പാലക്കാട്: വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ പോലീസ് നല്‍കിയ അപ്പീലില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ. കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പോലീസ് അന്വേഷണത്തിലെ വീഴ്ച കാരണമാണ് പ്രതികളെ വെറുതെവിട്ടത്. ഇപ്പോള്‍ അന്വേഷിക്കുന്ന പോലീസ് തന്നെയാണ് ഇനിയും അപ്പീലിന് പോകുന്നതെങ്കില്‍ അതില്‍ വിശ്വാസമില്ല. പ്രതികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പുനല്‍കുന്നവരോടൊപ്പം നില്‍ക്കുമെന്നും സംഭവത്തില്‍ പുനരന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.
അതേസമയം, വാളയാര്‍ കേസില്‍ അപ്പീല്‍ പോകുന്നതിനെക്കാള്‍ നല്ലത് പുനരന്വേഷണമാണെന്ന ആവശ്യം ശക്തമായി. പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനമായെന്ന് ഡി.ഐ.ജി. അറിയിച്ചതിന് പിന്നാലെയാണ് പുനരന്വേഷണമെന്ന ആവശ്യമുയരുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ എം.എല്‍.എ, സി.പി.ഐ. നേതാവ് ആനി രാജ തുടങ്ങിയവര്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്
 
            


























 
				
















