പി.എസ്. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

ഐസോള്‍: മിസോറാം ഗവര്‍ണറായി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30ന് ഐസോളിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

മിസോറാമിന്റെ പതിനഞ്ചാമത് ഗവര്‍ണറായാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടിയായ പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചടങ്ങില്‍ മിസോറാം മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്തു.ദൈവനാമത്തിലായിരുന്നു ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തത്. പിള്ളയുടെ കുടുംബാംഗങ്ങളും ബി.ജെ.പി നേതാവ് എംടി രമേശ് അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.

ബി.ജെ.പി ദേശീയ സെക്രട്ടറി സത്യകുമാര്‍,ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന മുന്‍ സെക്രട്ടറി രാധാകൃഷ്ണ മേനോന്‍, കേരളത്തില്‍ നിന്ന് നാലു ക്രിസ്ത്യന്‍ സഭ ബിഷപ്പുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഒക്ടോബര് 25നാണ് പി.എസ്. ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്.

കേരളത്തില്‍നിന്ന് മിസോറാം ഗവര്‍ണറാകുന്ന മൂന്നാമത്തെയാളാണ് ശ്രീധരന്‍പിള്ള. വക്കം പുരുഷോത്തമന്‍, കുമ്മനം രാജശേഖരന്‍ എന്നിവരായിരുന്നു മറ്റു രണ്ടുപേര്‍.