മാത്യുവിന്റെ മരണം : ജോളിയെ വീണ്ടും അറസ്റ്റ് ചെയ്യും

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തിങ്കളാഴ്ച വീണ്ടും അറസ്റ്റ് ചെയ്യും. ജോളിയുടെ ഭര്‍തൃമാതാവ്‌ അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയിലിനെ വധിച്ച കേസിലാണ് അറസ്‌റ്റ്‌. ഈ കേസില്‍ ജോളിയെ അറസ്‌റ്റ്‌ ചെയ്യാന്‍ താമരശേരി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി(ഒന്ന്‌) അനുമതിനല്‍കിയിരുന്നു.

കോടതി അനുവദിക്കുകയാണെങ്കില്‍ ഇന്ന് തന്നെ ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പൊലീസ്. വിശദമായ ചോദ്യം ചെയ്യലിന് പുറമേ കൂടത്തായിയില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

ജോളിയുടെ കൈയക്ഷരവും ഒപ്പും താമരശേരി കോടതി ഇന്ന് രേഖപ്പെടുത്തും. വ്യാജ ഒസ്യത്ത് ഉള്‍പ്പടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.