ശബരിമലയിലെ ഹര്‍ജികള്‍ ഏഴംഗ ബഞ്ചിന് ; മുസ്‌ലിം സ്ത്രീയുടെ പള്ളി പ്രവേശവും പരിശോധിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഏഴംഗ ബഞ്ചിന് വിട്ടു. ശബരിമല ക്ഷേത്രത്തില്‍ മാത്രമല്ല സ്ത്രീ പ്രവേശം പ്രശ്‌നമായുള്ളത് എന്നും മുസ്‌ലിം പള്ളികളിലേക്കുള്ള പ്രവേശനം കൂടി പരിഗണിക്കേണ്ടതുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. ഏഴംഗ ബഞ്ചിന് വിട്ട നടപടിയെ അഞ്ചംഗ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും വിയോജിച്ചു. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശവും ശബരിമലയും ബന്ധപ്പെടുത്തരുതെന്ന് ഇരുവരും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് വിധി വായിച്ചത്. ഒരു മതത്തിലെ ആണിനും പെണ്ണിനും ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള തുല്യ അവകാശമാണ് ഉള്ളത്. മത ആചാരങ്ങള്‍ പൊതുനിയമങ്ങള്‍ക്കോ ധാര്‍മകതയ്‌ക്കോ എതിരാകരുത്. മുസ്‌ലിം സ്ത്രീകളുടെയും ദാവൂദി ബോറകളുടെയും പള്ളി പ്രവേശനവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്- കോടതി വ്യക്തമാക്കി. പ്രായവ്യത്യാസമില്ലാതെ യുവതീ പ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ അമ്പത്തഞ്ചിലേറെ ഹര്‍ജികളിലാണ് കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.