൾ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു. കാത്തിരുന്ന് മടുപ്പിക്കാത്തതിനാലാവാം. പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന് മടുപ്പ് തോന്നില്ലെന്ന് അവൾ അവളോട് തന്നെ പറഞ്ഞു. പരസ്പരം അസുഖവിവരങ്ങൾ പങ്കുവെക്കുന്ന ആളുകൾക്കിടയിൽ നിന്ന് മാറിയിരിക്കാൻ അവൾ ആഗ്രഹിച്ചു. മറ്റുള്ളവരോട് പങ്കുവെക്കാൻ പറ്റാത്ത ഒരു കാര്യമാണല്ലോ അത്.ഡോകടറെ കണ്ടിട്ടും വീണ്ടും കാത്തിരിക്കുന്നതിന്റെ കാരണം തേടി ഒരു ചോദ്യം കറങ്ങിത്തിരിഞ്ഞ് തനിക്കരികിലേക്ക് വരുന്നത് ഒഴിവാക്കാനായി അവിടെയുള്ള കസേരകളിലിരിക്കാതെ , മുറ്റത്തെ അത്തിമരത്തണലിലുള്ള സിമന്റ് ബെഞ്ചിനടുത്തേക്ക് അവൾ നടന്നു.

ബെഞ്ചിന്റെ ഓരം ചേർന്നിരിക്കവേ വേരോട് ചേർന്ന് കായ്ച്ചു കിടക്കുന്ന അത്തിപ്പഴങ്ങൾ കണ്ടപ്പോൾ തന്റെ മാറോട് ചേർന്ന് വിതുമ്പിയ ശ്രീക്കുട്ടിയെ ഓർത്ത് മനസ്സ് വീണ്ടും അസ്വസ്ഥമായി.

പരീക്ഷയടുത്തിട്ടും ടിവിക്കു മുന്പിൽ ചടഞ്ഞിരുന്ന ശ്രീക്കുട്ടിയെ ,പഠിക്കെന്ന് പലതവണ പറഞ്ഞിട്ടും അനുസരിക്കാത്തതിൽ അരിശം വന്നാണ് ചെവിക്ക് പിടിച്ച് മുറിയിൽ കൊണ്ടുപോയി പുസ്തകങ്ങൾ എടുപ്പിച്ചത്. തനിക്ക് ആകെ ഒരു അവധിയുള്ളത് ഞായറാഴ്ചയാണ്. അടുത്തിരുത്തി പഠിപ്പിക്കലൊക്കെ അന്നേ മര്യാദക്ക് നടക്കൂ.അഞ്ചാം ക്ലാസ്സിലും എന്തുമാത്രമാണ് പഠിക്കാനുള്ളത്. നോട്ടുപുസ്തകം ആകെമൊത്തം പരിശോധിക്കുന്നതിന്റെ ഇടയിലാണ് വെട്ടിയും തിരുത്തിയും മോശമാക്കിയ ആ പേജ് ശ്രദ്ധയിൽപ്പെട്ടത്.
എഴുതിയത് പേന കൊണ്ട് ഒന്നിലധികം തവണ വെട്ടി വീണ്ടും അത് തന്നെ എഴുതി , അടുത്ത വാക്കും ഒരുതവണ എഴുതി വീണ്ടും വെട്ടി അങ്ങനെ ആ പേജിലുള്ള മുഴുവൻ വാക്കുകളും വെട്ടിത്തിരുത്തിയൊരു പേജ്.തുടർന്നുള്ള പേജിലും ഇത് തന്നെ സ്ഥിതി.അടങ്ങിത്തുടങ്ങിയ അരിശം വീണ്ടും തലപൊക്കി.

“ശ്രീക്കുട്ടി ഇതെന്താ കാണിച്ചു വെച്ചേക്കുന്നേ?”

തുറന്നു കാണിച്ച പേജിലേക്ക് നോക്കി അവളൊന്നും മിണ്ടാതെ ഇരുന്നു.

“ശ്രീക്കുട്ടീ , ഇതെന്താന്ന്?”

“അത്…”

“അത്?”

“എഴുതുമ്പോൾ എനിക്ക് ചിന്തകൾ വരുന്നു അമ്മേ…”

ചിന്തകളോ?

കേട്ടപ്പോൾ ചിരിയാണ് വന്നത്.ഇത്തിരിയുള്ള ഈ മടിച്ചിക്കോത ചിന്തിക്കാനും തുടങ്ങിയോ?

“അതെന്തു ചിന്തകളാണ് നോട്ട്ബുക്കിൽ ഈ വെട്ടാനും തിരുത്താനും പറയുന്ന ചിന്തകൾ?”

ചിരിയോടെ ഇത് ചോദിക്കുമ്പോഴും അവൾ ഒരു കുറ്റവാളിയെപ്പോലെ മുഖം താഴ്ത്തിത്തന്നെ ഇരുന്നു.
അവളുടെ കുഞ്ഞുകവിളിൽ വാത്സല്യത്തോടെ തട്ടി എന്താ കുഞ്ഞിക്ക് പ്രശ്നം എന്ന് ചോദിച്ചപ്പൊഴേക്കും പൊട്ടിക്കരഞ്ഞുകൊണ്ട് അവളെന്നെ ഇറുകെപ്പുണർന്നു.

“എനിക്കറിയില്ല അമ്മേ…ചീത്ത ചിന്തകൾ വരുന്നു .അതിങ്ങനെ അറിയാണ്ട് വരുന്ന ചിന്തകളാ…അക്ഷരങ്ങൾ എഴുതുമ്പൊ ആളുകൾ ഡ്രസ്സിടാതെ വന്നു നിൽക്കുന്ന പോലെ തോന്നുന്നു. ബുക്ക് വായിക്കുമ്പോഴും അങ്ങനെ തോന്നും..’

എന്റെ മുഖത്തെ ചിരിമാഞ്ഞതൊന്നും അറിയാതെ അവൾ സങ്കടങ്ങൾ തുടരുകയാണ്…

“ആ ചിന്തകള് വരുമ്പഴാ പുസ്തകത്തില് എഴുതിയത് വെട്ടിക്കളയണേ… അങ്ങനെയൊക്കെ വിചാരിച്ചാൽ കുഴപ്പമുണ്ടോ അമ്മേ,അങ്ങനെ വിചാരിക്കാൻ പാടുണ്ടോ അമ്മേ…”

കരച്ചില് കേട്ട് മുറിയിലേക്ക് വന്ന അമ്മ അവൾ പറയുന്നത് കേട്ട് അന്ധാളിച്ചു നിന്നു.

അവളെ ദേഹത്തോട് ചേർത്ത് പിടിച്ച് തലോടുമ്പോൾ അസ്വസ്ഥത പടർത്തുന്ന ഒരു വിറയൽ ദേഹത്ത് പടരുന്നത് അവളറിഞ്ഞു.

ശ്രീക്കുട്ടി ഉറങ്ങിക്കഴിഞ്ഞ് അവളുടെ പുസ്തകങ്ങൾ ഓരോന്നായെടുത്ത് പരിശോധിച്ചു.വെട്ടിത്തിരുത്തലുകളിലൂടെ തുടങ്ങി അവസാനിക്കുന്ന പുതിയ രണ്ടുമൂന്ന് പേജുകൾ , ഒട്ടുമിക്ക പുസ്തകത്തിലും !

എന്തായിരിക്കാം ശ്രീക്കുട്ടി ഇങ്ങനെയൊക്കെ ചിന്തിക്കാൻ കാരണം?
സ്കൂൾ ബസ്സിലോ , സ്കൂളിലോ ശ്രീക്കുട്ടിയോട് ആരെങ്കിലും മോശമായിപ്പെരുമാറിയോ? ഒറ്റക്കാവുന്ന ഇടങ്ങൾ ഇതു മാത്രമാണ്. ആലോചനകൾ ഒരു കരച്ചിലിന്റെ വക്കത്തെത്തിച്ചുവെന്ന് അവളറിഞ്ഞത് കവിളിലൂടെ ചൂടുള്ള കണ്ണീരൊഴുകിയപ്പോഴാണ്.

“കരഞ്ഞിട്ടെന്താ കാര്യം , മോള് സ്കൂളിലെ ടീച്ചറോടൊന്ന് പോയി ചോദിക്ക് , അവിടെ എന്തേലും ഉണ്ടായോന്ന്.”

ആധിയുടെ ആഴി ഉള്ളിലൊളിപ്പിച്ചാണ് അമ്മയതു പറഞ്ഞതെന്ന് അവൾക്കറിയാമായിരുന്നു.

“അച്ഛനില്ലാത്ത കുട്ടിയല്ലേ , ആ ഒരു ധൈര്യത്തില് ആരേലും ഉപദ്രവിച്ചോ ആവോ എന്റെ കുട്ടിയെ…”എന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ കവിളിലൊരുമ്മ കൊടുത്ത് തിരികെ സ്വന്തം മുറിയിലേക്ക് പോയ ആ പാവം ഇന്നിനി ഉറങ്ങാൻ വഴിയില്ല.
ആകെയുണ്ടായിരുന്ന മകന്റെ ആകെയുള്ള സമ്പാദ്യമാണ് ശ്രീക്കുട്ടി.

രാത്രി ശ്രീക്കുട്ടിയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ സുഖകരമല്ലാത്ത ചില ഓർമ്മകളിൽ മനസ്സു പിടഞ്ഞു. കണ്ണുകൾ ഇറുകെയടച്ചുകൊണ്ട് മനസ്സിൽനിന്ന് അവ മായ്ച്ചുകളയാൻ വൃഥാ ഒരു ശ്രമം നടത്തി , അക്ഷരങ്ങൾ മായ്ച്ചുകളഞ്ഞ് ചിന്തകളെ ഒഴിവാക്കാൻ ശ്രീക്കുട്ടി ശ്രമിക്കുന്നതു പോലെ.പക്ഷേ ഓരോന്നോരോന്നായി തെളിഞ്ഞുകോണ്ടേയിരുന്നു.

തൂക്കുപാത്രത്തിൽ പാലും വാങ്ങി വീട്ടിലേക്ക് നടക്കാനൊരുങ്ങുമ്പോൾ ആ വീട്ടിലെ മാമൻ സൈക്കിളിൽ കേറിക്കോ വീട്ടിലിറക്കിത്തരാമെന്ന് പറഞ്ഞ് സൈക്കിൾ തണ്ടിലിരുത്തി കൊണ്ടുപോയി ഇടവഴിയിൽ ആരുമില്ലാത്തൊരിടത്ത് വച്ച് സൈക്കിൾ നിർത്തി ഇങ്ങനെയിരിക്കുമ്പോ മോൾക്ക് ചന്തി വേദനിക്കുന്നുണ്ടോ എന്ന് ചോദിച്ച് തന്റെ കാലുകൾക്കിടയിലൂടെ തപ്പിനോക്കി വേദനിപ്പിച്ചത്…

അളവുകുപ്പായം കൊടുത്തിട്ടും മോളിപ്പോ ഒന്നുകൂടി വല്യകുട്ടിയായി ,പുതിയ അളവെടുക്കട്ടെ എന്ന് പറഞ്ഞ് കടയിലെ കർട്ടനിട്ട ഇടത്തേക്ക് മാറ്റിനിർത്തി നെഞ്ചിലെ അളവുമാത്രം ടേപ്പ് വെച്ച് വിലങ്ങനേം നീളനേം എടുത്ത് അവസാനം കൈകൊണ്ടമർത്തി വേദനിപ്പിച്ച് കണ്ണെവിടെ ,കാണുന്നില്ലല്ലോ എന്ന് പരിചിതമല്ലാത്തൊരു ഭാവത്തോടെ പറഞ്ഞ തയ്യൽമാമൻ…

പനി വന്ന് ഡോക്ടറെ കാണാൻ പോയപ്പോൾ പരിശോധക്കട്ടെ എന്ന് പറഞ്ഞ് ദേഹത്തിൽ സ്റ്റെതസ്ക്കോപ്പ് വെച്ചുനോക്കുന്നതിനൊപ്പം യാതൊരു ഭാവമാറ്റവുമില്ലാതെ വിരലുകൾ കൊണ്ട് അമർത്തി വേദനിപ്പിച്ച ഡോക്ടർ…

ആ വേദനകളൊരിക്കൽക്കൂടി അവൾക്കനുഭവപ്പെട്ടു.തിരിഞ്ഞും മറിഞ്ഞും കിടന്ന് സ്വസ്ഥതയില്ലാത്ത ആ നിമിഷങ്ങളോട് അവൾ മല്ലിട്ടു.

പിറ്റേന്ന് ലീവെടുത്ത് ശ്രീക്കുട്ടിയുടെ സ്കൂളിൽ ചെന്നു.ക്ലാസ്സ് ടീച്ചർക്ക് അത്ഭുതമായിരുന്നു പറഞ്ഞതൊക്കെ കേട്ടിട്ട്.

“ഈയിടെയായി ക്ലാസ്സിൽ ഒരു അശ്രദ്ധയുണ്ട് ശ്രീക്കുട്ടിക്ക്.ഇവിടെയൊന്നും അല്ലാത്ത പോലൊരു ഇരിപ്പാണ്. ഇങ്ങനെ ഒരു പ്രശ്നം ഉള്ളതാവാം. ഉള്ളു വിഷമിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടാവാം. ശ്രീക്കുട്ടിയുടെ അമ്മ ഒരു കാര്യം ചെയ്യൂ , ടൗണില് നല്ലൊരു ഡോക്ടറുണ്ട്.എന്റെ കൂട്ടുകാരിയുടെ ബ്രദറാണ്. ഒന്ന് പോയി കാണൂ”

ഡോക്ടർ ജോയ് തോമസിന്റെ വീടിന്റെ മുറ്റത്തുള്ള ഈ കാത്തിരിപ്പ് ആ ഒരു നിർദേശത്തിൽ നിന്നുണ്ടായതാണ്.
ശ്രീക്കുട്ടിയുടെ മുന്നിൽ വെച്ച് തന്റെ ആവലാതികൾ പറയണ്ട എന്ന് കരുതി
തന്നെയാണ് അവളെ കൂടെക്കൂട്ടാഞ്ഞത്.

രണ്ടുമൂന്നാളുകൾ മാത്രമവശേഷിച്ചപ്പോൾ പതിയെ ബെഞ്ചിൽ നിന്നെഴുന്നേറ്റ് വിസിറ്റേഴ്സ് റൂമിലെ ചെയറുകളൊന്നിൽ പോയിരുന്നു.അവസാനത്തെ ആളിറങ്ങിയപ്പോൾ അയാൾക്കൊരു തെളിച്ചമില്ലാത്ത ചിരി സമ്മാനിച്ച് അവൾ അകത്തേക്ക് കയറി.

ഒന്നുകിൽ കരയുക , അല്ലെങ്കിൽ പറയുക എന്ന ഡോക്ടറുടെ മയമില്ലാത്ത വാക്കുകൾ അവളെ തെല്ലൊന്നുലച്ചു.സമയത്തിന് വിലയുള്ള ആളുടെ മുമ്പിലാണ് ഇരിക്കുന്നതെന്ന തിരിച്ചറിവിൽ സങ്കടമൊരിക്കലും വാക്കുകളെ വിഴുങ്ങില്ലെന്ന തനിക്കുതന്നെ സ്വയം കൊടുത്ത ഉറപ്പിൽ അവൾ തുടർന്നു.
ശ്രീക്കുട്ടിയുടെ ചിന്തകളും പെരുമാറ്റങ്ങളും ഡോക്ടറുടെ മറുപടി കാത്തു നിന്നു.

കുറച്ച് നേരത്തെ മൗനത്തിനു ശേഷം ഡോക്ടർ അവളെ നോക്കി ചിരിച്ചു.

“ഇത് നിങ്ങൾ വിചാരിക്കും പോലെ ഒരു ഇൻസിഡന്റ് കൊണ്ട് ഉണ്ടായ വിചാരങ്ങളല്ല. ഇത് മാനസികമായ ഒരു അവസ്ഥയാണ്. പെരുമാറ്റത്തിലുള്ള ഒരു ഡിസോർഡർ…
ഞങ്ങളതിനെ OCD എന്ന് പറയും. ഒബ്സസ്സീവ് കംപൽസീവ് ഡിസോർഡർ. ജെനറ്റിക് അല്ലെങ്കിൽ പാരമ്പര്യമായിട്ടുള്ള ചില ഫാക്ടേഴ്സ് കൊണ്ടുണ്ടാവുന്നതാണ് ഇത്.ബ്രെയിനിലെ ചില സെല്ലുകളുടെ പ്രവർത്തനക്ഷമത കുറയുന്നതാണ് ഇതിന്റെ റീസൺ.ബ്രെയിനിന്റെ ഘടനാപരമായിട്ടോ കെമിക്കലായിട്ടോ ഉള്ള അബ്നോർമാലിറ്റീസും കാരണമാണ്.
നമുക്ക് ചികിത്സിക്കാം , പക്ഷേ പൂർണ്ണമായും അത് ഭേദമാവണമെന്നില്ല. നല്ല കൗൺസിലിങ്ങിലൂടെ , സ്നേഹത്തോടെ , ക്ഷമയോടെ അവരോടിടപഴകി , കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ നമുക്കവരുടെ ശീലങ്ങൾ ഒരു പരിധിവരെ മാറ്റിയെടുക്കാം…”

ഡോക്ടർ തുടർന്നു കൊണ്ടേയിരുന്നു , പല തരത്തിലുള്ള ഡിസോഡറുകൾ , അതിന്റെ കാരണങ്ങൾ , അങ്ങനെയങ്ങനെ. ആശ്വാസത്തിന്റെ കൊടുമുടിയിൽ ഇരുന്നുകൊണ്ടാണ് അവളതൊക്കെ മൂളിക്കേട്ടത്.ഡോക്ടറോട് നന്ദി പറഞ്ഞിറങ്ങുമ്പോൾ പുറത്ത് വെയിൽ മങ്ങിത്തുടങ്ങിയിരുന്നു.

എത്രയെത്ര വെറുക്കപ്പെട്ട ചിന്തകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങൾ മനസ്സിലേക്ക് കുടഞ്ഞിട്ടത്. അതൊക്കെ ഓരോന്നോരോന്നായി അവൾ മനസ്സിൽ നിന്ന് പെറുക്കിക്കളഞ്ഞു. ശ്രീക്കുട്ടിക്ക് മരുന്നിനൊപ്പം കൊടുക്കേണ്ട സ്നേഹ വാത്സല്യങ്ങൾക്കുമപ്പുറം ചിലത് കൂടി നൽകണമെന്ന് അവൾ തീരുമാനിച്ചു . ഡോക്ടറുടെ നിർദേശങ്ങളിൽ പെടാത്ത ചിലത്. സ്നേഹം പറഞ്ഞ് വേദനിപ്പിക്കാൻ വരുന്നവരുടെ കൈകൾ തട്ടിമാറ്റാനുള്ള ധൈര്യം പകരണം.ചോദിക്കാൻ അച്ഛനില്ലാത്ത കുട്ടിയെന്നുള്ള ധൈര്യങ്ങൾക്ക് മുന്പിൽ പതറാതെ പൊരുതാനുള്ള തന്റേടം വളർത്തണം.

വേദനകളിൽ പകച്ചു നിന്ന
സങ്കടങ്ങൾ ആരോടും മിണ്ടാൻ നിക്കണ്ടാ , നാണക്കേടാണ് എന്നുപദേശിച്ച് മായ്ച്ചുകളയാൻ സഹായിക്കുന്ന അമ്മയാവാതെ , വേദനിപ്പിക്കുന്നവനെ ചോദ്യമുനകൾ കൊണ്ട് വെട്ടിമാറ്റാൻ പ്രാപ്തയാക്കുന്നൊരമ്മയാവണം എന്ന ഉറച്ച തീരുമാനത്തോടെ അവൾ വീട്ടിനകത്തേക്ക് കയറി.