പാലക്കാട് : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും.
രാവിലെ ഒമ്പത് മണി മുതൽ ആറ് മണി വരെയാണ് ഉപവാസം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും. നാളെ പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുല്ലപ്പള്ളി, പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ടിരുന്നു. പെൺകുട്ടികളുടെ വീട്ടിൽ കെ സി വേണുഗോപാൽ സന്ദർശനം നടത്തിയേക്കും. അതേസമയം, കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ സമരവും ശക്തമാവുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഇന്നലെ മുതൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.
പുനരന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് ബിജെപിയുടെയും തീരുമാനം.
 
            


























 
				
















