ശകുനം (എം.ബഷീർ )

ഫാസിസത്തെക്കുറിച്ച്
കവിതയെഴുതുമ്പോഴാണ്
ഭാര്യ ചായയുമായി വന്നത്
അവൾ കാണാതിരിക്കാൻ
അടച്ചുവെച്ചു

ചുമ്മാ ഓരോ അഭിപ്രായം പറയുമെന്നേ

സോഷ്യലിസത്തിന്റെ
ചരിത്രമെഴുതുമ്പോൾ
അങ്ങേലെ പൂച്ചയതാ
വാതിൽപ്പഴുതിലൂടെ
അകത്തേക്ക് കയറുന്നു

പേന താഴെവെച്ച്‌
ഒറ്റയേറിന്
അതിനെകണ്ടം വഴി ഓടിച്ചു

അഭയാർത്ഥികളെക്കുറിച്ചുള്ള
ലേഖനം എഴുതിത്തുടങ്ങുമ്പോൾ
നിലത്തൂടെ ഉറുമ്പുകളുടെ
ദീർഘയാത്ര

ചെരിപ്പിട്ട കാലുകൊണ്ട്
ചവുട്ടിയരച്ച്‌ എഴുത്ത് തുടർന്നു

പുരോഗമനപക്ഷത്തിന്റെ
പ്രസക്തിയെക്കുറിച്ചുള്ള
വരി തുടങ്ങിയതേയുള്ളു
മേൽക്കൂരയിൽ നിന്നൊരു
പല്ലി ചിലച്ചു

ഇന്നിനി എഴുതിയാൽ ശരിയാവില്ല
ശകുനം നന്നല്ല…