അയോദ്ധ്യയിൽ രാമക്ഷേത്രം നിര്‍മ്മിച്ച് കാണണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

അയോദ്ധ്യ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിര്‍മ്മിച്ച് കാണണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) അംഗങ്ങളായ മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദയും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തുമാണ് നവംബറിൽ കേസിൻെറ വിധിവരാനിരിക്കെ പ്രസ്തുത പ്രസ്താവന നടത്തിയത്. അയോദ്ധ്യയിൽ രാമക്ഷേത്രം കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും സുപ്രീംകോടതി വിധി പരമോന്നതമാണെന്നും അത് എല്ലാവരും അംഗീകരിക്കണമെന്നും ഇരുവരും പറഞ്ഞു. വരാനിരിക്കുന്ന അയോദ്ധ്യ വിധി, എൻ‌ആർ‌സി, പൗരത്വ ഭേദഗതി ബിൽ തുടങ്ങിയ തന്ത്രപ്രധാനമായ രാഷ്ട്രീയ വിഷയങ്ങളോട് പാർട്ടിയുടെ പ്രതികരണം സംബന്ധിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി രൂപീകരിച്ച ഉന്നതതല സമിതിയുടെ യോ​ഗത്തിനിടെയാണ് ഇരുവരുടേയും പ്രതികരണം.

” ഒരു ഹിന്ദു എന്ന നിലയിൽ എനിക്ക് അവിടെ ഒരു ക്ഷേത്രം വേണം. എന്നാൽ രാജ്യത്ത് ഒരു നിയമവുമുണ്ട്. വിധി എന്തു തന്നെയായാലും എല്ലാവരും അംഗീകരിക്കണം. വിധി എത്രയും വേഗം പുറത്തുവന്ന് ഇതിനെക്കുറിച്ചുള്ള എല്ലാ ചർച്ചകളും അവസാനിപ്പിക്കണം. മുന്നോട്ട് പോകേണ്ട സമയമാണിത്, എല്ലാ സമുദായങ്ങളും ഐക്യത്തോടെ ജീവിക്കണം” -പ്രസാദ സൺഡേ എക്സ്പ്രസിനോട് പറഞ്ഞു. ഇതേ നിലപാടു തന്നെയാണ് ഹരീഷ് റാവത്തും അവർത്തിച്ചത്. “നിങ്ങള്‍ ആരോടുവേണമെങ്കിലും ചോദിക്കൂ..അയോദ്ധ്യയില്‍ ഒരു രാമക്ഷേത്രം പണിയണമെന്ന് ഓരോ ഇന്ത്യക്കാരനും പറയും. നിങ്ങള്‍ ആരോടൊക്കെ ചോദിച്ചാലും, ഞങ്ങളുടെ മുസ്ലീം സഹോദരങ്ങളോട് ചോദിക്കുകയാണെങ്കിലും, അയോദ്ധ്യയിലല്ലെങ്കില്‍ മറ്റെവിടെയാണ് ഒരു രാമക്ഷേത്രം പണിയുകയെന്ന് അവരും പറയും”. – വ്യക്തിപരമായ നിലപാട് ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് ഹരീഷ് പ്രതികരിച്ചു. “കോടതി വിധിയിൽ ഒരു രാഷ്ട്രീയവും പാടില്ല, സുപ്രീംകോടതി വിധിക്കൊപ്പം നിൽക്കുകയും അത് സമാധാനപരമായി നടപ്പാക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെ”ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ചയാണ് കോൺ​ഗ്രസിൻെറ ഉന്നതതല യോ​ഗം ചേർന്നത്. കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും വിധിക്കനുസരിച്ചാവണം വിഷയത്തില്‍ പാര്‍ട്ടിയുടെ പ്രസ്താവന നടത്തേണ്ടതെന്നുമാണ് മറ്റ് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത്. അയോദ്ധ്യ പ്രശ്‌നം വൈകാരികവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണെന്ന് സംശയമില്ലെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞു. അതുകൊണ്ടു തന്നെ ചർച്ചകളിലൂടെ തീരുമാനത്തിൽ എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.